Tuesday, July 15, 2008

ഒരു സോഫ്റ്റ്‌വെയര്‍ മറവി

എന്നും എന്റെ ഒരു ദിവസം തുടങ്ങുന്നത് ഒരു അലാറത്തിന്റെ അകമ്പടിയോടെ ആണ്.പണ്ടും അത് അങ്ങനെ തന്നെ.എഴുതേണ്ട അസ്സൈന്മെന്റ് ,കോപ്പിയടിക്കേണ്ട ലാബ് റെക്കോര്‍ഡ് ഒക്കെ എന്നെ നോക്കി പല്ലിളിക്കുംപ്പോള്‍, 'എല്ലാം രാവിലെ...' എന്നൊരു ആത്മഗതതോടെ അലാറം വെച്ചു ഞാന്‍ കട്ടിലിലേക്ക് ചരിയും.

രാവിലെ അലാറം കേള്‍ക്കുംപ്പോള്‍ ചാടി എഴുന്നേല്‍ക്കും.അതേ വേഗത്തില്‍ ടൈം പീസിന്റെ പള്ളയ്ക്കു ഒന്നു കൊടുത്തിട്ട് വീണ്ടും കട്ടിലിലേക്ക്.പിന്നെയാണ് മനസ്സു കയറി അങ്ങ് തലയെ ഭരിക്കുന്നത്‌.അസ്സൈന്മെന്റ് എഴുത്ത് , റെക്കോര്‍ഡ് കോപ്പിയടി എല്ലാം സ്വപ്നത്തില്‍ ഞാന്‍ ഒപ്പിച്ചെടുക്കും.പിന്നെ ശാന്തമായി ഉറങ്ങാം.ഒന്നും ബാക്കി വെച്ചില്ല എന്നൊരു സമാധാനം മനസിന്‌.

രാവിലെ കൊകക്രി കാണിച്ചു , അസ്സൈന്മെന്റ് എഴുത്ത് കാത്തിരിക്കുന്ന ഒഴിഞ്ഞ വെള്ള കടലാസ്സും,ലാബ്‌ റെക്കോര്‍ഡ് ഉം ...ശേഷം ചിന്ത്യം .

ഇതൊരു സ്ഥിരം കലാപരിപാടി ആയപ്പോള്‍ 'പോക്കത്ര ശരിയല്ലലോ കുഞ്ഞേ..' എന്നൊരു അപ്പുപ്പനായി ടൈം പീസ്. ഓ.കെ.വഴിയുണ്ട്.അലാറം അടിച്ചാല്‍ കേള്‍ക്കണം ,പക്ഷെ ഓഫ് ചെയ്യാന്‍ പാടില്ല.

ഞാന്‍ എന്റെ ബുദ്ധി എടുത്തങ്ങു പ്രയോഗിച്ചു.നിരനിരയായി ഇട്ടിരിക്കുന്ന മുന്ന് മേശകള്‍ക്കു അപ്പുറമാണ് എന്റെ കട്ടില്‍.മുന്നാമത്തെ മേശപുറതെക്ക് മാറ്റി ടൈം പീസിന്റെ സ്ഥാനം.അലാറം കേള്‍ക്കാന്‍ പറ്റും പക്ഷെ ഓഫ് ചെയ്യണമെങ്കില്‍ എഴുനേറ്റു നടന്നു പോയാലെ പറ്റു.

'മിടുക്കി' ഞാന്‍ എന്നെ അഭിനന്ദിച്ചു.

ബ്രഹ്മ മുഹൂര്‍ത്തതില്‍ തന്നെ ടൈം പീസ് അതിന്റെ പണി ചെയ്തു.എപ്പോഴത്തെയും ഓര്‍മ്മയില്‍ ഞാന്‍ ടൈം പീസ് മേശപ്പുറത്തു തപ്പി നോക്കി.

'ഓ, ഓര്‍മ്മയുണ്ട്.മുന്നാമത്തെ മേശപ്പുറത്തു.' ഞാന്‍ എഴുന്നേറ്റു.

ഒരു കോലാഹലം കെട്ട് ഞെട്ടി ഉണര്‍ന്നു ലൈറ്റ് ഇട്ട സഹമുറിയത്തിമാര്‍ കണ്ടത് മേശപ്പുറത്തു നില്ക്കുന്ന എന്നെ.ടൈം പീസിനടുത്തു എത്തി.പക്ഷെ പോയ റൂട്ട് തെറ്റി.നിലത്തു കു‌ടി പോകുന്നതിനു പകരം മേശപ്പുറത്തു കുടി ആയിപോയി യാത്ര.ഏതായാലും ഇത്രയൊക്കെ ആയപോഴേക്കും ബോധം വീണു.കാലം കുറേയങ്ങു പോയെങ്കിലും ഇപ്പോഴും ഒരു അലാറം എന്റെ ജീവിതവുമായി കുടികുഴഞ്ഞു കിടക്കുന്നു. ഇന്നലെയും ആ ണിം...കേട്ടു തന്നെയാണ് ഞാന്‍ ഉണര്‍ന്നത്.ചാടി എഴുന്നേറ്റതേ ഓര്‍മയുള്ളൂ,പിന്നെ പതിവു സര്‍ക്കസ് തുടങ്ങി.അടുക്കളയിലും വരാന്തയിലും പുറത്തും എന്ന് വേണ്ട വീടിന്റെ എല്ലാ മുക്കിലും മൂലയിലും നിറഞ്ഞു കവിഞ്ഞു ഞാന്‍ ഒഴുകി .

എല്ലാം കഴിഞ്ഞു മുഖത്ത് മൊത്തം കോണ്ഫിടന്സും (?) സന്തോഷവും ഒക്കെ ഫിറ്റ് ചെയ്തു ഓഫീസില്‍ എത്തേണ്ട ആവശ്യകത ,പ്രതേകിച്ചും ഇക്കാലത്ത് , ഞാന്‍ പറയണ്ടല്ലോ.ഇന്നലെ ഓഫീസില്‍ എത്തിയ എന്നെ വരവേറ്റത് ഒരു ആള്‍ക്കുട്ടം. ഡയരക്ടര്‍ മുതല്‍ ഇങ്ങോട്ട് എല്ലാ തലകളും പുറത്തു തന്നെ ഉണ്ട്.

അറിയാതെ എന്റെ കണ്ണ് വാച്ചിലേക്ക്. കൃത്യം അഞ്ചു മിനിട്ട് ലേറ്റ്.

'ഇത്രയും നേരം മന്ത്രി അശ്വതിയെ കാത്തിരിക്കുക ആയിരുന്നു.ഇപ്പൊ പോയതേ ഉള്ളു.'ഡായരക്ടരുടെ വക.പിന്നില്‍ ഭുത ഗണങ്ങളുടെ കുട്ടചിരി. പണ്ടൊക്കെ ടി.വി.യില്‍ കാണിക്കുന്ന കോമഡി സീരിയലുകളില്‍ തമാശയ്ക്ക് ഒപ്പം പ്ലേ ചെയ്യുന്ന റെക്കോര്‍ഡ് ചെയ്തു വെച്ചിരിക്കുന്ന ചിരിയുടെ സൌണ്ട് ട്രാക്ക് ഓര്‍മ്മ വന്നു.

മന്ത്രിയുടെ സര്‍പ്രൈസ് വിസിറ്റ് പ്രമാണിച്ച് പുറതെതിയതാണ് എല്ലാവരും എന്ന് എനിക്ക് പിന്നീടാണ് മനസിലായത്.ഓഫീസിനകത്ത് മറ്റൊരു ചെറിയ ആള്‍ക്കുട്ടം. ഓ, ഇന്റര്‍വ്യൂ വിനു വന്നതാണ്.പാവങ്ങള്‍. കാണാന്‍ പോകുന്ന പൂരം പറഞ്ഞരിയിക്കണ്ട.

'Excuse me...' പിന്നില്‍ നിന്നൊരു ശബ്ദം.

ഒരു സുന്ദരന്‍, സുകുമാരന്‍ പിന്നില്‍ .

'... സാറിന്റെ മോള്‍ അല്ലെ?' ഇതു ഒരു സ്ഥിരം ചോദ്യം ആണ്. അധ്യാപരുടെ മക്കള്‍ ഏത് നിമിഷവും പ്രതീക്ഷിച്ചിരിക്കേണ്ട ചോദ്യം.സാദാ ജാഗ്രതെ...

'ഞാന്‍ സുരേഷ്.സാറിന്റെ സ്റ്റുഡന്റ് ആണ് '

'ഇവിടെ?'

'വൈഫിനു ഇന്റര്‍വ്യൂ.ഇതാണ് വൈഫ്‌ സരിത. കുറെ കാലമായോ ഇവിടെ?'

'കുറച്ചു നാളായി.വൈഫ്‌?'

'നേരത്തെ ജോലി ചെയ്തിരുന്നു.ഞാന്‍ ഇങ്ങോട്ട് ട്രാന്‍സ്ഫര്‍ ആയപ്പോള്‍ അത് വിട്ടു.'

അടുത്ത് നിന്ന നീല ചുരിദാര്‍ ക്കാരി ചിരിച്ചു. ഇന്റര്‍വ്യൂ വിന്റെ യാതൊരു പരിഭ്രവും മുഖത്തില്ല.

'ഞാന്‍ എത്ര കണ്ടതാ' എന്നൊരു ഭാവം. അത് പിന്നെ ,ആ കുട്ടിക്കെന്നല്ല അവിടെ നിന്ന ആര്ക്കും പരിഭ്രമം ഒന്നും ഉണ്ട് എന്ന് തോന്നിയില്ല.'അശ്വതിയുടെ relative ആണോ?' ആ വഴി വന്ന കൊലിഗു പയ്യന്‍ മനോജ്.

'അല്ല, എന്റെ അച്ഛന്റെ സ്റ്റുഡന്റ് ആണ് .വൈഫ്‌ നു ഇന്റര്‍വ്യൂ.' ഞാന്‍ സരിതയെ നോക്കി പറഞ്ഞു.

അപ്പോള്‍ മനോജിന്റെ ഒരു മട്ടും ഭാവവും കണ്ടു ഞാന്‍ ഞെട്ടി പോയി.സരിതയെ നോക്കി അന്തം വിട്ടു നില്‍ക്കുക യാണ് കക്ഷി.

'ദൈവമേ ഇവന്റെ വല്ല പഴയ ലൈനും ആണോ?'

'എന്താ കാര്യം?' ഞാന്‍ കണ്ണ് കൊണ്ടു എന്തോ ഒരു ഗോഷ്ടി കാണിച്ചു ചോദിച്ചു.
'ഞാന്‍ അവിടെയോ വെച്ചു കണ്ടിട്ടുണ്ട്.നല്ല പരിചയം തോന്നുന്നു.REC യിലാണോ പഠിച്ചത്?' സുരേഷിനെ തീരെ മൈന്‍ഡ് ചെയ്യാതെ മനോജിന്റെ ചോദ്യം സരിതയോട്.
'അല്ല ഞാന്‍ TKM ഇലാ പഠിച്ചത്.'
'പിന്നെ കോട്ടയത്ത്‌ വീട്?'
'ഓ, എന്റെ വീട് കൊല്ലത്ത് തന്നെയാ'

മനോജ് വിടാനുള്ള ഭാവം ഇല്ല.കണ്ടു പിടിച്ചേ അടങ്ങു.ഇവനാര് സി.ബി.ഐ ഓ?
'മുന്പ് വര്‍ക്ക് ചെയ്യ്തത് എവിടെയാ?'
'TCS ഇല്‍ '
'പക്ഷെ എനിക്കറിയാം, നല്ല പരിചയം ഉണ്ട്.എവിടെ വെച്ചാണെന്ന് മനസില്ലവുന്നില്ല.'
സുരേഷ് ഒന്നും മിണ്ടാതെ നില്‍ക്കുക ആയിരുന്നു.

'എന്റെ മനോജേ, എവിടെയെങ്കിലും വെച്ചാകട്ടെ.നീ ഒന്നു പോ.ഞാനും എന്റെ സീറ്റില്‍ ഒന്നു എത്തട്ടെ.' ഞാന്‍ മനസ്സില്‍ പറഞ്ഞു.


പണ്ടു ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്തു അച്ഛനും അമ്മയും ഞാനും കുടി ഒരു കടയില്‍ പോയി. അവിടെ വെച്ചു കണ്ട ഒരു സ്ത്രി യെ അമ്മയ്ക്ക് നല്ല പരിചയം.സാരി വാങ്ങാനുള്ള അമ്മയുടെ ഇന്റെരെസ്റ്റ് ഒക്കെ പോയി.
'ഞാന്‍ ഇവരെ കണ്ടിട്ടുണ്ട്' അമ്മ മുയലിന്റെ മുന്നാമത്തെ കൊമ്പില്‍ പിടിച്ചു.
'ഓ,വല്ല സ്റ്റുഡന്റ്സിന്റെയും അമ്മയായിരിക്കും.' അച്ഛന്‍ സമാധാനിപ്പിക്കാന്‍ നോക്കി.
'അല്ല,അല്ല, നമ്മുടെ വീട്ടില്‍ വന്നിട്ടുണ്ട്' എന്നായി അമ്മ.
അച്ഛന്‍ ക്ഷമ യുടെ നെല്ലി പടി കണ്ടു തുടങ്ങിയപ്പോള്‍ കടക്കാരന്‍ ഇടപെട്ടു.
' അത് ദൂരദര്‍ശനില്‍ വാര്ത്താ വായിക്കുന്നവരാ..' എന്നൊരു ആശ്വാസം ഉണ്ടാക്കി കടക്കാരന്‍ അമ്മയ്ക്ക്.വീട്ടില്‍ വന്നതിന്റെ ഗുടന്‍സ് അപ്പോഴല്ലേ മനസിലായത്.


മനോജ് വാശിയിലാണ്.സുരേഷിന്റെ വീട്,ബന്ടുജനങ്ങള്‍, ആ വഴിക്കായി അന്വേഷണം.സരിത ഏതോ IT മാഗസീന്‍ മറിക്കുന്നു .
'എന്നെ രക്ഷിക്കു..' എന്ന മട്ടില്‍ സുരേഷ്.
'കൊല്ലത്ത് ഞാന്‍ വന്നിട്ടുണ്ട്. പക്ഷെ അങ്ങനെ അല്ല. ഇനി ട്രെയിനില്‍ വെച്ചാണോ?'
സുരേഷ് 'ഭൂമി ഉരുണ്ടതല്ലേ 'മട്ടിലുള്ള ലോക തത്വങ്ങള്‍ വിളമ്പി തുടങ്ങി. സരിതയുക്ക് വലിയ മൈന്‍ഡ് ഇല്ല.
'എവിടെ വെച്ചായിരിക്കും? എന്നെ പരിചയം തോന്നുന്നുണ്ടോ?' മനോജ് വീണ്ടും .
'ങാ,ഉണ്ട്" സരിത നിസ്സംഗ ഭാവത്തില്‍ .
എന്നിട്ടാണോ ഇതു വരെ മൊഴിയാതെ ഇരുന്നത്. ഭയങ്കരി .ഞാനും സുരേഷും അത്ഭുതപെട്ടു . ചെറിയ ഒരു ദേഷ്യവും തോന്നി.
'കണ്ടോ ഞാന്‍ പറഞ്ഞില്ലേ? എനിക്ക് തെറ്റില്ല.' എന്നായി സോഫ്റ്റ്‌വെയര്‍ ജാട.
'എന്നെ പണ്ടു പെണ്ണ് കാണാന്‍ വന്നിട്ടുണ്ട്' ഇത്രയും പറഞ്ഞു സരിത ഭവഭേദമൊന്നും ഇല്ലാതെ മാഗസിനിലേക്കു നോക്കി.
'പൊടി പോലുമില്ല കണ്ടു പിടിക്കാന്‍ ' എന്ന് കേട്ടിട്ടില്ല? അത് തന്നെ ആയി പിന്നെ മനോജ്.സുരേഷ് ചിരി അടക്കാന്‍ പാടുപെട്ടു.

ആയിരത്തൊന്നു ചായയും അത്രയും തന്നെ ലഡ്ഡു വും കഴിച്ചു രസിച്ച ഇവനൊക്കെ എന്റെ സമയം കുടി മേനകെടുതാതെ ഈ ഒരു ചായ എങ്കിലും ഓര്‍ത്തു വെച്ചു കു‌ടായിരുന്നോ?