Friday, January 9, 2009

ഓര്‍മയില്‍ ഒരു ക്രിസ്തുമസ്

ഒരു ക്രിസ്തുമസ് കുടി കഴിഞ്ഞു .
ഞങ്ങളുടെ ക്രിസ്തുമസ് സ്ഥിരമായി ഒരു നക്ഷത്രത്തിലും കേക്കിലും ഒതുങ്ങുന്നു.കഴിഞ്ഞ തവണ ഉണ്ണികുട്ടന് പുല്കുട് മോഹം കേറി ഞങ്ങള്‍ ഒരു ക്രിസ്തുമസ് ട്രീ യും പുല്കുടും കു‌ടി ഉള്‍പെടുത്തി.
കുട്ടിയയിരിക്കുംപ്പോള്‍ ഇതൊന്നും ആയിരുന്നില്ല ക്രിസ്തുമസ് ഞങ്ങള്ക്ക്. ക്രിസ്തുമസ് എന്നാല്‍ ക്രിസ്തുമസ് കാര്‍ഡുകള്‍ ആയിരുന്നു."എനിക്കെത്ര എണ്ണം വന്നു? നിനക്കു എത്ര കിട്ടി?" എന്നൊരു കണക്കെടുപ്പുണ്ട് ഞാനും ഏട്ടനും. അത് മിക്കവാറും തുല്യം ആയിരിക്കും. അത് കൊണ്ടു സങ്കടവും ഇല്ല. ന്യൂ ഇയര്‍ കഴിയുന്നത്‌ വരെ കാര്‍ഡ് പ്രതീക്ഷ ഞാന്‍ കൈ വിടില്ല.ഒടുവില്‍ കാര്‍ഡുകള്‍ ഒക്കെ സുക്ഷിക്കേണ്ട ചുമതല എനിക്ക് തന്നെ.അച്ഛന് ഇത്തരം 'ഞ്ഞ പുഞ്ഞ ' കാര്യങ്ങളില്‍ താത്പര്യം ഇല്ലാത്തതു കൊണ്ടു അമ്മയാണ് കാര്‍ഡ് വാങ്ങാന്‍ ഞങ്ങളെ കൊണ്ടു പോകാറ്.പോകുന്നതിനു മുന്പ് തന്നെ എത്ര കാര്‍ഡ് വേണം, എത്ര പൈസ കൈയില്‍ ഉണ്ട് എന്നൊക്കെ ഒരു ബോധവല്‍കരണ ക്ലാസ്സുണ്ട്‌ അമ്മയുടെ വക. ഒരെണ്ണം കുടുതാലോ കുറവോ വാങ്ങിയ ചരിത്രം ഇന്നു വരെ ഇല്ല.

ഒരിക്കലും മറക്കാത്ത ക്രിസ്തുമസ്?
ക്രിസ്തുമസ് ക്രിസ്തുമസ് ആയി ആഘോഷിച്ച എന്റെ പ്രീഡിഗ്രി ക്രിസ്തുമസ് തന്നെ.രാവിലെ ഞാന്‍ ഉണര്‍ന്നത് തന്നെ റീനയുടെ മുഖം കണ്ടു കൊണ്ടാണ്.
" വാ ,ക്രിസ്തുമസ് ആഘോഷം തുടങ്ങണ്ടേ ?"എന്നൊരു ചോദ്യവും.
"അര മണികൂര്‍. പെട്ടെന്ന് റെഡി ആവൂ" അന്ത്യ ശാസനം തന്നു റീന പോയി.ക്രിസ്തുമസിനു റീനയുടെ വീട്ടിലേക്ക് ഒരു ക്ഷണം ഉണ്ട് എന്ന് അമ്മയോട് പറഞ്ഞിരുന്നെന്കിലും പുലര്‍ക്കാലെ അവര് കേറി ആഘോഷം തുടങ്ങും എന്ന് അമ്മയും കരുതിയില്ല.
"അവിടെ പ്രാര്ത്ഥന വല്ലതും കാണും നീ പെട്ടെന്ന് ചെല്ല്" എന്നായി അമ്മ .
ആഘോഷ വേളകള്‍ ഉല്ലാസം ആക്കുന്നതില്‍ ഞാന്‍ ഒരു മിടുക്കി ആയതു കൊണ്ടു അമ്മയുടെ ആജ്ഞ ഞാന്‍ ശിരസാ വഹിച്ചു. സൂപ്പര്‍ ഫാസ്റ്റ് ആയി റെഡിയായി .
റീനയുടെ വീട്ടില്‍ ബന്ധുക്കള്‍ എല്ലാം ഉണ്ട്.അമ്മച്ചി (റീനയുടെ അമ്മുമ്മ) യാണ് ആഘോഷ പരിപാടികളുടെ പ്രധാന കണ്‍വീനര്‍ .എല്ലാവരും പള്ളിയില്‍ നിന്നും വന്നു ബ്രേക്ക് ഫാസ്റ്റ് കഴിക്കുക ആയിരുന്നു ഞാന്‍ ചെന്നപ്പോള്‍. സ്ഥിരം അവിടെ നിരങ്ങല്‍ ഉള്ളത് കൊണ്ടു റീനയുടെ കുഞ്ഞി കസിനുകളെ ഒക്കെ എനിക്കും അറിയാം.
"൯ മണിക്ക് പ്രാര്ത്ഥന " കാര്യ പരിപാടികള്‍ അമ്മച്ചി വിശദീകരിച്ചു.
"പ്രാര്ത്ഥന കഴിഞ്ഞു നമുക്കു ഒരു സിനിമ കാണാം.പിന്നെ ഊണ് .
ഞങ്ങള്‍ കുട്ടികള്‍ സന്തുഷ്ടരായി.
അമ്മച്ചിയുടെ പ്രാര്ത്ഥന ഞങ്ങള്ക്ക് കുറച്ചു പേടി ആണ്.

എല്ലാവര്ക്കും വേണ്ടി പ്രത്യേകം പ്രത്യേകം അമ്മച്ചി പ്രാര്‍ത്ഥിക്കും.പരീക്ഷയ്ക്ക് പോകുന്നതിനു മുന്പ് രാവിലെ ഞാന്‍ അമ്മച്ചിയെ കാണാന്‍ പോകാറുണ്ട്.അമ്മച്ചി ഞങ്ങളെ എല്ലാവരെയും വിളിച്ചു നിര്ത്തി പ്രാര്‍ത്ഥിക്കും. പ്രാര്‍ത്ഥിച്ചു പ്രാര്‍ത്ഥിച്ചു ഞങ്ങള്‍ പോക്കുന്ന ഓട്ടോ റിക്ഷയിലെ ഡ്രൈവര്‍ ക്ക് വേണ്ടിയും പരീക്ഷ ഹാളില്‍ നില്ക്കുന്ന ടീച്ചര്‍ ക്ക് വേണ്ടിയും ഒക്കെ പ്രാര്‍ത്ഥിക്കും. പ്രാര്ത്ഥന ഒക്കെ കഴിഞ്ഞു ഓട്ടോയില്‍ കയറുപ്പോള്‍ എനിക്ക് ചിരി വരും. പാവം ഓട്ടോ ഓടിക്കുന്ന അപരിചിതനായ ഈ ഡ്രൈവര്‍ ക്ക് അറിയില്ലാലോ അയാള്‍ക്കും വീട്ടുക്കാരിക്കും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ച കാര്യം.
ഇപ്പോഴാണെങ്കില്‍ 5-10 കുട്ടികള്‍ തന്നെ ഉണ്ട്. എല്ലാര്‍ക്കും വേണ്ടി ഒരുമിച്ചു പ്രാര്‍ത്ഥിച്ചു ജോലി തീര്‍ക്കാന്‍ ഒന്നും അമ്മച്ചിയെ കിട്ടില്ല.ഓരോത്തര്‍ക്ക് വേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥിച്ചു 10 മണിക്ക് പ്രാര്‍ത്ഥന തീര്‍ന്നു .
ഇനി സിനിമ. ഞങ്ങള്‍ ആവേശത്തോടെ ഹാളില്‍ എത്തി.അവിടെ നല്ല വ്യൂ കിട്ടുന്ന സീറ്റ് പിടിക്കുന്ന തിരക്കില്‍ ആയിരുന്നു എല്ലാവരും.ആരോ പോയി സിനിമ കാണുംപ്പോള്‍ കൊറിക്കാന്‍ കപ്പലണ്ടി , മിക്സ്ചെര്‍ അത്യാദി സാമഗ്രികള്‍ കൊണ്ടു വന്നു.
പാചകത്തിന് ചുക്കാന്‍ പിടിചിരുന്നവര്‍ നുറുക്കാന്‍ ഉള്ള പച്ചക്കറിയും കത്തിയും ഒക്കെ ആയി എത്തി.
ഒടുവില്‍ അമ്മച്ചി കാസറ്റ് ഉമായി എത്തി . ' The Robe' ഒരു ജീസസ് പടം.അര മണികൂര്‍ കഴിഞ്ഞു ആദ്യം എഴുന്നേറ്റത്‌ റീനയുടെ അമ്മയാണ്.
" ഇവിടെ ഇരുന്നാലെ എന്നാരും ഉച്ചയ്ക്ക് ഒന്നും കഴിക്കത്തില്ല" എന്ന് പറഞ്ഞു അടുക്കള യിലേക്ക് നടന്നത് ഒരു രക്ഷപെടല്‍ ആയിരുന്നു എന്ന് മനസിലായത് പിന്നീടാണ്. പിന്നെ ഓരോത്തരായി പൊഴിയാന്‍ തുടങ്ങി. അമ്മച്ചി മാത്രം ലയിച്ചിരുന്നു സിനിമ കണ്ടു.എപ്പോഴോ ഒന്നു തിരിഞ്ഞു നോക്കിയ അമ്മച്ചി ഞെട്ടി പോയി.ഞാനും അമ്മച്ചിയും അല്ലാതെ ആരും ആ ഹാളില്‍ ഇല്ല.
ഞാന്‍ ആണെകില്‍ എഴുന്നേല്‍ക്കാനും എഴുന്നെല്കാതെ ഇരിക്കാനും വയ്യ എന്ന്‍ അവസ്ഥയില്‍ ആണെന്ന് മുഖം കണ്ടാല്‍ അറിയാം.അമ്മച്ചി ദീര്‍ഖനിശ്വാസത്തോടെ ഓഫ് ചെയ്തു . എനിക്ക് പോയ്ക്കോളാന്‍ അനുവാദവും തന്നു.റീന അപ്പോള്‍ ഒരു പാചക പരീക്ഷണത്തില്‍ ആയിരുന്നു.കസിന്‍ പിള്ളേര്‍ എല്ലാം കുട്ടുണ്ട്.custard ആണ് ഉണ്ടാക്കുന്നത് എങ്കിലും എല്ലാവരുടെയും ഗൌരവം കണ്ടാല്‍ കോഴി നിറച്ചത്(?) ആണ് ഉണ്ടാക്കുന്നത് എന്ന് തോന്നും. ഏതായാലും ഗൌരവം പോലെ തന്നെ സംഗതി ഒത്തു.നല്ല ഒരു custard ഉണ്ടാക്കി ഞങ്ങള്‍ ഭാവി വാഗ്ദാനങ്ങള്‍ ആണെന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ ഞങ്ങള്ക്ക് കഴിഞ്ഞു .
നല്ലൊരു ക്രിസ്തുമസ് ഊണായിരുന്നു പിന്നെ. നമ്മുടെ മുട്ടയിടുന്ന കോഴിയെ ഇത്ര അധികം രൂപത്തിലും ഭാവത്തിലും പല പാത്രത്തില്‍ നിരത്താം എന്നെനിക്കു മനസ്സിലായി .കഴിക്കുന്ന കാര്യത്തില്‍ പൊതുവെ ഞാന്‍ അത്ര മിടുക്കി അല്ലെങ്കിലും കണ്ടു വയറു നിറയ്ക്കാന്‍ എനിക്ക് പ്രത്യേക കഴിവ് ഉണ്ട്.അങ്ങനെ ഒരു വലിയ മേശയ്ക്കു ചുറ്റും ഇരുന്നു ഞങ്ങള്‍ വിശാലമായി പ്ലേറ്റുകള്‍ കാലിയാക്കി. .(മേനക ഗാന്ധി എനിക്ക് മാപ്പു തരട്ടെ)കഴിക്കുന്നതിനു മുന്‍പും കഴിച്ചതിനു ശേഷവും അമ്മച്ചിയുടെ പ്രാര്‍ത്ഥന ഉണ്ടായിരുന്നു.രണ്ടു പ്രാര്‍ത്ഥനയിലും ആരും മുഴുവന്‍ ഹൃദയതോടെ പങ്കെടുത്തു എന്ന് തോന്നുന്നില്ല. ഒരു മേശ മുഴുവന്‍ മുക്ക് തുളയ്ക്കുന്ന മണം പരത്തുന്ന ആഹാരവും മുന്നില്‍ വെച്ചു ഒന്നാം പ്രാര്‍ത്ഥന. വയറു നിറഞ്ഞു പൊട്ടാറായ അവസ്ഥയില്‍ രണ്ടാം പ്രാര്‍ത്ഥന .
ആഹാരം കഴിഞ്ഞപ്പോള്‍ റീന ഗിറ്റാര്‍ എടുത്തു.റീനയുടെ അമ്മ ഒരു പഴയ ഹിന്ദി പാട്ടു പാടി.താത്ത എന്ന് വിളിക്കുന്ന റീനയുടെ അപ്പുപ്പന്‍ ഹാര്‍ംമോണിയം വായിച്ചു. റീനയുടെ ഒരു കസിന്‍ മൃദംഗംവും മറ്റൊരു കസിന്‍ കീ ബോര്‍ഡും. എല്ലാവരും പാട്ടു പാടുകയോ എന്തെങ്കിലും കലാപരിപാടികള്‍ അവതരിപ്പിക്കുകയോ ചെയ്തു.അമ്മച്ചി ഇടയ്ക്ക് ഒക്കെ ക്രിസ്തീയ ഭക്തി ഗാനങ്ങള്‍ പാടി.പതിവു പോലെ 'എല്ലാവര്ക്കും എന്തോരം കഴിവുകളാ " എന്നൊരു ആശ്ച്വര്യ ചിഹ്നവും ആയി ഞാന്‍ മസില്‍ പിടിച്ചു ഇരുന്നു.
ഇടയ്ക്ക് എപ്പോഴോ ചായയും കേക്കും .പിന്നെ അന്താക്ഷരി മത്സരം .സമയം പോയത് അറിഞ്ഞതെ ഇല്ല.
9 മണിക്ക് അച്ഛന്‍ വന്നു വിളിച്ചപ്പോഴാണ് എനിക്കെ സ്ഥലകാല ബോധം വന്നത്.
തിരിച്ചു വീട്ടില്‍ എത്തി വിശേഷങ്ങളുടെ കെട്ടഴിച്ചു തുടങ്ങുംപ്പോള്‍ ഏട്ടന്റെ കമന്റ്.
"ഒരു ആണ്‍ കുട്ടിയായ ഞാനുംപോയി കുട്ടുകാരന്റെ ക്രിസ്തുമസ് പാര്‍ട്ടിക്കു .എപ്പോഴേ മടങ്ങിയും വന്നു.ഈ വീട്ടിലെ പെണ്‍കുട്ടിക്ക് ഇതു വരെ ആഘോഷം കഴിഞ്ഞിട്ടില്ല?"ഏട്ടന്‍ ചിരിച്ചു കൊണ്ടാണ് പറഞ്ഞതു.
എന്നാലും കൃത്യമായി ഈ കമന്റ് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.അല്ലെങ്കിലും ഞാന്‍ അങ്ങനെ ആണ്.ഒട്ടും പ്രാധാന്യം ഇല്ലാത്ത സംഭവങ്ങളും കമന്റ് ഉകളും ഓര്‍ത്തിരിക്കും. ഓര്‍ത്തിരിക്കേണ്ട പലതും മറക്കുകയും ചെയ്യും.
എനിക്ക് വന്ന കത്തുകളിലെ വരികള്‍ ഞാന്‍ മറക്കാറില്ല. കോളേജിലോ ഹോസ്റെലിലോ നടന്ന എല്ലാ കുഞ്ഞി കാര്യങ്ങളും എനിക്ക് ഓര്‍മയുണ്ട്.
പക്ഷെ ഈ മാസത്തെ എന്റെ ശമ്പളം എങ്ങനെ ചിലവാക്കി എന്ന് എനിക്ക് ഒരു ബോധവും ഇല്ല.ഇങ്ങനെ ഒന്നും അല്ല ആവേണ്ടത് എന്ന് ഒരു വിചാരം എന്റെ ഉള്ളില്‍ ഉണ്ട് .(ആ ബോധം എങ്കിലും ഉണ്ടല്ലോ എന്ന് ഭര്‍ത്താവ് )
ലോകത്തില്‍ രണ്ടു കൂട്ടരാണ് ഉള്ളത്. തല മനസ്സിനെ ഭരിക്കുന്നവരും , മനസ്സു തലയെ ഭരിക്കുന്നവരും.ആദ്യത്തെ കുട്ടര്‍ക്കുള്ളതാണ് ഈ ലോകം.
അപ്പോ അതാണ് കാര്യം. ഞാന്‍ രണ്ടാമത്തെ കൂട്ടത്തില്‍ ആണ് . നിങ്ങളോ?

Wednesday, November 12, 2008

സുഹാന

ഇതു സുഹാന .
ആദ്യം ഞങ്ങള്‍ കണ്ടു മുട്ടിയത്‌ നഴ്സറി വരാന്തയില്‍ വെച്ചാണ്‌ .രണ്ടര വയസ്സിലെ നഴ്സറി യില്‍ പോയ മഹതി എന്ന നിലയ്ക്ക് ഞാന്‍ സീനിയര്‍ ആയിരുന്നു ."ഈ നഴ്സറി ഒക്കെ ഞാന്‍ കാണിച്ചു തരാം" എന്ന് പറഞ്ഞു സുഹാനയെ കൂട്ടി കൊണ്ടു പോയതും ഞാന്‍ തന്നെ .പിന്നെ ഞങ്ങള്ക്ക് കുടുതല്‍ കു‌ട്ടുക്കാരെ കിട്ടി ,നിഷ ,ശാലിനി ...അങ്ങനെ അങ്ങനെ .

അതൊരു കോണ്‍വെന്റ് സ്കൂള്‍ ആയിരുന്നു .എല്ലാവരും ഉറ്റു നോക്കുന്ന പരിപാടി സ്കൂള്‍ ഡേയും .സുഹാനയും നിഷയും ആയിരുന്നു വലിയ ഡാന്‍സ്ക്കാര് . ഏട്ടനും അവിടെ തന്നെ ഉണ്ട് .എല്ലാ വര്‍ഷവും മലയാളം പ്രസംഗം ഏട്ടന്റെ വക ആയിരിക്കും . മേക്കപ്പ്‌ യിന്റെ ഒരു പ്രശ്നം ഉള്ളത് കൊണ്ടു ഏട്ടനെ വേറെ ഒരു പ്രോഗ്രാമിനും ചേര്‍ക്കുകയും ഇല്ല . സ്കൂള്‍ ഡേ യുടെ പ്രധാന ഇനം അവസാനം ഉണ്ടാകാറുള്ള 'നാടകം ' ആണ് . അതില്‍ പങ്കെടുക്കുന്നവര്‍ ഒക്കെ ഒക്കെ കുറച്ചു കുടിയ ആള്‍ക്കാര്‍ ആണ് എന്നായിരുന്നു ഞങ്ങള്‍ , കുട്ടികളുടെ വിചാരം .

'ഇയാളെ നാടകത്തിനു എടുത്തോ ?" എന്ന് ചോദിക്കുംപ്പോ "ഒരു നോബല്‍ സമ്മാനം കിട്ടിയോ ?" എന്ന് ചോദിക്കുന്ന ഭാവം ആയിരുന്നു ഞങ്ങളുടെ മുഖത്ത് .
നാടകം രാജാവും രാജ്ങിയും ഒക്കെ ഉള്ളതാനെന്കില്‍ അസൂയ കാരണം ഇരിക്കാനും നില്‍ക്കാനും വയ്യ എന്ന അവസ്ഥ . ഏട്ടന്റെ സുഹൃത്ത് ,ആന്റണി , ഒരുസ്ഥിരം നാടകക്കാരന്‍ ആയിരുന്നു . രാജാവിന്റെ കഥ ആണെന്കില്‍ സേവകന്‍ ആന്റണി ആയിരിക്കും . പുരാണം ആണെന്കില്‍ ഭുതഗണമോ കാവല്‍ക്കാരനോ ആയിരിക്കും .
സ്റ്റേജ് ഇല്‍ കയറി പറഞ്ഞിട്ടുള്ള ഏറ്റവും വലിയ ഡയലോഗുകളില്‍ ചിലത് 'അടിയന്‍ ','പോസ്റ്റ് ', 'സമയം ഇത്രയായി 'ഇതൊക്കെ ആണ് .എങ്കിലും കൈയില്‍ ഒരു കുന്തവും സ്വര്‍ണ കടലാസ്സു കിരിടവും വെച്ചു ബാക്ക് സ്റ്റേജ് ഇല്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന ആന്റണി യെ വിഷമത്തോടെ നോക്കി നില്ക്കുന്ന ഒരു ചേട്ടന്‍ ചിത്രം എന്റെ മനസ്സില്‍ ഇപ്പോഴും ഉണ്ട് .


സുഹാനയും നിഷയും വലിയ കലക്കാരികള്‍ ആയിരുന്നു .സ്ഥിരമായി ഒന്നാം റാങ്ക് വാങ്ങുന്ന കുട്ടികള്‍ക്കുള്ള മെഡല്‍ വാങ്ങാന്‍ റെഡി ആയി ശാലിനിയും സ്കൂള്‍ ഡേ കാത്തിരുന്നു . ഞാന്‍ ഇതൊക്കെ കണ്ടു സന്തോഷിച്ചും . എന്റെ കുട്ടുക്കാരാ ...എന്റെ ചേട്ടനാ ... എന്നൊക്കെ ചുമ്മാ അഭിമാനിച്ചിരുന്നു . അതാണ്‌ എളുപ്പം എന്ന് അന്നേ ഞാന്‍ മനസിലാക്കി ഇരുന്നിരിക്കണം .
ഒരിക്കല്‍ സ്കൂള്‍ അസംബ്ലി യ്ക്ക് ഇടയ്ക്ക് ചേട്ടന്‍ തല കറങ്ങി വീണു .ടീച്ചര്‍ മ്മാര് നാലു വശത്ത് നിന്നും ഓടി കു‌ടി ചേട്ടന്‍ താങ്ങി എടുത്തു സ്റ്റാഫ് റൂമില്‍ മേശയില്‍ കിടത്തി . അന്ന് ഞാന്‍ എന്ത് സന്തോഷിചെന്നോ .എല്ലാവരോടും പറയുകയും ചെയ്തു .
'ആ അസംബ്ലി യ്ക്ക് തല കറങ്ങി വീണ കുട്ടി യില്ലേ , അത് എന്റെ ചേട്ടനാ ..'
നീയൊക്കെ കണ്ടില്ലേ എന്റെ ചേട്ടനെ ടീച്ചര്‍ മാറ് എടുത്തു കൊണ്ടു പോയത് എന്ന് വ്യന്ഗ്യം .

നാലാം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ എല്ലാവരും വേറെ സ്കൂളിലേക്ക് മാറി .സുഹാന മറ്റൊരു സ്കൂളിലേക്ക് പോയി .എങ്കിലും വീട് അടുത്തായത് കൊണ്ടു ഇടയ്ക്കൊക്കെ കാണാറുണ്ടായിരുന്നു ഞങ്ങള്‍ .സുഹാന മറ്റൊരു സ്കൂളില്‍ ആയിരുന്നെന്കിലും ഞങ്ങള്‍ തമ്മില്‍ sslc കാലത്തു ആരോഗ്യകരമായ മത്സരം നിലനിന്നിരുന്നു . മാര്‍ക്ക് വന്നപ്പോഴും ഞങ്ങള്‍ അടുത്ത് അടുത്ത് തന്നെ ഉണ്ടായിരുന്നു .

പ്രീഡിഗ്രി സമയത്താണ് സുഹാനയും ഞാനും ശാലിനിയും ട്യുശേഷന് ഒത്തു കുടുന്നത് . ഞങ്ങളുടെ എന്ട്രന്‍സ് പഠിത്തവും കംബിയിന്‍ സ്റ്റഡി യും ഒക്കെ ഒരുമിച്ചു തന്നെ ആയിരുന്നു . ഞാനും സുഹാനയും ശാലിനിയും പിന്നെ റീന ,ലീന അങ്ങനെ ഒരു കു‌ട്ടം . എല്ലാവരും വീടിനടുതുള്ളവര്‍ .പ്രീഡിഗ്രി അവസാന കാലത്താണ് സുഹാനയുടെ പേരും അവരുടെ കോളേജിലെ ഒരു പയ്യന്റെ പേരും ചേര്ത്തു കേട്ടു തുടങ്ങിയത് . പയ്യന്‍ സ്ഥലത്തെ പ്രമുഖ ബിസ്നെസ്സ് ക്കാരന്റെ മകന്‍ .

സുഹാന യോട് തന്നെ ചോദിച്ചാലോ ഞങ്ങള്‍ കുടി ആലോചിച്ചു . ഇനിയിപ്പോ സത്യം അല്ലെങ്കില്‍ സുഹാന യ്ക്ക് വിഷമം ആയാലോ . 'ബ്രുടസ് യു ടൂ ' എന്ന് ചോദിച്ചാലോ എന്നൊക്കെ ഞങള്‍ ആക്കെ കന്ഫുഷനില്‍ ആയി .ഏതായാലും സുഹാന യോട് ചോദിച്ചു . ശരി ആണെന്നും അല്ലെന്നും ഉള്ള ഒരു ഉത്തരം കൊണ്ടു തൃപ്തി പെടേണ്ടി വന്നു ഞങ്ങള്ക്ക് . പക്ഷെ ഞങ്ങള്ക്ക് ഒരു സര്‍ ഉണ്ടായിരുന്നു .പ്രീഡിഗ്രി കാലത്താണ് കുട്ടികളെ സുക്ഷികെണ്ടാതെന്നും . അപ്പോഴാണ്‌ അവര്ക്കു പ്രണയ വിചാരങ്ങള്‍ കുടുന്നതെന്നും ഉറച്ചു വിശ്വസിച്ചിരുന്ന ഒരു സര്‍ .അങ്ങനെ യാണ് കുട്ടികള്‍ പഠിത്തത്തില്‍ ഉഴപ്പുന്നത് എന്ന് സര്‍ വിശ്വസിച്ചിരുന്നു . ആര്‍ക്കു രണ്ടു മാര്‍ക്ക് കുറഞ്ഞാലും
'എന്താ കുട്ടി എന്താണ് പ്രോബ്ലം ?" എന്നു തുടങ്ങുന്ന ഒരു ഡയലോഗും സാറിന് ഉണ്ടായിരുന്നു . ആ കാലത്തു സുഹാന യ്ക്ക് പഠിത്തത്തില്‍ ചെറിയ ഒരു ഉഴപ്പ് ഉണ്ടോ എന്ന് സാറിന് ഒരു തോന്നല്‍ . കൈയില്‍ internatuional lux ഉമായി നടക്കുന്ന എന്നെ സര്‍ വിളിപ്പിച്ചു .

'എന്താ സുഹാന യ്ക്ക് പ്രോബ്ലം ? why she lost 5 marks in test?നിങ്ങള്‍ ഒക്കെ അല്ലെ ഫ്രണ്ട് സ്"സര്‍ എന്നെ അങ്ങനെ ഒരു ചാര ആക്കി .
എനിക്കറിയില്ല എന്നൊക്കെ പറഞ്ഞെന്കിലും സര്‍ വിട്ടില്ല .അടുത്തത് എന്റെ നേരെ ആയിരിക്കും എന്ന് ഉറപ്പുള്ളത് കൊണ്ടു ഞാന്‍ അന്വേഷിച്ചു പറയാം എന്നായി .സര്‍ തത്കാലത്തേക്ക് എന്നെ വിട്ടു .ഏതായാലും സുഹാന യോട് ചോദിക്കുക തന്നെ ഞങ്ങള്‍ കുടി ആലോചിച്ചു തീരുമാനിച്ചു .ഇത്തവണ ഞങ്ങള്ക്ക് വ്യക്തമായ മറുപടി കിട്ടി .
'ആ പയ്യന്‍ എന്തൊക്കെയോ പറഞ്ഞു എന്നത് നേര് . ഞാന്‍ വേണോ വേണ്ടെയോ എന്ന് ആലോചിച്ചത് നേര് .നായര് ചെക്കന്മാരുടെ പിന്നാലെ കുടിയാല്‍ പക്ഷെ വാപ്പ എന്നെ കൊല്ലും .പിന്നെ പള്ളി ,എന്റെ അനിയത്തിയുടെ നിക്കഹു ഒക്കെ പ്രശ്നം .ഞാന്‍ തന്നെ വേണ്ട എന്ന് വെച്ചു . "
സുഹാന യുടെ നയം വ്യക്തം ആയതോടെ ഞങ്ങള്‍ സാറിനെ കാണുകയും കഥ പറയുകയും ചെയ്തു . അത്ര വിശ്വാസം വരാത്ത മട്ടില്‍ നില്ക്കുന്ന സാറിനെ ക്യാമറയ്ക്ക് മുന്നില്‍ ഒറ്റയ്ക്ക് നിര്‍ത്തിയിട്ട്‌ ഞങ്ങള്‍ സ്ക്രീനിനു പുറത്തേക്ക് .

എന്ട്രന്‍സ് റിസള്‍ട്ട് വന്നപ്പോള്‍ ഞങ്ങള്‍ എല്ലാവരും നല് വഴിക്കായി .ശാലിനി ഹോമിയോ യ്ക്കും ലീന ഡെന്റല്‍ കോളേജിലും ഞാന്‍ കണ്ണൂര്‍ ഉം റീന ഫിസിയോ തെരപി ക്കും സുഹാന മറ്റൊരു എഞ്ചിനീയറിംഗ് കോളേജിലും .എങ്കിലും അവധിക്ക് ഞങ്ങള്‍ കാണാറുണ്ടായിരുന്നു . കോളേജ് കഥകള്‍ പങ്കു വയ്ക്കാറും ഉണ്ടായിരുന്നു .അത്യാവശ്യം നോട്ടുകളും ടെക്സ്റ്റ് ബുക്കുകളും ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും കൈ മാറാറും ഉണ്ടായിരുന്നു .

ഹോസ്റ്റല്‍ ഇല്‍ ഒരു ദിവസം പതിവു പോലെ ഞാന്‍ ഭാസ്കരേട്ടനെ കാത്തിരിക്കുക ആയിരുന്നു . ഞങ്ങളുടെ പോസ്റ്റുമാന്‍ ആണ് ഭാസ്കരേട്ടന്‍ .
എന്നെ ഞെട്ടിച്ചു കൊണ്ടു ഒരു പോസ്റ്റ് കാര്ഡ് ആയിരുന്നു അന്ന് ഭാസകരേട്ടന്‍ കൊണ്ടുവന്നത് .ലീനയുടെ വക യാണ് പോസ്റ്റ് കാര്ഡ് .
'സുഹാന ഒരു അമ്പലത്തില്‍ വെച്ചു വിവാഹം കഴിച്ചു .പഴയ ആ പയ്യന്‍ തന്നെ , വിമല്‍ കൃഷന്‍ " എനിക്ക് ഒരു ഞെട്ടല്‍ ആയി ആ വാര്ത്ത . ആ വിമല്‍ കൃഷന്‍നെ കുറിച്ചൊക്കെ ഞാന്‍ ഓര്‍ത്തിട്ടു തന്നെ കാലം കുറെ ആയി .
നാട്ടില്‍ വന്നപ്പോള്‍ ആണ് വിശദമായി അറിഞ്ഞത് . സുഹാനയുടെ വീട് പൂട്ടി കിടക്കുക ആയിരുന്നു . അവര്‍ എല്ലാം എറണാകുളം തേക്ക്‌ താമസം മാറ്റി എന്ന് അമ്മ പറഞ്ഞു .
സുഹാനയുടെ വിവാഹ ശേഷം അവരെ ആരും കണ്ടിട്ടും ഇല്ല .സുഹാനയുടെ വിവാഹത്തിന്റെ അന്ന് ഇതൊന്നും അറിയാതെ ലീന സുഹാനയുടെ വീട്ടില്‍ പോയിരുന്നു .വാതില്‍ തുറന്നത് സുഹാനയുടെ അമ്മ .

'ആന്റി,ഞങ്ങള്‍ പല്ലു ഡോക്ടര്‍ മാരുടെ ആര്‍ട്സ് ഡേ മറ്റനാള്‍് . എന്റെ ഡാന്‍സ് ഉണ്ട് . ഒരു സാരാര വേണം സുഹാനയുടെ ഒരു പിന്ക് സാരാര ഇല്ലേ . ഇപ്പോഴും ഉണ്ടോ അത് .അതൊന്നു എടുത്തു വൈയ്ക്കാന്‍ പറയാമോ ?അല്ലെങ്കില്‍ വേണ്ട ഞാന്‍ ചെന്നിട്ടു ഫോണ്‍ വിളിക്കാം .അപ്പോഴേക്കും അവള്‍ വരും ആയിരിക്കും . സാധാരണ 4.40 യ്ക്ക് അല്ലെ സുഹാനയുടെ ട്രെയിന്‍ " അങ്ങനെ കുറെ കാര്യങ്ങള്‍ ലീന ഒറ്റ ശ്വാസത്തില്‍ പറഞ്ഞു .
ആന്റി നിശബ്ദം .
'ഓട്ടോ വെയിറ്റ് ചെയ്യുവാ . ഞാന്‍ പോട്ടെ ?" ഓട്ടോ യില്‍ കയറി ലീന സ്ഥലം വിടുകയും ചെയ്തു . ആന്റി യുടെ പെരുമാറ്റത്തില്‍ പ്രതേകിച്ചു ഒന്നും ലീന ശ്രദ്ധിച്ചതും ഇല്ല .പിന്നെ ആണ് സംഗതി കളുടെ കിടപ്പ് ലീനയുക്ക് മനസ്സിലായത് .
'ഏതായാലും അവള്ക്ക് വിവരം ഉണ്ടെന്നു എനിക്ക് ഇപ്പോഴാണ് മനസിലായത് .നിന്നോടൊക്കെ ഒരു വാക്കു പറഞ്ഞിരുന്നിന്കില്‍ ഈ നാടു മുഴുവന്‍ അറിഞ്ഞേനെ .എപ്പോഴേ അവളുടെ നികാഹ് അവളുടെ വാപ്പ നടത്തിയേനെ ."ലീന സുചന യുടെ ബുദ്ധി സമ്മതിച്ചു കൊടുത്തു .

ഇപ്പൊ വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞു .ശാലിനിയുമായി മാത്രമെ ഇപ്പോഴുംബന്ധം ഉള്ളു . ഓര്‍ക്കുട്ട് വഴി നിശയെയും തിരിച്ചു കിട്ടി.
സുഹാന ?
പിന്നെ കുറെ നാളായി കണ്ടിട്ടേ ഇല്ല . ഓഫീസിനടുത്ത്‌ ഒരു വീട് വെച്ചു താമസം തുടങ്ങിയിട്ട് ഇപ്പോള്‍ 3 വര്ഷം ആയി .ഒരു ആഴ്ച മുന്‍പ്പ് റോഡില്‍ വെച്ചു 'അശ്വതി ...' എന്നൊരു വിളി . ഇവിടെ എനിക്ക് പരിചയം ആയി വരുന്നേ ഉള്ളു . ഇതാരപ്പാ എന്ന് വിചാരിച്ചു നോക്കിയപ്പോള്‍ സുഹാന .ആദ്യം ശ്രദ്ധിച്ചത് വലിയ ഒരു പൊട്ടു ആണ് .
"ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഒക്കെ ഇവിടെ ആണ് താമസം .ഇവിടത്തെ അമ്പലത്തില് ഉത്സവത്തിനു വന്നതാണ് ."
വാപ്പ ?ഉമ്മ ?
"ആരുമായി ഒരു കോണ്ടാക്റ്റ് ഉം ഇല്ല .അന്യത്തി ദുബായില്‍ ആണ് . നികാഹ് ഒക്കെ കഴിഞ്ഞു .ഇതൊക്കെ കേട്ടറിഞ്ഞ വിശേഷങ്ങള്‍ ആണ് "
ജോലി ?
"ഏയ് .അങ്ങനെ ഒന്നും ശ്രമിച്ചില്ല .ഇവിടെയുള്ള ആ പെട്രോള്‍ ബങ്ക് ഇല്ലേ അത് ഞങളുടെ ആണ് ".
ഇത്തവണ തിരക്കില്‍ ആണെന്നും ഇനി വരുംപ്പോള്‍ എന്റെ വീട് വഴി വരാം എന്നും ഉറപ്പു നല്കി സുഹാന പിരിഞ്ഞു .

ഞാന്‍ കാറില്‍ പെട്രോള്‍ അടിക്കുന്നത് ആ ബങ്കില്‍ നിന്നാണ് .സ്ത്രീയെന്ന പരിഗണന കാരണം ഞാന്‍ ഒരു അര മണിക്കൂര്‍ എങ്കിലും അവിടെ കാത്തു നിന്നാലെ പെട്രോള്‍ അടിക്കാന്‍ പറ്റാരുള്ള് . എനിക്ക് പിന്നാലെ വന്ന എല്ലാ ഇരു ചക്ക്രക്കാരും പെട്രോള്‍ അടിച്ച് എന്നെ നോക്കി പരിഹസിച്ചു കടന്നു പോകുക ആണ് പതിവു . ഇന്നലെയും അത് അങ്ങനെ തന്നെ ആണ് സംഭവിച്ചത് .പെട്രോള്‍ അടിച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ അവളോട്‌ ' ഏത് വിമല്‍ കൃഷ്ണന്റെ പെട്രോള്‍ ബംഗ് തന്നെ അല്ലെ ?" എന്ന് ചോദിച്ചു അയാളെ ഞെട്ടിച്ചു .'അതെ .പരിചയം ഉണ്ടോ ?അറിയാമോ ?"എന്ന അയാളുടെ മറു ചോദ്യത്തിന് 'വിമല്‍ കൃഷ്ണന്റെ വൈഫ്‌ നെ നല്ലവണ്ണം അറിയാം" എന്നൊരു ഡയലോഗ് വീശി ഞാന്‍ .

നാളെ മുതല്‍ എങ്കിലും എനിക്ക് സമയത്തു പെട്രോള്‍ അടിച്ച് തരുമായിരിക്കും എന്നാ വിശ്വാസത്തോടെ വണ്ടി ഓടിക്കുംപ്പോള്‍ ഒരു സംശയം എനിക്ക് ബാക്കിയായി . എന്നെങ്കിലും എനിക്ക് സുഹാനയെ ശരിക്ക് അറിയാമായിരുന്നോ ?

Saturday, October 25, 2008

പേശും പടം

“ഭാര്യ” എന്ന സിനിമയാണ് എന്റെ ഓര്‍മയിലെ ആദ്യത്തെ സിനിമ.കഥ ഒന്നും മനസ്സിലായിലെന്കിലും “പഞ്ചാര പാലുമുട്ടായി ..” എന്ന പാട്ടു എനിക്ക് വല്യ ഇഷ്ടമായി . അവസാന ഭാഗത്തൊക്കെ ഞാന്‍ രാഗിനിയോടൊപ്പം കരഞ്ഞു കരഞ്ഞു തളര്‍ന്നു .നാലോ അഞ്ചോ വയസ്സായ എനിക്ക് എന്ത് മനസ്സിലായിട്ടാണോ ആവോ ?

പൊതുവെ സിനിമ തീയറ്റര്‍ എനിക്ക് പേടി ആയിരുന്നു അന്ന് . ഏതെങ്കിലും സിനിമ കാണാന്‍ എല്ലാവരും തീരുമാനിക്കുംപോഴേ ഞാന്‍ കരഞ്ഞു തുടങ്ങും . പിന്നെ വാഗ്ദാനങ്ങള്‍ ആണ് . മിട്ടായി , പുതിയ പെന്‍സില്‍ , ചെരുപ്പ് , ഉടുപ്പ് അതങ്ങനെ നീണ്ടു നീണ്ടു പോകും . പോകുന്നടത്തോളം പോകട്ടെ എന്ന് ഞാനും .

ഒടുവില്‍ ഒരു നീണ്ട വാഗ്ദാന പട്ടികയും പിന്നെ ബാഗ് നിറയെ തിന്നുന്ന സാധനങ്ങളും ആയി ഞങ്ങള്‍ സിനിമ കാണാന്‍ പോകും . അപ്പൊ എനിക്കൊരു വിശ്വാസം ഉണ്ടായിരുന്നു –സിനിമ തീയറ്റര്‍ എത്തുന്നത് വരെ “ടിക്കറ്റ് കിട്ടല്ലേ ,ടിക്കറ്റ് കിട്ടല്ലേ ” എന്ന് മനസ്സില്‍ പ്രാര്‍ത്ഥിക്കണം . എങ്ങനെ പ്രാര്‍ത്ഥി ക്കുന്നതിനിടയില്‍ ഒരിക്കല്‍ പോലും നിര്‍ത്താന്‍ പാടില്ല . അങ്ങനെ ചെയ്‌താല്‍ ടിക്കറ്റ് കിട്ടില്ല . പല തവണ ഈ വിദ്യ ഞാന്‍ പ്രയോഗിച്ചു നോക്കി വിജയിച്ചു . പ്രാര്ത്ഥന ഇടയ്ക്ക് വെച്ച് നിര്‍ത്തേണ്ടി വന്നപ്പോഴൊക്കെ ടിക്കറ്റ് കിട്ടിയിട്ടും ഉണ്ട്‌.
മുയലിന്റെയും ചക്കയുടെയും കഥ അന്ന് അറിയുകയും ഇല്ലായിരുന്നു. അത് കൊണ്ടു തന്നെ ഞാന്‍ എന്റെ വിശ്വാസത്തില്‍ മുറുകി പിടിച്ചു.
ഏത് പുതിയ സിനിമ വന്നാലും കാണാന്‍ ആവേശം ചേട്ടന് ആണ്. ഇന്നും അങ്ങനെ തന്നെ.
അച്ഛന്റെ പിന്നാലെ നടന്നു നടന്നു എങ്ങനെയും സമ്മതിപ്പിക്കാന്‍ ചേട്ടന് ഭയങ്കര മിടുക്കായിരുന്നു . അങ്ങനെ ആണ് ‘ദീപം ’ എന്ന സിനിമ കാണാന്‍ പോയത് . ഞങളുടെ വീടിനു അടുത്ത് തന്നെ ചെറിയ ഒരു തീയറ്റര്‍ ഉണ്ട്‌ . പതിവു പോലെ പ്രാര്‍ത്ഥിക്കാന്‍ ഒന്നും പറ്റിയില്ല.അഞ്ഞൂറ് 'ദീപം ' വിശേഷം പറയാന്‍ ഉണ്ട്‌ ചേട്ടന്.മൂളി കേട്ടാലും പോര അഭിപ്രായവും പറയണം.ഉദാഹരണത്തിന് "ഈ സിനിമയില്‍ നസീര്‍ മധുവിന്റെ അനിയന്‍ ആണ് എന്നാണ് ആരോ പറഞ്ഞതു പോസ്റ്റര്‍ കണ്ടപ്പോ നിനക്കു അങ്ങനെ തന്നെ ആണോ തോന്നിയത്?"ഇങ്ങനെയുള്ള ചോദ്യത്തിന് ഞാന്‍ എങ്ങനെ ആണ് മു‌ളി ഉത്ടരം പറയുന്നത്. പരയതിരുന്നലോ ഉടനെ പിണങ്ങും ചേട്ടന്‍.

തീയറ്റര്‍ എത്തുന്നത് വരെ ഞാന്‍ പ്രതീക്ഷ കൈ വിടില്ല . എങ്കിലും മധുവും ജയനും കുടി ഒരു പന്തവും പിടിച്ചു നില്ക്കുന്ന പോസ്റ്റര്‍ ഇന്റെ മുന്നില്‍ ഞാന്‍ എത്ര വിഷമിച്ചാണ് നിന്നത് എന്നോ ? ചേട്ടന് സന്തോഷം .സിനിമ തുടങ്ങിയതും ഞാന്‍ എന്റെ കലാ പരിപാടി തുടങ്ങി . അമ്മുയുടെ കൈയില്‍ നിന്നും ബാഗ് വാങ്ങി ആഹാര സാധനങ്ങള്‍ ഓരോന്നായി അകത്താക്കി തുടങ്ങി . സ്ക്രീനില്‍ നടക്കുന്നതൊന്നും ഞാന്‍ തീരെ ശ്രദ്ധിക്കാറില്ല . അവരായി അവരുടെ പാടായി .
ആഹാര സാധനങ്ങള്‍ തീര്ന്നു കഴിഞ്ഞാല്‍ ഞാന്‍ വീണ്ടും അസ്വസ്ഥ യാകും . പിന്നെത്തെ പരാതി കാണാന്‍ വയ്യ എന്നാണ് . അച്ഛന്‍ എന്നെ കസേര കൈയില്‍ ഇരുത്തും .പിന്നെ അന്തമില്ലാത്ത സംശയങ്ങള്‍ ." അയാള്‍ എന്തിനാ അങ്ങനെ പറഞ്ഞതു ? ആ ആന്റി കരയുന്നത് എന്തിനാ . " കഥ അറിയുക എന്നൊരു ഉദ്ദേശവും എനിക്കില്ലായിരുന്നു .ബാകിയുള്ളവര്‍ അങ്ങനെ സുഖമായി ഇരുന്നു കാണണ്ട എന്ന നിസ്വാര്‍ത്ഥ ചിന്ത മാത്രം .


പിന്നെയും ബോര്‍ അടിച്ചാല്‍ ഞാന്‍ ഉറങ്ങും . ഇതൊക്കെ ആയിരുന്നു രണ്ടു മുന്ന് വയസ്സ് കാലത്ത് ഞാനും സിനിമയും ആയ ബന്ധം . രണ്ടിലോ മുന്നിലോ പടിക്കുംപ്പോഴാനു ആ പേടി ഒന്നു മാറി കിട്ടിയത് . പിന്നങോട്ട്‌ ആക്രാന്തം പിടിച്ച സിനിമ കാണല്‍ ആയിരുന്ന്നു .

അപ്പോഴും എനിക്ക് സ്ക്രീനില്‍ സംഭവിക്കുന്ന മൊത്തം കാര്യങ്ങള്‍ മനസ്സിലായില്ല.എങ്കിലും ആര് 'സിനിമ പോകാമോ?' എന്ന് ചോദിച്ചാലും ആദ്യം ചാടി പുറപ്പെടുന്ന ഒരാളായി ഞാന്‍. ഈ മാറ്റത്തില്‍ ഏറ്റവും സന്തോഷിച്ചത്‌ ചേട്ടന്‍ ആയിരുന്നു.(ആയിരിക്കണമല്ലോ.)
ഒരിക്കല്‍ നാട്ടില്‍ പോയപ്പോള്‍ അവിടത്തെ ഒരു അമ്മായിയുടെയും അമ്മാവന്റെയും കൂടെ ഒരു സിനിമയ്ക്ക് പോയി. ഒരു ജയന്‍ സിനിമ .തിരിച്ചു വന്നപ്പോള്‍ ചേട്ടന് ആകെ സങ്കടം .കഥ അറിഞ്ഞേ പറ്റു.ഒരു നിവര്‍ത്തിയും ഇല്ല .ഞാന്‍ കൈ മലര്‍ത്തി. 'നീ കണ്ട പോലെ പറ' എന്നായി ചേട്ടന്‍.ജയന്‍ ജയിലില്‍ പോകും . പിന്നെ തിരിച്ചു വരും. വീണ്ടും പോലീസ് ക്കാര് പിടിചു കൊണ്ടു പോക്കും.പിന്നെയും ജയന്‍ തിരിച്ചു വരും. ചേട്ടന് കഥ കേട്ടു മതിയായി.
ആയിടയ്ക്ക് ആണു ഞങ്ങള്‍ ‘കുടെവിടെ ’ കാണാന്‍ പോയത്‌. ഇത്തവണ ആവേശം മൊത്തത്തില്‍ അമ്മയ്ക്ക് ആയിരുന്നു . ‘കുടെവിടെ ’ യുടെ കഥ മാതൃഭൂമിയില്‍ ( സംശയം ഉണ്ട് അത് തന്നെ ആണോ മാഗസിന്‍ എന്ന് ) വന്നിരുന്നു ‘ഇല്ലി കാടുകള്‍ പൂത്തപ്പോള്‍ ’ എന്ന പേരില്‍ .
അമ്മ അതിന്റെ ഒരു ഫാന്‍ ആയിരുന്നു . സിനിമയ്ക്ക് പോക്കുന്ന വഴി മുഴുവന്‍ അമ്മ സിനിമയ്ക്ക് പേരു 'കുടെവിടെ' യെ കാള്‍ നല്ല പേരു ‘ഇല്ലി കാടുകള്‍ പൂത്തപ്പോള്‍ ‘ ആണെന്ന് പറഞ്ഞു കൊണ്ടിരുന്നു .ചുവന്നു തുടുത്തു ചീര്‍ത്തിരിക്കുന്ന ബബ്ലു എന്ന നായകനെ കുറിച്ചും .
സിനിമ തുടങ്ങിയപ്പോള്‍ അമ്മയ്ക്ക് വീണ്ടും വിഷമം . ചുവന്നു തുടുത്ത അമ്മയുടെ ബബ്ലു എവിടെ ? മെലിഞ്ഞു നീണ്ട റഹ്മാന്റെ രവി എവിടെ ?എങ്കിലും സിനിമ മൊത്തത്തില്‍ ഇഷ്ടപെട്ടത് കൊണ്ടു അമ്മ അങ്ങ് ക്ഷമിച്ചു . പേരിന്റെ കാര്യത്തില്‍ മാത്രം അപ്പോഴും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു .
കുറച്ചു നാള്‍ ഞങ്ങളുടെ വീട്ടില്‍ ഒരു ചിറ്റപ്പന്‍ താമസിച്ചിരുന്നു . ചിറ്റപ്പനെ സോപിട്ടായി പിന്നെ സിനിമ കാണല്‍ .സെക്കന്റ് ഷോ മാത്രമെ ആ കാലത്ത് കണ്ടിട്ടുള്ളു . ഞങ്ങള്‍ അങ്ങോട്ട് ആവ്ശ്യപെടാതെ കൊണ്ടു പോയ ഒരു സിനിമ യെ ഉള്ളു ‘ഗാന്ധി ’. അതും സെക്കന്റ് ഷോ . ഞാന്‍ നോക്കുംപോഴൊക്കെ ചേട്ടന്‍ ഉറങ്ങുക ആയിരുന്നു . ചേട്ടന്‍ നോക്കുംപ്പോള്‍ ഞാനും .‘ദേ ഉപ്പ് സത്യാഗ്രഹം തുടങ്ങി ’ എന്ന് പറഞ്ഞു ഞാന്‍ അപ്പോഴൊക്കെ ചേട്ടനെ ഉണര്‍ത്തി . എനിക്ക് ആകെ ഗാന്ധിയുമായി ബന്ധപെട്ട് അറിയാവുന്നതു 'രാഷ്ട്ര പിതാവും ' 'ഉപ്പ് സത്യാഗ്രഹവും മാത്രമായിരുന്നു അപ്പോള്‍ .



കുറച്ചു കൂടെ വലുതായപ്പോള്‍ (?) ഞാനും ചേട്ടനും ഒറ്റയ്ക്ക് പോയി തുടങ്ങി സിനിമയ്ക്ക് . ഞങളുടെ വീട്ടിനു അടുത്തുള്ള തീയറ്റര്‍ ഇല്‍ മാത്രം . അത് പറയുമ്പ്പോള്‍ എനിക്ക് ആദ്യം ഓര്‍മ വരുന്നതു ടിക്കറ്റ് കൌണ്ടറില്‍ തുങ്ങി കിടന്നു ടിക്കറ്റ് എടുക്കുന്ന ചേട്ടനെ ആണു . അത്രയും ചെറിയ കുട്ടിയായിരുന്നു ചേട്ടന്‍ . ടിക്കറ്റ് കൌണ്ടര്‍ ഇന്റെ അകം ഒന്നു കാണണം എന്നതായിരുന്നു എന്റെ അപ്പോഴത്തെ ആഗ്രഹങ്ങളില്‍ ഒന്നു .എന്ത് സംഭവിച്ചാലും എന്റെ കൈ വിടരുത് എന്ന് അമ്മയുടെ കര്‍ശന നിര്‍ദേശം ഉള്ളത് കൊണ്ടു ഒരു കൈ എപ്പോഴും busy ആയിരിക്കും ചേട്ടന്റെ . ഞാന്‍ ചേട്ടനെന്റെ കൈയില്‍ തുങി എപ്പോഴും . ചേട്ടന്‍ എന്നെ സൈഡ് സീറ്റില്‍ മാത്രമെ ഇരിത്തു . വേറെ ആരും അടുത്ത് ഇരിക്കാതെ ഇരിക്കാന്‍ ഒരു പ്രോട്ടെക്ഷേന്‍ .അമ്മയുടെ സ്റ്റഡി ക്ലാസ്സിന്റെ ബാക്കി . അടുത്ത് ചേട്ടനും ഇരിക്കും .ഏതായാലും ഞങ്ങള്‍ നാട്ടുകാര്‍ക്കു ഒരു അത്ഭുതം ആയിരുന്നു .

VCP വീട്ടില്‍ വാങ്ങിയപ്പോഴാണ്‌ തീയറ്ററില്‍ പോക്ക് നിന്നത്.വീണ്ടും ആക്ക്രാന്തം പിടിച്ച സിനിമ ദിനങ്ങള്‍ .ഹിന്ദി ,മലയാളം ,തമിഴ്,ഇംഗ്ലീഷ് ഭാഷ യൊന്നും നോക്കാതെ കാണല് തന്നെ .ഇംഗ്ലീഷ് സിനിമ ആണെന്കില്‍ ഞാന്‍ ചോദിച്ചു കൊണ്ടേ ഇരിക്കും "ഇപ്പൊ എന്താ പറഞ്ഞതു?" "let us go out for dinner" എന്നതിന്റെ പരിഭാഷ സഹികെട്ട് ചേട്ടന്‍ പറയുന്നതു "നമ്മക്ക് പോയി കഞ്ഞി കുടിക്കാം " എന്നായിരിക്കും കുറച്ചു കഴിയുംപ്പോള്‍ .വീഡിയോ ലൈബ്രറി ക്കാരന്‍ ഒരു ദിവസം ഞങ്ങളെ കണ്ടില്ലെന്കില്‍ 'പനി ആണോ?" എന്ന് ഫോണ്‍ വിളിച്ചു ചോദിക്കുന്ന അവസ്ഥ .
ക്ഷമയുടെ നെല്ലിപടി കണ്ടു തുടങ്ങിയപ്പോള്‍ അമ്മ ഒരു നിയമം വെച്ചു . ഒരു ദിവസം ഒരു സിനിമയെ കാണാവു .അങ്ങനെ കുറച്ചൊക്കെ ശാന്തത കൈവന്നു ഞങ്ങളുടെ പാവം വീടിനു .

ചേട്ടന്‍ പെട്ടിയും കിടക്കയും എടുത്തു പഠിപ്പിന്റെ പേരില്‍ സ്ഥാലം വിട്ടപ്പോള്‍ വീണ്ടും എന്റെ സിനിമ കാണല്‍ അധോഗതിയില്‍ ആയി .
പ്രീ ഡിഗ്രി ക്ക് പഠിക്കുമ്പോഴാണ് ഞങ്ങള്ക്ക് ഒരു തോന്നല്‍ . ഞങ്ങള്‍ ഒക്കെ വലിയ കുട്ടികള്‍ ആയില്ലേ എന്നൊരു കൊനഷ്ട്ടു വിചാരം .
ഇനിയിപ്പോള്‍ അച്ഛന്റെയും അമ്മയുടെയും കുടെയാണോ ഫ്രണ്ട്സ് ഇന്റെ കൂടെ യല്ലേ സിനിമയ്ക്ക് പോകേണ്ടത് എന്നൊരു ചിന്ത .
ഞങള്‍ വീട്ടില്‍ പറഞ്ഞു ‘ഞങ്ങള്‍ 'റോജ ' കാണാന്‍ പോകുവാണ് ".
അമ്മയും അച്ഛനും എന്നെ തമാശ മട്ടില്‍ നോക്കി .
ഇതു തമാശയല്ല എന്ന് അവര്ക്കു മനസ്സിലായപ്പോള്‍ പിന്നെ അത്ഭുതമായി.

കാര്യം അവതരിപ്പിച്ചപ്പോള്‍ എല്ലാ വീട്ടിലെയും സ്ഥിതി ഇതൊക്കെ തന്നെ ആയിരുന്നു.
ഒടുവില്‍ എല്ലാവര്ക്കും സമ്മതം കിട്ടുക തന്നെ ചെയ്തു.ഒരു കരാറില്‍ റീനയുടെ അമ്മച്ചി (അമ്മുമ്മ) കൂടെ വരും. അത് ഞങ്ങള്‍ അങ്ങ് സഹിച്ചു.റീന ഒഴിച്ച്.അങ്ങനെ ഞങ്ങള്‍ ഒരു പട പെണ്‍ പിള്ളേര്‍ അമ്മച്ചിയുടെയും അപ്പുപ്പന്റെയും നേതൃത്വത്തില് 'റോജ' കാണാന്‍ പോയി. ആദ്യമായി കുട്ടുകാരുടെ കൂടെ സിനിമ കാന്നുന്ന ത്രില്ലില്‍ ആയിരുന്നു ഞങ്ങള്‍. റീന മാത്രം മുഖം വിര്‍പ്പിച്ചിരിന്നു.മധുബാല യുടെ ചാട്ടവും ഓട്ടവും ഒന്നും ആദ്യമേ അമ്മച്ചിക്ക് ഇഷ്ടപെട്ടില്ല. അത് തീയറ്റര്‍ മുഴുവന്‍ കേള്‍ക്കുന്നത് പോലെ അമ്മച്ചി അങ്ങ് പറയുകയും ചെയ്തു.
റീന പിന്നെയും മുഖം ചുവപ്പിച്ചു ഇരുന്നു.അമ്മച്ചി ഉറങ്ങി തുടങ്ങിയപ്പോഴാണ് റീനയുടെ മുഖം ഒന്നു തെളിഞ്ഞത്.
കണ്ണൂര്‍ പോയപ്പോ പിന്നെ വീണ്ടും സിനിമയുടെ ഉത്സവ കാലം ആയി.പരീക്ഷ തീര്‍ന്ന സന്തോഷത്തില്‍, പരീക്ഷ മാറ്റി വെച്ച സന്തോഷത്തില്‍,നല്ല സിനിമ എന്ന് ആരോ പറഞ്ഞതു ശരി ആണോ എന്ന് അറിയാന്‍, ഇങ്ങനെ സിനിമ കാണാന്‍ കാരണങ്ങള്‍ ഉണ്ടായി കൊണ്ടേ ഇരുന്നു.നല്ല തല വേദന ഉള്ളപ്പോള്‍ സിനിമ കാണാന്‍ പോക്കുന്ന വഴി വിക്ക്സ് വാങ്ങി പോയിട്ടുണ്ട്. എന്ത് വന്നാലും സിനിമ മാറ്റി വെയ്ക്കുന്ന പ്രശ്നമേ ഇല്ല എന്നതാണ് മട്ട്.

ഇപ്പോള്‍ സിനിമയുമായി വലിയ അകലം.അത്യാഗ്രഹം മുത്തു ഇപ്പോഴും ചേട്ടന്റെ ഡി വി ഡി കള്‍ കൊണ്ടു വയ്ക്കും എന്നല്ലാതെ കാണാന്‍ സമയം കിട്ടാറില്ല. പക്ഷെ അങ്ങനെ ഞാന്‍ തോറ്റു കൊടുക്കില്ല. എന്റെ കുട്ടികള്‍ ഒന്നു വലുതാകട്ടെ ഞാന്‍ കാണാതെ പോയ എല്ലാ സിനിമയും കുത്തിയിരുന്നു കാണും ഞാന്‍ .ആ പ്രതീക്ഷയില്‍ വീണ്ടും കാണണം എന്ന് തോന്നി ചേട്ടന്റെ കൈയില്‍ നിന്നും വാങ്ങിയ ഇജാസത്തും , ചോ‌രന്ഗി ലെനും ആരന്ന്യകവും സ്പര്ശും ഒന്നും തിരിച്ചു കൊടുത്തിട്ടില്ല.
ചേട്ടന് ഇപ്പോഴും നല്ല ഒരു കളക്ഷന്‍ ഡി വി ഡി ഉണ്ട്.ആ അലമാരയുടെ അടുത്ത് കുടി പോകാന്‍ എല്ലാവര്ക്കും പേടി ആണെന്ന് മാത്രം.ഏതെങ്കിലും ഒരു ഡി വി ഡി ആരെങ്കിലും ഒന്നു എടുത്താല്‍ 'വെച്ചിരുന്ന ഓര്‍ഡര്‍ തെറ്റി, അല്ലെങ്കില്‍ കുഴച്ച് മറിച്ചു' എന്നൊക്കെ ഒരു ബഹളം പതിവു.ജീവനില്‍ കൊതിയുള്ള ആരും ആ വഴി പോകാറില്ല .

'വെറുതെ ഒരു ഭാര്യ' കാണ്ടാലോ എന്നൊരു ആലോചന വന്നപ്പോള്‍ ഭര്‍ത്താവിനോട് 'വഴിയേ പോക്കുന്ന വയ്യാവേലി ആണ് എടുത്തു തോളത്തു വെയ്ക്കണ്ട 'എന്നാണ് ആരോ ഉപദേശിച്ചത്. ആഹാ..എന്നാ പിന്നെ കണ്ടിട്ട് തന്നെ വേറെ കാര്യം എന്ന് ഞാനും തീരുമാനിച്ചു.
സിനിമ കഴിഞ്ഞു ഇറങ്ങുപ്പോള്‍ ഒന്നു പേടിപ്പിക്കാന്‍ 'രാജി വെയ്ക്കട്ടെ രാജി വെയ്ക്കട്ടെ ' എന്ന് ചോദിച്ചപ്പോള്‍ 'ഓ, എനിക്ക് രണ്ടു ആണ്‍ കുട്ടികളാ.. ' എന്നായിരുന്നു മറുപടി.ഇവരെ ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല ...

അടുത്ത ലക്ഷ്യം 'തിരക്കഥ '.ഭര്‍ത്താവ് ഒറ്റയ്ക്ക് പോയി കണ്ടു എന്നൊരു നിരാശയില്‍ ഇരിക്കുന്ന സ്വപ്ന കുട്ടുണ്ട്. പിന്നെ 'നല്ല സിനിമ ആണെന്നാ തോന്നുന്നേ' എന്നൊക്കെ പറഞ്ഞു ഞങ്ങള്‍ മസ്തിക്ഷ പ്രക്ഷാളനം നടത്തിയ ഒന്നു രണ്ടു പേരും.പക്ഷെ വീണ്ടും പ്രശ്നം . ഞങ്ങള്‍ ആളെ കുട്ടി വന്നപ്പോഴേക്കും സിനിമ സിനിമയുടെ വഴിക്ക് പോയി കഴിഞ്ഞു .മടങ്ങി വരും എന്ന്‍ പ്രതീക്ഷയില്‍ ആണ് ഞങ്ങള്‍.
വരുമായിരിക്കും അല്ലെ?


************************************
ജാമ്യം :- ഞാന്‍ ഒരു ചിത്രക്കാരി അല്ല.പടം കാണുംപ്പോള്‍ മനസ്സിലാവുന്നുണ്ടല്ലോ ?

Monday, October 13, 2008

ചുക്കു ചുക്കു തീവണ്ടി...



"കുട്ടികളെ,രണ്ടു ദിവസം ഹോസ്റ്റലില്‍ വെള്ളം കാണില്ല. ക്ലാസ്സ് suspend ചെയ്തിട്ടുണ്ട്..."
പിന്നെ മോട്ടോര്‍ കേടായതിനെ കുറിച്ചും അത് നന്നാക്കാന്‍ പോയിട്ട് അതിനെ ഒന്നു തുറിച്ചു നോക്കാന്‍ പോലും മേനക്കെടാത്ത ഭാവി ഇലക്ട്രിക്കല്‍ engineers നെ കുറിച്ചും വാര്ടെന്‍ വാചാലനാകുംപ്പോള്‍ എല്ലാവരും അവരവരുടെ മുറിയിലെക്കൊടും.ഹോസ്റെലിനു പിന്നില്‍ കുറച്ചു ദൂരത്താണ് കിണര്‍. ബക്കറ്റുമായി ഒരു മാരതോന്‍ . ഞാനും ഓടും മുറിയിലേക്ക്.ബക്കറ്റ് എടുക്കാന്‍ അല്ല. കൈയില്‍ കിട്ടിയ തുണികള്‍ ബാഗില്‍ കുത്തിനിറച്ച് വീട്ടില്‍ പോക്കാന്‍. ഒരു ലക്ഷ്യം മാത്രം. 5.00൧൫ നുള്ള മലബാര്‍ എക്സ്പ്രസ്സ് അല്ലെങ്കില്‍ 8.30 നുള്ള കണ്ണൂര്‍ എക്സ്പ്രസ്സ്.

റിസര്‍വേഷന്‍?

ഓ, അങ്ങനെ ഒന്നും ആലോചിക്കാറെ ഇല്ല.

ലേഡീസു കംപാര്‍ട്മെന്റില്‍ നല്ല തമാശ ആണ്.
സ്ഥിരമായി കോഴിക്കോട്-കണ്ണൂര്‍ യാത്ര ചെയുന്ന കുറെ പേരുണ്ട് അതില്‍ . ശരിക്കും ഒരു ഗാന്‍ഗ്. അതില്‍ ടീച്ചര്‍ മാരുണ്ട്. ബാങ്ക് ഉദ്യോഗസ്തര്‍ ഉണ്ട് . വിവിധ ഓഫിസുകളില്‍ പണിയെടുക്കുന്നവര്‍ ഉണ്ട്. അവര്‍ ഓരോ ദിവസവും തവണ വെച്ചു എന്തെങ്കിലും പലഹാരം വാങ്ങി വരും. ട്രെയിന്‍ കണ്ണൂര്‍ വിടുംപ്പോള്‍ എല്ലാവരും കൂടി തുടങ്ങും ബഹളം. പലഹാരം പങ്കു വെയ്ക്കലും വിശേഷം പറയലും.ചിലപ്പോള്‍ അവര്‍ അന്ത്യക്ഷരി കളിക്കും.ചിലപ്പോള്‍ ടോപ്പിക്ക് ആയിടെ ഇറങ്ങിയ സിനിമയെ കുറിച്ചായിരിക്കും.ഏതായാലും യാത്ര അവര്‍ ആഖോഷം ആക്കിയിരുന്നു.
ഏതാണ്ട് 25 മുതല്‍ പെന്‍ഷന്‍ ആവാറായി എന്ന് തോന്നിപ്പിക്കുന്നവര്‍ വരെ ഉണ്ട് ഈ സംഘത്തില്‍. അതൊരു അപൂര്‍വ സംഘം തന്നെ ആയിരുന്നു.

നമുക്കു പിന്നെ 'തിരുന്തോരം' വരെ പോകേണ്ടത് കൊണ്ടു കയറിയാല്‍ ഉടനെ 'ബര്‍ത്ത് പിടിക്കും'.പഴം പോരിയുടെയും വടയുടെയും മണം മുക്ക് തുളച്ചു കാറ്റു കയറിയ വയറ്റില്‍ എത്തും .മണത്തു മണത്തു ഇരിക്കാം എന്നല്ലാതെ വേറെ കാര്യം ഒന്നും ഇല്ല. അത് കൊണ്ടു ജാഡ വിടാതെ പുസ്തകം തുറന്നു പിടിക്കുക തന്നെ ഏക വഴി.

ക്രിസ്തുമസ് അവധി തുടങ്ങുന്ന സമയം. 'നാളെ നാളെ' എന്നൊരു ഗണപതി കല്യാണം ആയി റിസര്‍വേഷന്‍.

"ഓ, നമുക്കങ്ങു ലേഡീസില്‍ പോകാം"മാവേലിക്കരക്കാരിയുടെ ചില്ലുവാതിലുകളിളുടെ കണ്ണുകള്‍ തിളങ്ങി.

"ഓകെ , ശീതള്‍"ഞാനും ഉഷാറായി.

"നമുക്കു നേരത്തെ പോയി സീറ്റ് പിടിക്കണം"ഞങ്ങള്‍ പ്ലാനും പദ്ധതിയും തയ്യാറാക്കി.

"കോഴിക്കോട് വരെ ഞാനും ഉണ്ട്" പ്രസീത.

"പോര്,പോര്"ഞങ്ങള്‍ കുടുംബത്തില്‍ നിന്നു കൊണ്ടു വന്ന സ്വന്തം വണ്ടി എന്ന മട്ടില്‍ ഞങ്ങള്‍ ക്ഷണിച്ചു.
ബുദ്ധിമതികള്‍ ആയ ഞങ്ങള്‍ കോളേജില്‍ നിന്നു നേരത്തെ ചാടി .കൃത്യം 4.00 നു റെയില്‍വേ സ്റ്റേഷനില് എത്തി.

പക്ഷെ ഞങ്ങള്‍ എത്ര നേരത്തെ എത്തിയാലും മംഗലാപുരത്ത് നിന്നും വരുന്ന മലബാര്‍ 5.30 നെ വരൂ എന്നൊരു ഭൂതോദയം ഞങ്ങള്ക്ക് സ്റ്റേഷനില് എത്തിയതിനു ശേഷമാണ് ഉണ്ടായതു.ടിക്കറ്റ് എടുത്തു പെട്ടിയുമായി ഞങ്ങള്‍ ട്രെയിന്‍ കാത്തു നിന്നു.
"പിന്നിലല്ലേ ലേഡീസു കംപാര്‍ട്മെന്റ് വരുന്നതു .നമുക്കു പിന്നോട്ട് പോയി നില്‍ക്കാം" വീണ്ടും ശീതളിന് ബുദ്ധി തെളിഞ്ഞു.
ലേഡീസിലെ പതിവുക്കാര്‍ ഉള്ളത് കൊണ്ടു കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടിയില്ല.
ഞങ്ങള്‍ അവരെ ചുറ്റിപറ്റി നിന്നു. സമയം കഴിയും തോറും ആളുകളുടെ എണ്ണവും കൂടി കൂടി വന്നു.
" ഈ പെണ്ണുങ്ങള്‍ എല്ലാം കുടി ഏത് എങ്ങോട്ടാ?" ഞാന്‍ ആത്മഗതിച്ചു .

"നാളെ തന്നെയാ എല്ലാവര്ക്കും അവധി തുടങ്ങുന്നത്"പ്രസീത GK വിളംബി.

5.30 നു തന്നെ വണ്ടി എത്തി.KSRTC ബസില്‍ കയറാന്‍ ഇത്രയും തിരക്കില്ല.ഉന്തും തള്ളും. ഒരു വിധം വാതിലില്‍ പിടി കിട്ടിയതും ആരോ എന്റെ കൈയില്‍ നുള്ളി.
അറിയാതെ ഞാന്‍ വാതിലിലെ പിടി വിട്ടു. എനിക്ക് കളി മനസ്സിലായി..ചുമ്മാതങ്ങു നിന്നു. അപ്പുറവും ഇപ്പുറവും നിന്നവര്‍ എന്നെ ഉന്തി ഉന്തി വണ്ടിയ്ക്ക് അകത്താക്കി.

അകത്തു അതിലും വലിയ മാമാങ്കം. മംഗലാപുരതുള്ള മലയാളി പെണ്‍കുട്ടികള്‍ മുഴുവന്‍ ആ ട്രെയിനില്‍ കയറി പറ്റിയിട്ടുണ്ട്.

പെട്ടെന്ന് " ഇങ്ങു പോര്,ഇവിടെ സ്ഥലമുണ്ട്" എന്നൊരു ശബ്ദം തലയ്ക്കു മുകളില്‍ നിന്നും.
നീണ്ടു വന്ന കൈയില്‍ തുങ്ങി ഞാന്‍ മുകളിലേക്ക്. അവിടെ അപ്പോഴേ മുന്ന് പേര്‍ ഉണ്ട്. നാല് ബാഗും. ഞാനും എന്റെ ബാഗ് മടിയില്‍ വെച്ചു അതിനിടയില്‍ എന്നെ കുത്തി ത്തിരുകി.
കൂടെ ഇരുന്നവരെ ഞാന്‍ നന്ദി സുചകമായി ചിരിച്ചു കാണിച്ചു.

"ഏതായാലും ഒരാള്‍ കുടി കയറും.ഇയാള്‍ ആകുംപോള്‍ കുറച്ചു സ്ഥലം മതിയല്ലോ എന്ന് വിചാരിച്ചാ" മംഗലാപുരംക്കാരി നയം വ്യക്തമാക്കി.
"എന്റെ ദൈവമേ, ഇന്നു ഞാന്‍ കാണുന്നവര്‍ എല്ലാം ബുദ്ധിമതികള്‍ ആണല്ലോ" ഞാന്‍ നെടുവീര്‍പ്പിട്ടു.
ശീതള്‍ എവിടെയോ ഒന്നു ഞെരുങ്ങി ഇരുന്നു കഴിഞ്ഞു താഴെ.പ്രസീത അപ്പോഴും ഒഴുക്കിലാണ്.

രണ്ടു കവിളുകളിലുടെയും കണ്ണുനീര്‍ ധാരധാരയായി ഒഴുകുന്നുണ്ട്.പ്രശസ്തയായ ഒരു ഡോക്ടറുടെ മകളാണ് പ്രസീത. ലേഡീസു കംപാര്‍ട്മെന്റ് ഒരു പുത്തന്‍ അനുഭവം ആയിട്ടുണ്ടായിരുന്നു.
'ദരിദ്രവാസികളെ...നീയൊക്കെ ഇങ്ങനെ ആണോ എപ്പോഴും പോകുന്നത് 'എന്നൊരു ചോദ്യം ആ കണ്ണുനീരില്‍ മറഞ്ഞു കിടപ്പുണ്ടായിരുന്നോ എന്ന് അറിയില്ല. റോമ നഗരം കത്തി എരിയുംപ്പോഴും നീറോ ചക്രവര്‍ത്തിക്ക് വീണ വായന എന്ന് പറയുന്നതു പോലെ വടയുടെയും പഴം പോരിയുടെയും മണം അവിടൊക്കെ തങ്ങി നിന്നു.
കോഴിക്കോട് പ്രസീത മു‌ക്ക് ചീറ്റി കണ്ണ് തുടച്ചു യാത്രയായി. വട-പഴം പൊരി ഫ്രണ്ട്സും പിരിഞ്ഞു. എങ്കിലും തിരക്ക് പഴയത് പോലെ തന്നെ.ഞാന്‍ ഇരുന്നു ഉറങ്ങി തുടങ്ങി.ശീതള്‍ പതിവു പോലെ കണ്ണുരുട്ടി എന്നെ തുറിച്ചു നോക്കി.
"നല്ല മനസ്സുള്ളവര്‍ക്ക് എവിടെ ഇരുന്നാലും ഉറങ്ങാം " ഞാന്‍ തത്വം പറഞ്ഞു.

ശീതള്‍ വീണ്ടും കണ്ണ് ഉരുട്ടി. മാവേലിക്കര വരെ ഞാന്‍ ഗാഡനിദ്രയില്‍ ആവുക ആണ് പതിവു. രണ്ടുപേരും കൂടെ കണ്ണും തുറന്നു പിടിച്ചു പെട്ടിക്ക് കാവല്‍ ഇരിക്കേണ്ട കാര്യം ഇല്ലല്ലോ. തിരിച്ചു വീട്ടിലേക്കുള്ള പോക്കായത് കൊണ്ടു ആ പെട്ടിയില്‍ കാര്യമായി ഒന്നും ഇല്ല താനും . നാല് ടെക്സ്റ്റ് ബുക്കും വീട്ടില്‍ പോയി അലക്കാം എന്ന് വിചാരിച്ചു കുട്ടി വെച്ചിക്കുന്ന കുറെ ഉടുപ്പുകളും.ശീതള്‍ ഉറങ്ങില്ല എന്ന് ഉഗ്ര ശപഥം എടുത്ത ആളായത് കൊണ്ടു എന്റെ കാര്യം സുഖമായി.

തൃശൂര്‍ കഴിഞ്ഞപ്പോള്‍ വാതിലിനടുത്ത് നിന്നും ഒരു നിലവിളി.
ഞെട്ടി ഉണര്‍ന്ന ഞാനും കൂടെ കാറി. അതിന് ഞാന്‍ പണ്ടേ ഒരു എക്സ് പേര്‍ട്ട് ആണ്. എവിടെ നിലവിളി കേട്ടാലും കൂടെ നിലവിളിക്കും.ഒരു ഭ്രാന്തന്‍ കയറിയതാണ് പ്രശ്നം.പകുതി ഉറക്കത്തില്‍ ആരോ ആ ഭാഗത്തേക്ക്‌ പോയപ്പോള്‍ അയാളെ കണ്ടു പേടിച്ചതാണ്.പേടിപ്പിക്കുന്ന ഒരു രൂപവും ആയിരുന്നു അയാള്‍ക്ക്‌. തടിയും മുടിയും മുഷിഞ്ഞ വേഷവും.അയാള്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി . പിന്നെ പൊട്ടി കരയാനും.

അയാള്‍ കംപാര്‍ട്ട് മെന്റ് ഇന്റെ അകത്തേക്ക് വന്നു . താഴെ ഉണ്ടായിരുന്ന എല്ലാവരും മറു ഭാഗത്തേക്ക്‌ ഓടി. കൂടെ അയാളും .ഒരു വള്ളം ആയിരുന്നെകില്‍ അത് അപ്പോള്‍ മറിഞ്ഞേനെ.ബഹളം കേട്ടു ഉണര്‍ന്നവര്‍ കാര്യം അറിയാതെ ഓടുന്നവരുടെ കൂടെ കുടി.
ആകെ ബഹളം.എന്ത് ചെയ്യണം എന്ന് അറിയാതെ ഞാന്‍ മുകളില്‍ ഇരുന്നു.
"ചെയിന്‍ വലിക്കു,ചെയിന്‍ വലിക്കു"എല്ലാവരും എന്നോട്.
എന്റെ തൊട്ടടുത്ത്‌ തന്നെ ആണ് ചെയിന്‍, ഞാന്‍ അതില്‍ വലിച്ചു നോക്കി. ഒരു അനക്കവും ഇല്ല. എല്ലാ ശക്തിയും പ്രയോഗിച്ചു. "വണ്ണം ഇല്ലെങ്കില്‍ എന്താ എനിക്ക് ഭയങ്കര ആരോഗ്യമാ" എന്നുള്ള എന്റെ അഹങ്കാരം അപ്പാടെ നിമിഷങ്ങള്‍ കൊണ്ടു അപ്രത്യക്ഷമായി.
ബര്‍ത്തിനു മുകളില്‍ ഇരുന്നവര്‍ താഴേക്ക്‌ നോക്കി 'അയ്യോ അയ്യോ ' എന്ന് വിളിച്ചു കൊണ്ടിരുന്നു.
ഭ്രാന്തന്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടുക ആണ്. അതിനൊപ്പം യാത്രക്കാരും.അയാള്‍ ഓടി എന്റെ തൊട്ടു താഴെ എത്തി. എനിക്ക് ശബ്ദം പുറത്ത് വരുന്നില്ല.ഞാന്‍ ചെയിന്‍ ഇലെ ഗുസ്തി നിര്‍ത്തി.അയാള്‍ എന്നെ നോക്കി ഒന്നു ചിരിച്ചു. അടുത്തത് എനിക്കിട്ടു രണ്ടു അടി ആയിരിക്കും എന്ന് ഞാന്‍ ഉറപ്പിച്ചു.അല്ലെങ്കില്‍ തെറി .

പെട്ടെന്ന് അയാള്‍ ചെയിന്‍ വലിച്ചു. നിഷ്പ്രയാസം. ഞാന്‍ അടി വീണു എന്ന് വിചാരിച്ചു 'അയ്യോ' എന്ന് കാറി.

ഞങ്ങളെ ഒക്കെ കിടു കിടെ വിറപ്പിച്ചു അത്രയും പെണ്ണുങ്ങള്‍‍ക്ക് ഇടയില്‍ വില്ലന്‍ ചിരിയോടെ നിന്ന ഭ്രാന്തന്‍ പോലീസിനെ കണ്ടതോടെ കവാത്ത് മറന്നു. ശാന്തനായി .
"വരൂ..പോകാം" എന്നൊരു ഡയലോഗോടെ അവരോടൊപ്പം പുറത്തേക്ക്.
കംപാര്‍ട്ട് മെന്റ് ഇല്‍ കുട്ട ദീര്‍ഘനിശ്വാസം .
ശീതള്‍ ഓടി തളര്‍ന്നു ഉറങ്ങി. ഞാന്‍ എന്റെ ഉറക്കം പോയത് കാരണം ശേഷ യാത്രയില്‍ ഞാന്‍ കണ്ണും തുറിച്ചിരുന്നു.

"നല്ല മനസ്സു ഇല്ലാത്തത് കൊണ്ടാവുമോ എനിക്ക് ഉറങ്ങാന്‍ പറ്റാത്തത്?"
*************************************************************
ഇതു കൊണ്ടു ഒന്നും എന്റെ ട്രെയിന്‍ കഥകള്‍ തീരുന്നില്ല.ഇതൊരു തുടക്കം മാത്രം.
എന്റെ പഴയ ട്രെയിന്‍ യാത്രകള്‍ ഓര്‍മിപ്പിച്ച നന്ദകുമാറിന്റെ ഈ പോസ്റ്റിനു നന്ദി.
"ബ്ലോഗിന് ഒരു ചിത്രം വരച്ചു കൂടെ?"എന്നൊരു ചോദ്യം ചോദിച്ചു മുകളില്‍ കാണുന്ന എന്റെ സാഹസത്തിനു കാരണമായ വിക്രമാദിത്യ മഹാരാജാവിനോട്‌ പ്രത്യേകം നന്ദി.ചിത്രം ഈ പരുവത്തില്‍ ആണെന്നുള്ളത്‌ സദയം ക്ഷമിക്കുമല്ലോ.(അണ്ണാറ കണ്ണനും തന്നാല്‍ ആയതു എന്ന
പഴംചൊല്ല് ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കും )

Tuesday, September 2, 2008

ശ്രീമംഗല കാഴ്ചകള്‍

"ഇത് ജൈവ വളങ്ങള്‍ മാത്രം ഉപയോഗിച്ചു വളര്‍ത്തിയെടുത്ത എന്റെ സ്വന്തം തോട്ടത്തിലെ ചീര " എന്റെ ചീര തോരനെ നോക്കി ഇന്നലെ ഉച്ചയ്ക്ക് ഓഫീസില്‍ ഇരുന്നു ഞാന്‍ അഭിമാനിച്ചു.
"സ്വന്തം?" സ്വപ്നയുടെ സംശയ കണ്ണുകള്‍ തിളങ്ങി.
"എന്താ സംശയം.എന്റെ തോട്ടത്തിലെ , എന്ന് വെച്ചാല്‍ എന്റെ വീടിനു രണ്ടു മു‌ന്നു മതില്‍ അപ്പുറത്തെ ....ചേട്ടന്റെ 'ശ്രീ മംഗലത്തെ'....എന്റെ ഗൌരി,എന്റെ സുമ, എന്റെ ചേട്ടന്‍,എന്റെ ശ്രീ മംഗലം.അപ്പൊ പിന്നെ അവിടെത്തെ പച്ചകറികള്‍ എന്റെ തന്നെ അല്ലെ?"
"ആണോ?"
"ആണ്.ആവണം.അല്ല പിന്നെ..."
അഞ്ചു കൊല്ലം മുന്പ് എങ്ങനെ ആയിരുന്നില്ല ഈ ശ്രീ മംഗലം.
നിറയെ തെങ്ങ് മാത്രം. നമ്മുടെ സോഫ്റ്റ്‌വെയര്‍ പുലി ആയ ചേട്ടന്‍ കയറി മേഞ്ഞു ഇങ്ങനെ ആക്കി എടുത്തതാണ് .
അപ്പൊ ഇതാ കുറച്ചു ശ്രീ മംഗല കാഴ്ചകള്‍.













എന്റെ ഗൌരി.ഞങ്ങളുടെ ചീര ...



നീല പേരയ്ക്ക ...പേരു പോലെ സുന്ദരി

പച്ച മാങ്ങാ..പച്ച മാങ്ങാ..
മു‌വാണ്ടന്‍

ഒരു നാള്‍ ഞാനും വളരും വലുതാക്കും ...പാവല്‍

ഇപ്പൊ സ്റ്റൈല്‍ ഇല്‍ നിന്നോ ..ഉടനെ നിന്നെ ഞാന്‍ അടുപ്പത്താക്കും .പടവലങ്ങ

കോവയ്ക്ക ഉള്ള ഇടത്തില്‍ ഐശ്വര്യം ചുമ്മാ വന്നു കയറും എന്നാണ് പ്രമാണം .

കണ്ടോ ഞങ്ങടെ വഴ കുലച്ചു നില്ക്കുന്നത് ...

വഴുതനങ്ങ

ഒരു cauliflower പരീക്ഷണം

ശ്..എന്തൊരു എരിവു ...

ഇതും ഒരു ടെറസ്...

'Butter fruit'. മലയാളം എന്താ എന്ന് അറിയാമോ?എനിക്കറിയില്ല.സഹായിക്കു..

ആത്തിചക്ക എന്ന് ഞങ്ങള്‍ വിളിക്കും. നിങ്ങളോ?

കൈതച്ചക്ക

ഇപ്പോഴാണ്‌ ഇവിടെ വിഷു

ഓണം ഒന്നു വന്നോട്ടെ ...എല്ലാം എന്റെ അത്ത പൂക്കളത്തിനു ...

പയറു വള്ളികളില്‍ തുങ്ങി..

കറുത്ത പൊന്നു

തക്കാളി തൈ

വളര്‍ന്നു വളര്‍ന്നു തക്കാളി ഇങ്ങനെ ആയി

രംബുട്ടാന്‍

ഇലന്ത പഴം ..തിന്നിട്ടു വേണം അക കണ്ണ് തുറക്കാന്‍
ഇനിയും ഉണ്ട് കുറെ...പനീര്‍ ചാമ്പ, നെല്ലി, നാരങ്ങ,ചൈനീസ് ഓറഞ്ച്, ചുവന്ന വെണ്ടയ്ക്ക ,ജാതിയ്ക്ക ...
ഇന്നലെ ഞാന്‍ ശ്രീ മംഗലത്ത്‌ ചെന്നപ്പോള്‍ ചേട്ടനും സുമയും ഇന്ത്യ -പാക്കിസ്ഥാന്‍ പോലെ.സംസാരത്തില്‍ ഒരു നാടകീയത.എന്തോ ഒരു സ്പീല്‍ിംഗ് മിസ്‌ടേക്ക് .
കുത്തി കുത്തി ചോദിച്ചപ്പോള്‍ ( അതിന് പിന്നെ ഞാന്‍ മിടുക്കി ആണല്ലോ) തര്‍ക്കം മൂത്തു.
ചേട്ടന് വീട്ടില്‍ 'കേരള കര്‍ഷകന്‍ ' വരുത്തണം.സുമ യ്ക്ക് 'ആരോഗ്യ മാസിക' യും.
"കമ്പ്യൂട്ടറിന്റെ മുന്നില്‍ അനങ്ങാതെ ഇരിക്കുക യല്ലേ ആഴ്ചയില്‍ അഞ്ചു ദിവസവും.വല്ലപ്പോഴും വായിക്കുന്ന ആരോഗ്യമാസികയില്‍ നിന്നാണ് 'കൊളസ്ടോള്‍ വരാതിരിക്കാന്‍ അഞ്ചു വഴികള്‍' എനിക്ക് മനസ്സിലായത്." ഒരു വീട്ടില്‍ ആരോഗ്യ മാസികയുടെ പ്രാധാന്യത്തെ കുറിച്ചു ക്ലാസ്സ് എടുത്തു സുമ.
"പുകയില കഷായത്ത്തെ കുറിച്ചു എനിക്ക് മനസിലായത് കേരള കര്‍ഷകനില്‍ നിന്നാണ്. അത് മതി എവിടെ. "തനി ഭര്‍ത്താവിന്റെ മട്ടില്‍
ചേട്ടന്‍.
കുറെ നേരത്തെ തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ രണ്ടും വരുത്താം എന്നൊരു സമാധാന ഉടമ്പടിയില്‍ അവര്‍ ഒപ്പ് വെച്ചു,

വീട്ടില്‍ വരുംപ്പോള്‍ ഒരു ചാണകം മണം ഉണ്ടല്ലോ എന്ന എന്റെ പരിഹാസം വക വൈയ്ക്കാതെ
'കര്‍ഷക കുടുംബത്തില്‍ അങ്ങനെ ഒക്കെ തന്നെ' എന്നങ്ങു കയറി അഭിമാനിച്ചു ചേട്ടന്‍.
"ഇന്നു തന്നെ അത് ഞാന്‍ ഉണക്കാന്‍ വെയ്ക്കാം " എന്നൊരു ഉത്തമ ഭാര്യ ആയി സുമ .

ഈ സോഫ്റ്റ്‌വെയര്‍ കര്‍ഷകന്‍ എന്നാവും 'കര്‍ഷക ശ്രീ' അവാര്‍ഡ് വാങ്ങുക?

Tuesday, August 5, 2008

എന്തൊരു ചേയ്ഞ്ച്

ഇതു റീന ശ്രീനിവാസന്‍ .അച്ഛന്‍ എഞ്ചിനീയര്‍.റാങ്ക് ഒക്കെ വാങ്ങിയ വലിയൊരു ബുദ്ധിജീവി.ചെന്നൈ യില്‍ ജോലി. അമ്മയും എഞ്ചിനീയര്‍.തിരുവനന്തപുരത്ത് ജോലി. താമസം ഒരു മാലാഖ കുട്ടിയുടെ വീട്ടിനടുത്ത്.
മാലാഖകുട്ടി?

ഓ, ഒന്നു നേരെ നോക്ക് ,ഈ ഞാന്‍ തന്നെ.
ഓ രോത്തരും അവരുടെ ജീവിതത്തിലെ കൈ വിട്ട കളി കളിക്കുന്ന കാലം ഏതാണ്?

പ്രീഡിഗ്രി എന്നാണു എനിക്ക് തോന്നുന്നത്.എന്നാലും റീനയുടെ അത്രയും പിരി പോയ ആരെയും ഞാന്‍ കണ്ടിട്ടില്ല. നമുക്കു റീനയുടെ മുറി ഒന്നു പരിശോധിക്കാം.മേശപ്പുറത്തു വൃത്തിയായി അടുക്കി വെച്ചിരിക്കുന്ന (കൈ കൊണ്ടു തൊടാതെ വെച്ചിരിക്കുന്ന എന്നും പറയാം) പുസ്തകങ്ങള്‍.ചുമരില്‍ മുഴുവന്‍ റീന തന്നെ വരച്ചു ക്രയോന്‍സ് കൊണ്ടു കളര്‍ കൊടുത്ത ഫിടോ ടിടോ പോലുള്ള കാര്‍ടൂണ്‍ കഥ പാത്രങ്ങള്‍.കട്ടിലില്‍ ഗിറ്റാര്‍ .മുറിയുടെ മൂലയ്ക്ക് ഹാര്‍മോണിയം.പോരെ,ചില്ലറ ക്കാരി അല്ല റീന എന്നതിന് തെളിവ്.'Think Positive" എന്നൊരു പോസ്റ്റര്‍ ഞാന്‍ എന്റെ മുറിയില്‍ ഒട്ടിച്ചു നന്നാവാന്‍ ശ്രമിച്ചതിനു എന്നെ നിര്‍ത്തി പൊരിച്ച എന്റെ അമ്മയെ ഇതൊക്കെ ഒന്നു കാണിക്കണം എന്ന് പലപ്പോഴും തോന്നാറുണ്ട്.

അത്ര ചെറിയ ഡിഗ്രി ഒന്നും അല്ലാത്ത പ്രീഡിഗ്രി, ടുഷ്യന്‍, എന്ട്രന്‍സ് ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമേ അല്ല എന്ന മട്ടിലായിരുന്നു റീനയുടെ പെരുമാറ്റം.ഒരു ദിവസം കോളേജ് ചെയര്‍മാനെ തേടി പിടിച്ചു റീന ഒരു പേപ്പര്‍ കൊടുത്തു.
'ദെ, അജയ് ഇതു വാങ്ങിക്ക്"
"എന്താ റീന ഇതു?" അജയ് നിന്നു വിയര്‍ത്തു.
പരസ്യമായി ഒരു പെങ്ങോച്ചു ഒരു കത്തും പിടിച്ച്‌ ....അവന് പേടി. കൂടെ നിന്ന അജയ് യുടെ ഫ്രണ്ട്സ് പോലും തകര്ന്നു പോയി എന്നാണ് റിപ്പോര്ട്ട്.ഏതായാലും പേപ്പര്‍ അജയ്യെ പിടിപ്പിച്ചു റീന. പേപ്പര്‍ തുറന്ന അജയ് ചിരിച്ചു പോയി.
'അജയ് കെ പാസ് സിര്‍ഫ്‌ എക് ഹി കമ്മിസ് ഹായ് ക്യാ?' എന്ന സര്‍ഫ് പരസ്യം ആയിരുന്നു അത്. അയയ്യില്‍ നനചിട്ടിരിക്കുന്ന ഒരു മഞ്ഞ ടീ ഷര്‍ട്ട്‌ ഇന്റെ പടവും.
'ഇതു ഇടുമ്പോ നീ ഒരു സുന്ദരന്‍ ' എന്ന് ഏതോ വിഡ്ഢി പറഞ്ഞതു കെട്ട് ദിവസവും മഞ്ഞ ടീ ഷര്‍ട്ട്‌ ധരിച്ചു വന്നിരുന്ന അജയ് യെ പിന്നെ ആരും ആ ടീ ഷര്‍ട്ട്‌ല്‍ കണ്ടിട്ടില്ല.

യുനിവേര്‍സിറ്റി പരീക്ഷാ ദിവസം രാവിലെ 'ഓ, ഞാന്‍ ഒന്നും നോക്കിയില്ല' എന്ന് പറഞ്ഞിരിക്കുന്ന റീനയുടെ മുഖം എന്റെ ബി.പി കൂട്ടി.
'എന്തെങ്കിലും ഒക്കെ പറഞ്ഞു താ.." എന്റെ നേരെ ആയി ആക്രമണം.
ഞാന്‍ എന്തോ തെറ്റ് ചെയ്തു എന്നാണ് ഭാവം.ഇംഗ്ലീഷ് ഇല്‍ എന്ത് പറഞ്ഞു കൊടുക്കാന്‍.
'നീ അതിലുള്ള ഏതെങ്കിലും കഥ പറഞ്ഞു താ'
കഥയേ...
ഓര്‍ത്തപ്പോള്‍ ഒരു പോ യെം ഓര്‍മ വന്നു. പ്രഭുകുമാരി കാമുകനുമായി കപ്പലില്‍ ഒളിച്ചോടുന്നു.പ്രഭു പിന്നാലെ ഉണ്ട്. കടല്‍ ക്ഷോഭിച്ച് യിരിക്കുകയാണ് .
'മതി,നിര്‍ത്ത്‌. എനിക്ക് മനസിലായി.qayamat se qayamat tak' ഇനി ഞാന്‍ എഴുതികൊള്ളാം .അവരുടെ പേരൊക്കെ ഒന്നു പറഞ്ഞേരെ.'
'എന്ത് പണ്ടാരം എങ്കിലും ആവട്ടെ.ഞാന്‍ പേരും ജാതകവുംവും ഒക്കെ പറഞ്ഞു കൊടുത്തു.ബാകി റീനയുടെ വക. ഏതായാലും പേപ്പര്‍ നോക്കുന്നവര്‍ക്ക് നല്ല ഒരു എന്റര്‍ ടിന്‍ മെന്റ് ആയിരിന്നിരിക്കണം.

കോളേജ് ഇലെ ഗായക സംഘ ത്തില്‍ ഉള്ളത് കൊണ്ടു റീനയുക്ക് സൗഹൃദങ്ങള്‍ക്ക് പഞ്ഞമില്ലായിരുന്നു.ഗിറ്റാര്‍,ഹാര്‍മോണിയം,കീ ബോര്‍ഡ് ഒന്നും ശാസ്ത്രീ യമായി പഠിച്ചിട്ടില്ലെങ്കിലും എല്ലാം ഉപയോഗിക്കാന്‍ എക്സ് പേര്‍ട്ട് ആയിരുന്നു റീന.ചിത്രം വരയ്ക്കും,പക്ഷെ ഇതിനൊക്കെ മുന്നില്‍ നിന്നത് പിരിവിട്ട കളി ആയിരുന്നു എന്ന് മാത്രം. എപ്പോ എന്ത് ചെയ്യും എന്ന് പ്രവചിക്കാന്‍ പറ്റാത്ത സ്വഭാവം.

ഒരു ബന്ദ് ദിവസത്തിന്റെ ആലസ്യത്തില്‍ ഇരുന്ന എന്നെ കുത്തിപൊക്കി കൊണ്ടു പോയി റീന.
'നീ റോഡിന്റെ നടുവിലൂടെ നടന്നിട്ടുണ്ടോ?"
"മനസിലായില്ല"
"ദെ, ഇങ്ങനെ റോഡിന്റെ നടുവിലൂടെ നടന്നിട്ടുണ്ടോ എന്ന്?"റീന റോഡിന്റെ നടുവിലേക്ക്.
"ഇനി റോഡില്‍ ഇരുന്നു നോക്കിയിട്ടുണ്ടോ?"റീന റോഡിന്റെ നടുക്ക് ഇരുന്നു .
ഇനി റോഡില്‍ എന്തെല്ലാം ചെയ്യാം എന്നൊരു അന്തം വിടലുംയി നില്‍ക്കുംപ്പോള്‍ പിന്നില്‍ റീനയുടെ അമ്മച്ചി എത്തി.ബാകി ചിന്ത്യം. ഞാന്‍ എന്റെ വീട്ടിലേക്കും റീന റീന യുടെ വീട്ടിലേക്കും ഓടി.റോഡിനരുക്കില്‍ തന്നെ ആയതു കൊണ്ടു വീട്ടില്‍ പെട്ടെന്ന് എത്തി.

മറ്റൊരു ദിവസം രാവിലെ തന്നെ റീന എന്റെ വീട്ടില്‍ ഹാജര്‍.
'ഇവിടെ പാറ്റ യുണ്ടോ?"
"ഫസ്റ്റ് ഗ്രൂപ്പ് ക്കാരിയായ എന്നോട് ഈ ജാതി അനവിശ്യ ചോദ്യങ്ങള്‍ ചോദിക്കരുത്"
ഇതെന്തു കഥ? റീന നന്നായോ ? ഞാന്‍ സംശയിച്ചു.
"താത്ത ( റീനയുടെ അപ്പു പ്പന്‍ ) വയലില്‍ പോയി തവളയെ പിടിച്ചു തരാം എന്ന് പറഞ്ഞിട്ടുണ്ട്.ഞാനും പോക്കും"
മനസില്ലായി . പ്രാക്ടികല് നന്നാക്കല്‍ ഒന്നും അല്ല ഉദ്ദേശം.വയലില്‍ പോക്കും തവള പിടിക്കലും ആണ് ലക്ഷ്യം.താത്ത എന്ത് ധൈര്യത്തിലാണോ ഈ സംരംഭത്തിന് തുനിഞത്.ഏതായാലും "മേലാല്‍ തവളയെ കുറിച്ചു മിണ്ടുകയോ ഓര്ക്കുകയൊ ചെയ്യരുത്" എന്നൊരു വാണിംഗ് ഓടെ താത്ത തവള പിടുത്തം നിര്‍ത്തി എന്നാണ് പിന്നെ ഞാന്‍ അറിഞ്ഞത്.

കെമിസ്ട്രി ടുഷ്യന്‍ ആയിരുന്നു റീനയുടെ മറ്റൊരു വിളയാടല്‍ ഇടം. ക്ലാസിനു വരാതിരിക്കുക, ഇനി വന്നാലും കണ്ണടച്ച് ചിന്തിച്ചിരിക്കുക, ഓര്‍ഗാനിക്‌ കെമിസ്ട്രി യോ അതെന്താ എന്ന് ക്ലാസ്സിന്റെ അന്ത്യത്തില്‍ നിഷ്കളങ്ക്കയായി സര്‍ ഇനോട് ചോദിക്കുക തുടങ്ങിയ വിക്രിയകള്‍ കുടിയപ്പോള്‍ സര്‍ റീനയുടെ വീട് അന്വേഷിച്ചിറങ്ങി.
എന്റെ അച്ഛനെ പരിചയം ഉള്ളത് കൊണ്ടു എത്തിച്ചേര്‍ന്നത് എന്റെ വീട്ടില്‍.
അശ്വതി യുടെ വീടിനു അടുത്താണ് എന്ന് അറിയാം.ഏതാ റീനയുടെ വീട്?
മാലാഖകുട്ടി യുടെ തലയില്‍ രണ്ടു കൊമ്പ് മുളച്ചു. കൈയില്‍ കുന്തം പ്രതിക്ഷപെട്ടു.പിന്നില്‍ വാല്‍. നിഷ്കളങ്ക്കയായി അവള്‍ റീനയുടെ വീട് കാണിച്ചു കൊടുത്തു.അകത്തു കയറാനുള്ള ദൈര്യം ഇല്ലാത്തതു കൊണ്ടു 'അണ്ണാറക്കണ്ണനും തന്നാല്‍ ആയതു " എന്ന് മനസില്‍ പറഞ്ഞു മടങ്ങി.

അടുത്ത ദിവസം ആണ് ബാക്കി കഥ ഞാന്‍ അറിയുന്നത്.പറഞ്ഞതു സര്‍ തന്നെ.
'കുട്ടികളെ, ഇന്നലെ ഞാന്‍ എന്റെ ഒരു student ഇന്റെ വീട്ടില്‍ പോയി. ആരാണെന്നു പറയുന്നില്ല.ഇവിടെ ഇരിക്കുന്ന ചിലര്‍ക്കെന്കിലും അറിയാം അതാരാണെന്നു. ചെന്നപ്പോള്‍ ഞാന്‍ കണ്ടത് അച്ഛന്‍ കുട്ടികളും കൂടെ ചീട്ടു കളിക്കുന്നു."
സാറിന് അതിന്റെ ഷോക്ക് ഇതു വരെ മാറിയിട്ടില്ല എന്ന് മുഖ ഭാവത്തില്‍ നിന്നും വ്യക്തം.
"എന്നിട്ട് എന്നോട് ഒരു ചോദ്യം'സാറേ , കുടുന്നോ?' എന്ന് എനിക്ക് ഇവരെ ഒന്നും മനസിലാവുന്നില്ല.എങ്ങനെ ആ കുട്ടി പഠിക്കും"
സാറിന് അറിയില്ലാലോ റീനയുടെ വീട്ടില്‍ എപ്പോഴും ആഖോഷങ്ങള്‍ ആണെന്ന്.

പ്രീഡിഗ്രി സാഹസങ്ങള്‍ ഒക്കെ കഴിഞ്ഞു റീന ഫിസിയോതെരപി പഠിക്കാന്‍ കോട്ടയത്ത് പോയി. ഞാന്‍ കണ്ണൂര്‍ ക്കും . ഇടയ്ക്ക് വന്നപ്പോള്‍ ഏതോ പരസ്യത്തിനു റീന പാടി എന്ന് അമ്മ പറഞ്ഞു. മറ്റൊരു അവധിക്കു അറിഞ്ഞത് റീനയുടെ കല്യാണ വാര്‍ത്തയാണ്.ഹോസ്പിടല്‍ മാനേജ് മെന്റ് ഒക്കെ പഠിച്ച ആളാണ് വരന്‍. ചെന്നൈ സ്വദേശി.റീനയുടെ അച്ഛന്റെ തമിള്‍ ബന്ധം വഴി വന്ന വിവാഹം. കല്യാണവും റീനയും കുടി കൂട്ടി വായിക്കണേ എനിക്ക് വിഷമം ആയിരുന്നു. മലയാളം തീരെ അറിഞ്ഞു കുടാത്ത വരനോട് 'My friends. Aswathy is my sir's daugther' എന്നൊക്കെ പരിചയപ്പെടുത്തി റീന.ജീവിത കാലം മുഴുവന്‍ ഇവര്‍ ഇങ്ങനെ ABCD പറഞ്ഞു കളിക്കുമോ എന്നൊരു അന്താളിപ്പായി എനിക്ക്.

പിന്നീട് ഒരു സ്റ്റഡി ലീവ് ആഖോഷത്തിനു ഇടയിലാണ് റീന പ്രതിക്ഷപെട്ടത്‌. വന്നപാടെ ഞങ്ങളുടെ കര്‍ട്ടന്‍ പരിശോധിച്ച് .
'മഞ്ഞ പെയിന്റ് ആണ് ഞങ്ങളുടെ ചുമരിനു.ചെക്ക് ഡിസൈന്‍ ഉള്ള കര്‍ട്ടന്‍ ചേരുമോ?"റീന എന്നെ ഞെട്ടിച്ചു.
പിന്നെ എനിക്ക് ഞെട്ടാനെ നേരം ഉള്ളായിരുന്നു.അമ്മയോടാണ് സംസാരം മുഴുവന്‍.
'വാഷിംഗ്‌ മെഷീന്‍ സെമി ആണോ നല്ലത് ഫുള്‍ ഓടോമടിക് ആണോ നല്ലത്?'
"4: 1 ആയാണോ 3:1 ആയാണോ അറിയും ഉഴുന്നും വെള്ളത്തില്‍ ഇടുന്നത്‌?"
"ചെറു ചൂടിലാണോ തണുത്ത പാലാണോ ഉറ ഒഴിക്കാന്‍ നല്ലത്?"
റീന പോക്കുന്നത് വരെ എനിക്ക് ശബ്ദിക്കാന്‍ കഴിഞ്ഞില്ല. പോയപ്പോള്‍ ഇത്രയും മാത്രമെ പറയാന്‍ കഴിഞ്ഞുള്ളൂ ."എന്തൊരു ചേഞ്ച്‌"

എന്റെ കല്യാണത്തിന് റീനയുക്ക് വരാന്‍ പറ്റിയില്ല. ഞങ്ങള്‍ വീടും മാറി. രണ്ടു മാസം മുന്പ് ഞാന്‍ റീനയെ വീണ്ടും കണ്ടു.ഒരു തുണി കടയില്‍ വെച്ചു.അപ്പൊ കിട്ടിയ വിവരങ്ങള്‍.
'ഫിസിയോതെരപി തന്റെ വഴി അല്ല എന്ന് തിരിച്ചറിഞ്ഞു ..... ഇന്റെ കീഴില്‍ ഹിന്ദുസ്ഥാനി പഠിക്കുന്നു. കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് പഠിക്കുന്നു.മോള്‍ വീട്ടില്‍ അമ്മയോടൊപ്പം.ഭര്ത്താവ് ഡല്‍ഹിയില്‍.
"നീ നോക്കിക്കോ സിനിമയുടെ ഒക്കെ ടൈറ്റില്‍ ഇല കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് റീന ശ്രീനിവാസന്‍ എന്ന് എഴുതി കാണിക്കും.'
പഴയ റീനയുടെ അവശിഷ്ടങ്ങള്‍ എവിടെ ഒക്കെയോ .വീണ്ടും ചേഞ്ച്‌. ഈ ചേഞ്ച്‌ നല്ലതിനാണോ എന്ന് അറിയില്ല . എങ്കിലും റീന വീണ്ടും റീന ആയി എന്ന് തോന്നുന്നില്ലേ നിങ്ങള്ക്ക്?

Tuesday, July 15, 2008

ഒരു സോഫ്റ്റ്‌വെയര്‍ മറവി

എന്നും എന്റെ ഒരു ദിവസം തുടങ്ങുന്നത് ഒരു അലാറത്തിന്റെ അകമ്പടിയോടെ ആണ്.പണ്ടും അത് അങ്ങനെ തന്നെ.എഴുതേണ്ട അസ്സൈന്മെന്റ് ,കോപ്പിയടിക്കേണ്ട ലാബ് റെക്കോര്‍ഡ് ഒക്കെ എന്നെ നോക്കി പല്ലിളിക്കുംപ്പോള്‍, 'എല്ലാം രാവിലെ...' എന്നൊരു ആത്മഗതതോടെ അലാറം വെച്ചു ഞാന്‍ കട്ടിലിലേക്ക് ചരിയും.

രാവിലെ അലാറം കേള്‍ക്കുംപ്പോള്‍ ചാടി എഴുന്നേല്‍ക്കും.അതേ വേഗത്തില്‍ ടൈം പീസിന്റെ പള്ളയ്ക്കു ഒന്നു കൊടുത്തിട്ട് വീണ്ടും കട്ടിലിലേക്ക്.പിന്നെയാണ് മനസ്സു കയറി അങ്ങ് തലയെ ഭരിക്കുന്നത്‌.അസ്സൈന്മെന്റ് എഴുത്ത് , റെക്കോര്‍ഡ് കോപ്പിയടി എല്ലാം സ്വപ്നത്തില്‍ ഞാന്‍ ഒപ്പിച്ചെടുക്കും.പിന്നെ ശാന്തമായി ഉറങ്ങാം.ഒന്നും ബാക്കി വെച്ചില്ല എന്നൊരു സമാധാനം മനസിന്‌.

രാവിലെ കൊകക്രി കാണിച്ചു , അസ്സൈന്മെന്റ് എഴുത്ത് കാത്തിരിക്കുന്ന ഒഴിഞ്ഞ വെള്ള കടലാസ്സും,ലാബ്‌ റെക്കോര്‍ഡ് ഉം ...ശേഷം ചിന്ത്യം .

ഇതൊരു സ്ഥിരം കലാപരിപാടി ആയപ്പോള്‍ 'പോക്കത്ര ശരിയല്ലലോ കുഞ്ഞേ..' എന്നൊരു അപ്പുപ്പനായി ടൈം പീസ്. ഓ.കെ.വഴിയുണ്ട്.അലാറം അടിച്ചാല്‍ കേള്‍ക്കണം ,പക്ഷെ ഓഫ് ചെയ്യാന്‍ പാടില്ല.

ഞാന്‍ എന്റെ ബുദ്ധി എടുത്തങ്ങു പ്രയോഗിച്ചു.നിരനിരയായി ഇട്ടിരിക്കുന്ന മുന്ന് മേശകള്‍ക്കു അപ്പുറമാണ് എന്റെ കട്ടില്‍.മുന്നാമത്തെ മേശപുറതെക്ക് മാറ്റി ടൈം പീസിന്റെ സ്ഥാനം.അലാറം കേള്‍ക്കാന്‍ പറ്റും പക്ഷെ ഓഫ് ചെയ്യണമെങ്കില്‍ എഴുനേറ്റു നടന്നു പോയാലെ പറ്റു.

'മിടുക്കി' ഞാന്‍ എന്നെ അഭിനന്ദിച്ചു.

ബ്രഹ്മ മുഹൂര്‍ത്തതില്‍ തന്നെ ടൈം പീസ് അതിന്റെ പണി ചെയ്തു.എപ്പോഴത്തെയും ഓര്‍മ്മയില്‍ ഞാന്‍ ടൈം പീസ് മേശപ്പുറത്തു തപ്പി നോക്കി.

'ഓ, ഓര്‍മ്മയുണ്ട്.മുന്നാമത്തെ മേശപ്പുറത്തു.' ഞാന്‍ എഴുന്നേറ്റു.

ഒരു കോലാഹലം കെട്ട് ഞെട്ടി ഉണര്‍ന്നു ലൈറ്റ് ഇട്ട സഹമുറിയത്തിമാര്‍ കണ്ടത് മേശപ്പുറത്തു നില്ക്കുന്ന എന്നെ.ടൈം പീസിനടുത്തു എത്തി.പക്ഷെ പോയ റൂട്ട് തെറ്റി.നിലത്തു കു‌ടി പോകുന്നതിനു പകരം മേശപ്പുറത്തു കുടി ആയിപോയി യാത്ര.ഏതായാലും ഇത്രയൊക്കെ ആയപോഴേക്കും ബോധം വീണു.



കാലം കുറേയങ്ങു പോയെങ്കിലും ഇപ്പോഴും ഒരു അലാറം എന്റെ ജീവിതവുമായി കുടികുഴഞ്ഞു കിടക്കുന്നു. ഇന്നലെയും ആ ണിം...കേട്ടു തന്നെയാണ് ഞാന്‍ ഉണര്‍ന്നത്.ചാടി എഴുന്നേറ്റതേ ഓര്‍മയുള്ളൂ,പിന്നെ പതിവു സര്‍ക്കസ് തുടങ്ങി.അടുക്കളയിലും വരാന്തയിലും പുറത്തും എന്ന് വേണ്ട വീടിന്റെ എല്ലാ മുക്കിലും മൂലയിലും നിറഞ്ഞു കവിഞ്ഞു ഞാന്‍ ഒഴുകി .

എല്ലാം കഴിഞ്ഞു മുഖത്ത് മൊത്തം കോണ്ഫിടന്സും (?) സന്തോഷവും ഒക്കെ ഫിറ്റ് ചെയ്തു ഓഫീസില്‍ എത്തേണ്ട ആവശ്യകത ,പ്രതേകിച്ചും ഇക്കാലത്ത് , ഞാന്‍ പറയണ്ടല്ലോ.ഇന്നലെ ഓഫീസില്‍ എത്തിയ എന്നെ വരവേറ്റത് ഒരു ആള്‍ക്കുട്ടം. ഡയരക്ടര്‍ മുതല്‍ ഇങ്ങോട്ട് എല്ലാ തലകളും പുറത്തു തന്നെ ഉണ്ട്.

അറിയാതെ എന്റെ കണ്ണ് വാച്ചിലേക്ക്. കൃത്യം അഞ്ചു മിനിട്ട് ലേറ്റ്.

'ഇത്രയും നേരം മന്ത്രി അശ്വതിയെ കാത്തിരിക്കുക ആയിരുന്നു.ഇപ്പൊ പോയതേ ഉള്ളു.'ഡായരക്ടരുടെ വക.പിന്നില്‍ ഭുത ഗണങ്ങളുടെ കുട്ടചിരി. പണ്ടൊക്കെ ടി.വി.യില്‍ കാണിക്കുന്ന കോമഡി സീരിയലുകളില്‍ തമാശയ്ക്ക് ഒപ്പം പ്ലേ ചെയ്യുന്ന റെക്കോര്‍ഡ് ചെയ്തു വെച്ചിരിക്കുന്ന ചിരിയുടെ സൌണ്ട് ട്രാക്ക് ഓര്‍മ്മ വന്നു.

മന്ത്രിയുടെ സര്‍പ്രൈസ് വിസിറ്റ് പ്രമാണിച്ച് പുറതെതിയതാണ് എല്ലാവരും എന്ന് എനിക്ക് പിന്നീടാണ് മനസിലായത്.ഓഫീസിനകത്ത് മറ്റൊരു ചെറിയ ആള്‍ക്കുട്ടം. ഓ, ഇന്റര്‍വ്യൂ വിനു വന്നതാണ്.പാവങ്ങള്‍. കാണാന്‍ പോകുന്ന പൂരം പറഞ്ഞരിയിക്കണ്ട.

'Excuse me...' പിന്നില്‍ നിന്നൊരു ശബ്ദം.

ഒരു സുന്ദരന്‍, സുകുമാരന്‍ പിന്നില്‍ .

'... സാറിന്റെ മോള്‍ അല്ലെ?' ഇതു ഒരു സ്ഥിരം ചോദ്യം ആണ്. അധ്യാപരുടെ മക്കള്‍ ഏത് നിമിഷവും പ്രതീക്ഷിച്ചിരിക്കേണ്ട ചോദ്യം.സാദാ ജാഗ്രതെ...

'ഞാന്‍ സുരേഷ്.സാറിന്റെ സ്റ്റുഡന്റ് ആണ് '

'ഇവിടെ?'

'വൈഫിനു ഇന്റര്‍വ്യൂ.ഇതാണ് വൈഫ്‌ സരിത. കുറെ കാലമായോ ഇവിടെ?'

'കുറച്ചു നാളായി.വൈഫ്‌?'

'നേരത്തെ ജോലി ചെയ്തിരുന്നു.ഞാന്‍ ഇങ്ങോട്ട് ട്രാന്‍സ്ഫര്‍ ആയപ്പോള്‍ അത് വിട്ടു.'

അടുത്ത് നിന്ന നീല ചുരിദാര്‍ ക്കാരി ചിരിച്ചു. ഇന്റര്‍വ്യൂ വിന്റെ യാതൊരു പരിഭ്രവും മുഖത്തില്ല.

'ഞാന്‍ എത്ര കണ്ടതാ' എന്നൊരു ഭാവം. അത് പിന്നെ ,ആ കുട്ടിക്കെന്നല്ല അവിടെ നിന്ന ആര്ക്കും പരിഭ്രമം ഒന്നും ഉണ്ട് എന്ന് തോന്നിയില്ല.



'അശ്വതിയുടെ relative ആണോ?' ആ വഴി വന്ന കൊലിഗു പയ്യന്‍ മനോജ്.

'അല്ല, എന്റെ അച്ഛന്റെ സ്റ്റുഡന്റ് ആണ് .വൈഫ്‌ നു ഇന്റര്‍വ്യൂ.' ഞാന്‍ സരിതയെ നോക്കി പറഞ്ഞു.

അപ്പോള്‍ മനോജിന്റെ ഒരു മട്ടും ഭാവവും കണ്ടു ഞാന്‍ ഞെട്ടി പോയി.സരിതയെ നോക്കി അന്തം വിട്ടു നില്‍ക്കുക യാണ് കക്ഷി.

'ദൈവമേ ഇവന്റെ വല്ല പഴയ ലൈനും ആണോ?'

'എന്താ കാര്യം?' ഞാന്‍ കണ്ണ് കൊണ്ടു എന്തോ ഒരു ഗോഷ്ടി കാണിച്ചു ചോദിച്ചു.
'ഞാന്‍ അവിടെയോ വെച്ചു കണ്ടിട്ടുണ്ട്.നല്ല പരിചയം തോന്നുന്നു.REC യിലാണോ പഠിച്ചത്?' സുരേഷിനെ തീരെ മൈന്‍ഡ് ചെയ്യാതെ മനോജിന്റെ ചോദ്യം സരിതയോട്.
'അല്ല ഞാന്‍ TKM ഇലാ പഠിച്ചത്.'
'പിന്നെ കോട്ടയത്ത്‌ വീട്?'
'ഓ, എന്റെ വീട് കൊല്ലത്ത് തന്നെയാ'

മനോജ് വിടാനുള്ള ഭാവം ഇല്ല.കണ്ടു പിടിച്ചേ അടങ്ങു.ഇവനാര് സി.ബി.ഐ ഓ?
'മുന്പ് വര്‍ക്ക് ചെയ്യ്തത് എവിടെയാ?'
'TCS ഇല്‍ '
'പക്ഷെ എനിക്കറിയാം, നല്ല പരിചയം ഉണ്ട്.എവിടെ വെച്ചാണെന്ന് മനസില്ലവുന്നില്ല.'
സുരേഷ് ഒന്നും മിണ്ടാതെ നില്‍ക്കുക ആയിരുന്നു.

'എന്റെ മനോജേ, എവിടെയെങ്കിലും വെച്ചാകട്ടെ.നീ ഒന്നു പോ.ഞാനും എന്റെ സീറ്റില്‍ ഒന്നു എത്തട്ടെ.' ഞാന്‍ മനസ്സില്‍ പറഞ്ഞു.


പണ്ടു ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്തു അച്ഛനും അമ്മയും ഞാനും കുടി ഒരു കടയില്‍ പോയി. അവിടെ വെച്ചു കണ്ട ഒരു സ്ത്രി യെ അമ്മയ്ക്ക് നല്ല പരിചയം.സാരി വാങ്ങാനുള്ള അമ്മയുടെ ഇന്റെരെസ്റ്റ് ഒക്കെ പോയി.
'ഞാന്‍ ഇവരെ കണ്ടിട്ടുണ്ട്' അമ്മ മുയലിന്റെ മുന്നാമത്തെ കൊമ്പില്‍ പിടിച്ചു.
'ഓ,വല്ല സ്റ്റുഡന്റ്സിന്റെയും അമ്മയായിരിക്കും.' അച്ഛന്‍ സമാധാനിപ്പിക്കാന്‍ നോക്കി.
'അല്ല,അല്ല, നമ്മുടെ വീട്ടില്‍ വന്നിട്ടുണ്ട്' എന്നായി അമ്മ.
അച്ഛന്‍ ക്ഷമ യുടെ നെല്ലി പടി കണ്ടു തുടങ്ങിയപ്പോള്‍ കടക്കാരന്‍ ഇടപെട്ടു.
' അത് ദൂരദര്‍ശനില്‍ വാര്ത്താ വായിക്കുന്നവരാ..' എന്നൊരു ആശ്വാസം ഉണ്ടാക്കി കടക്കാരന്‍ അമ്മയ്ക്ക്.വീട്ടില്‍ വന്നതിന്റെ ഗുടന്‍സ് അപ്പോഴല്ലേ മനസിലായത്.


മനോജ് വാശിയിലാണ്.സുരേഷിന്റെ വീട്,ബന്ടുജനങ്ങള്‍, ആ വഴിക്കായി അന്വേഷണം.സരിത ഏതോ IT മാഗസീന്‍ മറിക്കുന്നു .
'എന്നെ രക്ഷിക്കു..' എന്ന മട്ടില്‍ സുരേഷ്.
'കൊല്ലത്ത് ഞാന്‍ വന്നിട്ടുണ്ട്. പക്ഷെ അങ്ങനെ അല്ല. ഇനി ട്രെയിനില്‍ വെച്ചാണോ?'
സുരേഷ് 'ഭൂമി ഉരുണ്ടതല്ലേ 'മട്ടിലുള്ള ലോക തത്വങ്ങള്‍ വിളമ്പി തുടങ്ങി. സരിതയുക്ക് വലിയ മൈന്‍ഡ് ഇല്ല.
'എവിടെ വെച്ചായിരിക്കും? എന്നെ പരിചയം തോന്നുന്നുണ്ടോ?' മനോജ് വീണ്ടും .
'ങാ,ഉണ്ട്" സരിത നിസ്സംഗ ഭാവത്തില്‍ .
എന്നിട്ടാണോ ഇതു വരെ മൊഴിയാതെ ഇരുന്നത്. ഭയങ്കരി .ഞാനും സുരേഷും അത്ഭുതപെട്ടു . ചെറിയ ഒരു ദേഷ്യവും തോന്നി.
'കണ്ടോ ഞാന്‍ പറഞ്ഞില്ലേ? എനിക്ക് തെറ്റില്ല.' എന്നായി സോഫ്റ്റ്‌വെയര്‍ ജാട.
'എന്നെ പണ്ടു പെണ്ണ് കാണാന്‍ വന്നിട്ടുണ്ട്' ഇത്രയും പറഞ്ഞു സരിത ഭവഭേദമൊന്നും ഇല്ലാതെ മാഗസിനിലേക്കു നോക്കി.
'പൊടി പോലുമില്ല കണ്ടു പിടിക്കാന്‍ ' എന്ന് കേട്ടിട്ടില്ല? അത് തന്നെ ആയി പിന്നെ മനോജ്.സുരേഷ് ചിരി അടക്കാന്‍ പാടുപെട്ടു.

ആയിരത്തൊന്നു ചായയും അത്രയും തന്നെ ലഡ്ഡു വും കഴിച്ചു രസിച്ച ഇവനൊക്കെ എന്റെ സമയം കുടി മേനകെടുതാതെ ഈ ഒരു ചായ എങ്കിലും ഓര്‍ത്തു വെച്ചു കു‌ടായിരുന്നോ?