Saturday, February 28, 2009

വാഹനചരിതം-ഒന്നാം ഭാഗം

എന്റെ രണ്ടാമന്‍ അച്ചുതന് ഒരു സൈക്കിള്‍ വാങ്ങാന്‍ ഇറങ്ങിയപ്പോഴാണ് എനിക്ക് അതിന്റെ ബുദ്ധിമുട്ട് മനസ്സിലായത്. മു‌നു വീല്‍ ഉള്ള സൈക്കിള്‍ വേണ്ടത് അച്ചുതന് ആണെന്കിലും അച്ചുതന് വയസ്സ് ഒന്നേ ഉള്ളു എന്നാ കാരണത്താല്‍ സൈക്കിള്‍ ഇന്റെ രൂപവും ഭാവവും തീരുമാനിക്കേണ്ടത് ഞാന്‍ തന്നെ എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഇത് വായിക്കുംപ്പോള്‍ ഒരു ഉറപ്പില്ലായ്മ ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ എന്നോട് ക്ഷമിക്കുക.
മുന്നിലും പിന്നിലും സീറ്റുള്ള ഒരു സൈക്കിള്‍ ആയിരുന്നു എനിക്ക് വേണ്ടത്.
'നാം ഒന്ന് നമുക്ക് ഒന്ന്' എന്ന് സര്‍ക്കാര്‍ കയറി പ്രഖ്യാപിച്ചത് കൊണ്ടാണോ അതോ 'ഇത് എന്റെ സൈക്കിളാ,അതാ നിന്റെ സൈക്കിള്‍' എന്ന് പിള്ളേര് പറഞ്ഞു പഠിക്കുന്നത് കൊണ്ടാണോ എന്ന് അറിയില്ല അത്തരം ഒരു സൈക്കിള്‍ എനിക്ക് കിട്ടിയില്ല.
കഥ കേട്ട് ചേട്ടന്‍ ചിരിച്ചു.
"മനസ്സിലായി , ഇനിയിപ്പോ സൈക്കിളിനു നീല നിറവും സീറ്റ് ചുവപ്പ് നിറവും വേണം എന്ന് പരുല്ലോ നീ"
സത്യത്തില്‍ അങ്ങനെ ഒന്ന് തന്നെ ആയിരുന്നു എന്റെ മനസ്സില്‍. ഞങ്ങടെ ആദ്യത്തെയും അവസാനത്തെയും മുച്ചക്ര സൈക്കിള്‍ . എനിക്ക് അറിവ് വെച്ച് തുടങ്ങിയപ്പോഴേ ഞങ്ങളുടെ വീട്ടില്‍ അതുണ്ടായിരുന്നു. അത്തരം ആഡംബരങ്ങളോടൊന്നും ഒരു താത്പര്യവും ഇല്ലാത്ത എന്റെ അച്ഛന്‍ എങ്ങനെ അത് വാങ്ങി എന്നത് ഇപ്പോഴും ഉത്തരമില്ല ചോദ്യം ആണ്.
ഞങ്ങള്‍ ആദ്യം താമസിച്ചിരുന്നത്‌ 'അഭയ' എന്ന് പേരുള്ള ഒരു വീട്ടില്‍ ആയിരുന്നു. മെയിന്‍ റോഡില്‍ നിന്നും ഒരു കയറ്റം കയറി വേണം വീട്ടില്‍ എത്താന്‍. നല്ല തമാശയ്ക്ക് വക യുള്ള ഒരു വഴി ആയിരുന്നു അത്.വഴിയുടെ ഇടതു ഭാഗം മുഴുവന്‍ IAS ഉദ്യോഗസ്ഥരും ചീഫ് സെക്രട്ടറിമാരും ഒക്കെയായിരുന്നു താമസം.വലതു ഭാഗത്ത് വര്‍ഷങ്ങളായി അവിടെ താമസിക്കുന്ന കുറെ കോളനി നിവാസികളും.ഒരു വശം വല്ലപ്പോഴും പോമാറെറിയന് കുര മാത്രം ഉയര്‍ന്നു കേട്ടിരുന്ന, കുട്ടികളെ പോലും പുറത്ത് കാണാത്ത ഒരു കോണ്‍വെന്റ് സ്കൂള്‍ പോലെ ഇരുന്നെന്കിലും മറു വശം സന്ധ്യ കഴിഞ്ഞാല് വെള്ളം അടി ബഹളങ്ങളും പൂരപാട്ടുകളും കൊണ്ട് ലൈവ് ആവുമായിരുന്നു.രണ്ടു വശക്കാരും മറു ഭാഗക്കാര്‍ ഉള്ള ഭാവം കാട്ടാറുമില്ലായിരുന്നു.
വഴി ചെന്ന് നില്‍ക്കുന്നത് ഞങ്ങളുടെ വീട്ടില്‍ ആയിരുന്നു. രണ്ടു വിഭാഗത്തിലും പെടാത്ത ഞങ്ങളുടെ വീട്ടില്‍. സ്കൂളില്‍ നിന്നും ചേട്ടന്‍ വരുന്നത് വരെ ഞാന്‍ കാത്തിരിക്കും സൈക്കിള്‍ ചവിട്ടാന്‍. സൈക്കിളിന്റെ ബാക്ക് സീറ്റ് ഞാന്‍ എനിക്കായി റിസര്‍വ്‌ ചെയ്തു വെച്ചിരുന്നു. ഒരിക്കല്‍ പോലും ആ സൈക്കിളിന്റെ മുന്‍സീറ്റില്‍ ഇരുന്നു സൈക്കിള്‍ ചിവിട്ടുന്ന ഒരു രംഗം എന്റെ ഓര്‍മയില്‍ ഇല്ല. മുറ്റവും അശോക തെറ്റിയും മാവും ഒക്കെ ഉള്ള നല്ലൊരു വീടായിരുന്നു അത്.വൈകിട്ട് ഞങ്ങളുടെ പ്രധാന കളി ആ സൈക്കിളില്‍ തന്നെ ആയിരുന്നു.അത് കഴിഞ്ഞു വിക്രമാദിത്യന്‍ ഒരു സീതപഴതിന്റെ മരമുണ്ട്, അതില്‍ കയറും.വേതാളം കയറാന്‍ ധൈര്യം ഇല്ലാതെ പേടിച്ചു താഴെ നിന്ന് ചിണുങ്ങും.പിന്നെ അങ്ങോട്ട്‌ ചേട്ടന്റെ വക വര്‍ണനകള്‍ ആണ്.മരത്തിന്റെ മുകളില്‍ നില്‍ക്കുംപ്പോള്‍ കാണുന്ന കാഴ്ചകള്‍.
"ദൂരെ ആ കാണുന്നതാണ് MG കോളേജ്.'
താഴെ ഇതൊക്കെ ഭാവനയില്‍ കണ്ടു ആശ്വസിക്കും ഞാന്‍ .ഒരിക്കല്‍ ചേട്ടനൊരു ഐഡിയ.
'കുറെ നാളായി നിന്നെയും കൊണ്ടൊന്നു പുറത്തു പോകണം എന്ന് വിചാരിക്കുന്നു'
'അമ്മ?'
'oo ,റോഡില്‍ പോകണ്ട, ഈ വഴിയില്‍ ഒന്ന് ചവിട്ടി നമുക്ക് തിരിച്ചു വരാം'
രണ്ടും കല്‍പ്പിച്ചു ഞങ്ങള്‍ സൈക്കിളുമായി ഗേറ്റിനു പുറത്തേക്കു.
അച്ഛന്‍ സ്കൂളില്‍ നിന്നും തിരിച്ചു വരുംപ്പോള്‍ സൈക്കിളിന്റെ ലൈറ്റ് പൂര്‍ണമായി നശിച്ചിരിക്കുന്നു.ചേട്ടന്റെ കാല്‍, നെറ്റി, എന്റെ കൈ ... ഒക്കെ സാരമായ പരിക്കുകള്‍.പാവം മുച്ചക്രത്തിനു പുറത്തുള്ള ഞങ്ങളുടെ confidence അന്ന് പോയി.

ഞാന്‍ ഒന്നാം ക്ലാസ്സില്‍ ആയപ്പോള്‍ അച്ഛന്‍ പുതിയൊരു വീട് വാങ്ങി ഞങ്ങള്‍ അങ്ങോട്ട്‌ താമസം മാറി.മുറ്റം എന്നൊന്ന് പേരിനു പോലും ഇല്ലാത്തതു കൊണ്ട് സൈക്കിള്‍ അമ്മാവന്റെ കുട്ടികള്‍ക്ക് കൈമാറി.പക്ഷെ ചേട്ടന് അതൊന്നും ഓര്‍ത്തു സങ്കടപെടാന് ഇട കിട്ടിയില്ല. വന്നു പുതിയ bsa , 2 ചക്രം.
"കടയില്‍ പോണോ?"
"വേറെ എന്തെങ്കിലും അത്യാവശ്യം ഒണ്ടോ?"എന്നൊക്കെ അന്വേഷിച്ചു കൊണ്ടേ ഇരുന്നു ചേട്ടന്‍."o ഞാന്‍ സൈക്കിളില്‍ പോയി വാങ്ങി വരാമല്ലോ.അച്ഛന്‍ എന്തിനാ ബുദ്ധിമുട്ടുന്നത്"എന്നൊരു ഭാവം.അപ്പോഴും ഞാന്‍ സൈക്കിളിന്റെ മുന്നിലോ പിന്നിലോ വലിഞ്ഞു കയറി.
" രണ്ടു കുട്ടികളെ തനിച്ചു ഒരു സൈക്കിള്‍ ഇല ?അതും മെയിന്‍ റോഡില്‍ ?"
പലരും നെറ്റി ചുളിച്ചു .
പക്ഷെ അമ്മയ്ക്ക് ഞങ്ങളെ വലിയ വിശ്വാസം ആയിരുന്നു. ചേട്ടന്‍ എന്നെ നോക്കികോളും എന്നൊരു വിശ്വാസം.ഞങ്ങളെ സിനിമയ്ക്ക് പോലും ഒറ്റയ്ക്ക് വിടാന്‍ അമ്മയ്ക്ക് ധൈര്യം ഉണ്ടായിരുന്നു.
ഇപ്പോള്‍ എന്റെ കുട്ടികളെ തനിച്ചു എവിടെ എങ്കിലും വിടാന്‍ പറഞ്ഞാല്‍ ഞാന്‍ 'ഇല്ല' എന്ന് അലറും . തീര്‍ച്ച.
ഇത് കാലത്തിന്റെ പ്രത്യേകത ആണോ?

പ്രീഡിഗ്രി സമയത്താണ് എന്റെ സുഹൃത്തുക്കള്‍ ഒക്കെ സൈക്കിള്‍ വാങ്ങുന്നത്.എന്ത് കൊണ്ട് എനിക്ക് സൈക്കിള്‍ ചവിട്ടി കുടാ? എന്നിക്കും സൈക്കിള്‍ മോഹം തലയ്ക്കു പിടിച്ചു. അച്ഛന്റെ ഒരേ ഒരു വീക്ക്നെസ്സ് അന്നും ഇന്നും ഞാന്‍ ആയതു കൊണ്ട് മാത്രം സൈക്കിള്‍ കിട്ടി. വാങ്ങിയതിനു ശേഷം പഠിക്കുന്നതാണ് നല്ലത് എന്നായിരുന്നു എന്റെ വാദം.അങ്ങനെ സൈക്കിള്‍ ആയി,ഇനി? എല്ലാവരും ക്യാമറ എന്റെ നേരെ തിരിച്ചു വെച്ചു.
ഞാന്‍ എന്റെ പദ്ധതി വിശദീകരിച്ചു
"ഈ രണ്ടു വീല്‍ ഉള്ള സൈക്കിള്‍ ചില്ലരക്കാരന്‍ അല്ല.അത് ചവിട്ടാന്‍ ബാലന്‍സ് വേണം.ആ സംഗതി കിട്ടുന്നത് വരെ ഞാന്‍ സൈക്കിള്‍ ചവിട്ടുംപ്പോള്‍ ആരെങ്കിലും സൈക്കിളില്‍ ഒന്ന് പിടിച്ചു കൊണ്ട് എന്റെ കൂടെ വരണം.അങ്ങനെ കുറച്ചു ദിവസം കഴിയുംപ്പോള്‍ ഞാന്‍ പോലും അറിയാതെ സൈക്കിളിലെ പിടി വിടുക.അപ്പോഴേക്കും ഞാന്‍ സൈക്കിള്‍ ബാലന്‍സ് നേടി കഴിയും'
സംഗതികളുടെ പോക്ക് അത്ര ശരിയായ വഴിക്കല്ല എന്ന് മനസ്സിലാക്കി അമ്മ അടുക്കളയിലേക്കു വിടവാങ്ങി.
'എനിക്ക് രാവിലെ ടെന്നീസ് കളിയ്ക്കാന്‍ പോകണം' ഭാവി ലീയാണ്ടര്‍ പേസും കൈ ഒഴിഞ്ഞു. പത്തു എണ്ണൂറു രൂപ കൊടുത്തു സൈക്കിള്‍ വാങ്ങി തന്നു എന്നാ കുറ്റം ചെയ്ത അച്ഛന്‍ മാത്രം ബാക്കി ആയി.
ഞാനും അച്ഛനും രണ്ടു ദിവസം സൈക്കിള്‍ അഭ്യാസം നടത്തി. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ "ഇത് പറ്റുമെന്ന് തോന്നുന്നില്ല" എന്ന് ക്ഷീണിച്ചു അവശന്‍ ആയി അച്ഛന്‍ എന്നെ ഉപേക്ഷിച്ചു.
ടെന്നീസ് താരമാകാന്‍ ഒരു തടസം എന്നാ മട്ടില്‍ ഒന്ന് നോക്കി എങ്കിലും "ശരി ഞാന്‍ തന്നെ നാളെ വരാം"എന്ന് ചേട്ടന്‍ ഉറപ്പു തന്നു.
രാവിലെ ഞങ്ങള്‍ സൈക്കിളുമായി ഇറങ്ങി. മെയിന്‍ റോഡില്‍ ആണ് സൈക്കിള്‍ പഠിത്തം."സൈക്കിളീന്നു പിടിവിടല്ലേ സൈക്കിളീന്നുപിടി വിടല്ലേ "എന്നാ സ്ഥിരം മന്ത്രവും ആയി ഞാന്‍ ചവിട്ടി തുടങ്ങി.കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി ചേട്ടന്‍ സൈക്ലില്‍ പിടിച്ചിട്ടില്ല എന്ന്. "ശോ കിട്ടി പോയി ബാലന്‍സ്'ഞാന്‍ ആനന്ദാശു പൊഴിച്ചു.അത് ചെറിയ ഒരു കയറ്റം ആയിരുന്നു.കയറ്റം കയറി കഴിഞ്ഞപ്പോള്‍ എന്റെ കാല്‍ തളര്‍ന്നു.ഒരു കയറ്റത്തിന് ഒരു ഇറക്കം ഉണ്ട് എന്നും ഞാന്‍ ഓര്‍ത്തില്ല. ഞാന്‍ സൈക്കിള്‍ ചവിട്ടുന്നത് നിര്‍ത്തി.സൈക്കിള്‍ അതിന്റെ വഴിയില്‍....
റോഡിനരുക്കില്‍ കൂടെ പോക്കുന്ന ഒരു സംഘം മീന്‍ക്കാരികളുടെ ഇടയിലേക്ക് സൈക്കിള്‍ ഓടി കയറി.പിന്നെ ശുദ്ധമായ കടപ്പോറം ഭാഷയില്‍ 'ചാകര...ചാകര...'
ഒരു വഴിയാത്രക്കാരന്‍ എന്നാ ഭാവത്തില്‍ ചേട്ടന്‍ എന്നെയും സൈക്കിളിനെയും എഴുനെല്‍പ്പിച്ചു.മീന്‍ക്കാരികള്‍ പോയപ്പോള്‍ ചേട്ടന്റെ വക ആയി വഴക്ക്. ഇത് ശരിയാവില്ല. പിന്നെ കുറെ നാളത്തേക്ക് ഞാന്‍ സൈക്കിള്‍ കൈ കൊണ്ട് തൊട്ടില്ല.ഇനിയും കൂടെ ഓടാന്‍ ക്ഷണിച്ചാലോ എന്ന് പേടിച്ചു വീട്ടില്‍ ആരും സൈക്കിള്‍ കഥ എടുത്തിട്ടും ഇല്ല.
രീനയാണ് വീണ്ടും എന്നെ ഉഷാറാക്കിയത്.
'നമുക്ക് രാവിലെ എഴുനേറ്റു കുറച്ചു ദിവസം സൈക്കിള്‍ ചവിട്ടാം.ബാലന്‍സ് ഒക്കെ ഉണ്ടന്നെ...' അങ്ങനെ ഞങ്ങള്‍ വീണ്ടും സൈക്കിളുമായി ഇറങ്ങി. ആ സൈക്കിളിനു ശാപമോക്ഷം കിട്ടട്ടെ എന്ന് അച്ഛനും ആശ്വസിച്ചു.ദൂരെ ഏതെങ്കിലും ബസ്സിന്റെയോ ലോറിയുടെയോ ഹോണ്‍ കേട്ടാല്‍ ഞാന്‍ ഭവ്യതയോടെ സൈക്കിളില്‍ നിന്നും ഇറങ്ങി റോഡിനരുക്കില്‍ വണങ്ങി നില്‍ക്കും.ഇത് നാലന്ച്ചു പ്രാവിശ്യം ആയപ്പോള്‍ റീനയുടെ കണ്ട്രോള്‍ പോയി.
"ഇനി എന്ത് വന്നാലും നിര്‍ത്തരുത്' " ഉഗ്രശാസന.
"ഇപ്പോഴും കീപ് ലെഫ്റ്റ്.അത്രയും മാത്രം ഓര്‍ത്താല്‍ മതി"
"ഓ അത്രയേ ഉള്ളായിരുന്നോ.അത് ഞാന്‍ ഏറ്റു"
പിന്നെ ഞാന്‍ മുന്നിലും റീന പിന്നിലും അങ്ങനെ ആയി സൈക്കിള്‍ യാത്ര.സൈക്കിള്‍ റോഡിന്റെ ഒത്ത നടുവിലേക്ക് പായുംപ്പോള്‍ റീന പുറകില്‍ നിന്നും നിര്‍ദേശം തരും'ലെഫ്റ്റ്,ലെഫ്റ്റ്'
ലെഫ്റ്റ് ചേര്‍ത്ത് ലെഫ്റ്റ് ചേര്‍ത്ത് ഇപ്പൊ ഓടയിലേക്കു പോക്കും എന്നാകുംപ്പോള് പിന്നില്‍ നിന്നും "റൈറ്റ് റൈറ്റ് ".ഏതെങ്കിലും വണ്ടി എതിരെ വന്നാല്‍ "നിര്‍ത്തരുത് നിര്‍ത്തരുത്' " വീണ്ടും നിര്‍ദ്ദേശം.അങ്ങനെ പിന്നില്‍ നിന്നും റീന ഒരേ "ലെഫ്റ്റ് റൈറ്റ് " കുവല്. ഇപ്പോഴും റൈറ്റ് ഏതാണെന്ന് അറിയണമെങ്കില്‍ എനിക്ക് ചോറ് ഉണ്ട് നോക്കണം,.ആ എന്നോടാ നു ലെഫ്ടും റൈറ്റും .
അപ്പോഴാണ് എതിരെ ഒരു സൈക്കിള്‍ വന്നത്.ഞാന്‍ റോഡിന്റെ ഏകദേശം നടുവില്‍."ലെഫ്റ്റ് ലെഫ്റ്റ്'" റീന കു‌വി .ഞാന്‍ സൈക്കിള്‍ എങ്ങോട്ടോ തിരിച്ചു. റീന വേറെ ഒന്നും കാണുന്നില്ല.മുഴുവന്‍ ശ്രദ്ധയും എന്റെ സൈക്കിളില്‍.ഞാന്‍ സൈക്കിള്‍ എങ്ങോട്ടോ ഒതുക്കി നിര്‍ത്തി. ഒരു 'ഇടി' ശബ്ദം ആണ് പിന്നെ ഞാന്‍ കേള്‍ക്കുന്നത്.തിരിഞ്ഞു നോക്കുംപ്പോള്‍ സ്വന്തം സൈക്കിള്‍ അള്ളി പിടിച്ചു റീന നില്‍ക്കുന്നുണ്ട്. എതിരെ വന്നിരുന്ന സൈക്കിള്‍ ക്കാരന്‍ ഓടയുക്ക് സമീപം ഇരിക്കുന്നു.അയാളുടെ സൈക്കിള്‍ അടുത്ത് തന്നെ കിടപ്പുണ്ട്.
"സോറി സോറി" റീന.
ചെറിയൊരു ആള്‍കുട്ടം.എന്നെ ശ്രദ്ധിച്ചു ഒരു വഴിക്ക് ആകുന്നതിനിടയില്‍ റീനയുടെ സൈക്കിള്‍ നാട് റോഡില്‍ ആയതായിരുന്നു സംഭവിച്ചത് .
'പിള്ളേരുടെ കാര്യം'
'രാവിലെ ഓരോന്ന് സൈക്കിളുമായി ഇറങ്ങും'
തുടങ്ങിയ കമന്റുകള്‍ ആള്‍കുട്ടത്തില് നിന്നും.
അതിനിടയില്‍ ആരോ 'ഇത് നമ്മുടെ ...സ്സാറിന്റെ മോള്‍ അല്ലേ?' എന്ന് ചോദിക്കുന്നത് ഞാന്‍ വ്യക്തമായി കേട്ടു.ഒരു വിധംഞ്ഞങ്ങള്‍ നിശബ്ദരായി വീട്ടില്‍ എത്തി. പിന്നെ ആ സൈക്കിള്‍ ഞാന്‍ എടുത്തിട്ടില്ല. കണ്ണരിലേക്ക് കുടു മാറിയതിനു ശേഷം അച്ഛന്‍ അത് ആര്‍ക്കോ വിറ്റു.അച്ഛന്റെ ക്ഷമയുടെ ആഴം പരിശോധിക്കണ്ട എന്നത് കൊണ്ട് മാത്രം ഞാന്‍ ആ കഥ ചോദിച്ചില്ല......
...............................................................................................
ഇത് കൊണ്ടൊന്നും എന്റെ വാഹനചരിതം അവസാനിക്കുന്നില്ല. അല്ലെന്കിലും അത് അങ്ങനെ അങ്ങ് അവസാനിപ്പിക്കാന്‍ പറ്റുമോ???