Monday, June 23, 2008

ഡ്രാക്കുളയും ഞാനും

കുട്ടിക്കാലത്ത് ഞാന്‍ കണ്ടിട്ടുള്ള സ്വപ്നങ്ങളില്‍ തിളങ്ങി നിന്നവന്‍ ആരായിരുന്നു? ചുവന്നു തിളങ്ങുന്ന കണ്ണുകളും കു‌ര്‍ത്ത പല്ലുകളും ഉള്ള ക്രുരന്‍.സംശയം വേണ്ട . അത് അവന്‍ തന്നെ. ബ്രൌണ്‍ സ്ട്രോക്കരുടെ ഓമന പുത്രന്‍ ഡ്രാക്കുള.

മു‌ന്നാം ക്ലാസ്സിലോ നാലാം ക്ലാസ്സിലോ പഠിക്കുമ്പോഴാണ് ഡ്രാക്കുള എന്റെ സ്വപ്നങ്ങളില്‍ ചേക്കേറിയത്.രാത്രി എനിക്ക് ഒരു പേടി സ്വപ്നമായി.കണ്ണടച്ചാല്‍ ഡ്രാക്കുള മുന്നില്‍.അക്കാലത്തു ഞങ്ങളുടെ വീട്ടില്‍ ഒരു ചിറ്റപ്പനും താമസം ഉണ്ടായിരുന്നു.അച്ഛന്റെ സഹോദരീ ഭര്‍ത്താവ്.കഥ പറച്ചിലിന്റെ ഒരു ആശാന്‍.രണ്ട ഹീറോകളെ പുള്ളിക്ക് ഉള്ളു .കായംകുളം കൊച്ചുണ്ണിയും കടമറ്റത്തു കത്തനാരും.ഇപ്പോള്‍ വിവധ സീരിയല്ലുകളിലായി രണ്ടു പേരും ഫേമസ് ആയി.
ഇതു കാലം കുറച്ചു പഴയതാണ്.ഞങ്ങളുടെ പ്രായത്തിലെ ആര്‍ക്കും ഇവരെ കുറിച്ചു വലിയ വിവരം ഇല്ല. പഠിക്കുന്നതോ ഒരു കോണ്‍വെന്റ് സ്കൂളില്‍.മിക്കി മൗസ് ആണ് അവിടെ ഹീറോ. അത് കൊണ്ടു ഞാനും ഏട്ടനും മാത്രമെ കഥ പറച്ചില്‍ കഴിഞ്ഞുള്ള ഡിസ്കഷനില്‍ പങ്കിടുക്കാന്‍ ഉണ്ടാവാറുള്ളു.ഞങ്ങള്‍ സാദാ യക്ഷികഥകള്‍ സിസ്റ്റര്‍ കേള്‍ക്കാതെ പറഞ്ഞു .കൈകഴുകാന്‍ ക്യൂ നില്‍ക്കുമ്പോള്‍ , സ്കൂളില്‍ നിന്നു തിരിച്ചു നടക്കുമ്പോള്‍ ഒക്കെ ഞങ്ങള്‍ ഈ കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ചു പറഞ്ഞു രസിച്ചു.

എന്ത് വന്നാലും എന്റെ അക്കാലത്തെ ഹീറോ ആയ ഏട്ടന്‍ രക്ഷിചോളും എന്നൊരു വിശ്വാസം എനിക്ക് അന്ന് ഉണ്ടായിരുന്നു.
'ഒരു പ്രശ്നമുണ്ട്.ഈ ഡ്രാക്കുളയുക്ക് നിഴലില്ല,പ്രതിഛായയുമില്ല.അതായത് തൊട്ടു പിന്നില്‍ നിന്നാലും അറിയില്ല.'ഏട്ടന്‍ മുന്‍കൂര്‍ ജാമ്യം എടുത്തു.

എന്റെ അവസാന ആശ്രയവും പോയി.ഡ്രാക്കുള വന്നാല്‍ എന്റെ കാര്യം കട്ടപൊക.
രാത്രി യാകുമ്പോള്‍ ഞാന്‍ അവിടെയും ഇവിടെയും കറങ്ങി നടക്കും.
ഇതിനൊന്നും ഉറക്കവും ഇല്ലേ?' എണ്ണ അമ്മയുടെ ചോദ്യം നടിക്കും.

തീരെ വിടുന്നില്ലെന്കില്‍ പഠിക്കുന്ന പുസ്തകം വരെ വായിച്ചു കളയും.'പഠിക്കണ്ട' എന്ന് ലോകത്ത് ഒരു അമ്മയും ഇതു വരെ പറഞ്ഞിട്ടില്ല എന്നൊരു ധൈര്യം എനിക്കുണ്ട്.സത്യം എനിക്കല്ല്ലേ അറിയൂ.കണ്ണടച്ചാല്‍ 70 മം സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുക അല്ലെ ഡ്രാക്കുള .
മിക്കവാറും സ്വപ്നങ്ങളില്‍ വീടായിരിക്കും ബാക്ക് ഗ്രൌണ്ട്.അമ്മയും ഞാനും ഏട്ടനും ഇരുന്നു സംസാരിക്കുന്നു.വരാന്തയില്‍ എന്തൊക്കെയോ കോലാഹലം.സ്വപ്നത്തിലും ബുദ്ധിമതി യായ എനിക്ക് മനസിലാവുന്നു...
വന്നല്ലോ ഡ്രാക്കുള.
ഞാനും ഏട്ടനും അടുക്കളയില്‍ നിന്നു വരാന്തയിലേക്ക്‌.ഡ്രാക്കുള അടുക്കളയുടെ അടുത്ത് എത്തി കഴിഞ്ഞു .പിന്നെ ഭീകരമായ യുദ്ധം.കുരിശു കാണിക്കുന്ന പരിപാടി എനിക്ക് എന്ന് അറിയില്ല.കൈയില്‍ കിട്ടുന്ന ഉള്ളി,നാരങ്ങ ,ഉരുളകിഴങ്ങ് ഇതൊക്കെ ഡ്രാക്കുള യുടെ നേരെ വലിച്ച് എറിഞ്ഞാണ് യുദ്ധം.യുദ്ധത്തിന്റെ ക്ലൈമാക്സ് ഇന് മുന്പേ ഞാന്‍ ഉണരും.ആശ്വാസം.അല്ലെങ്കില്‍ എന്നെയോ ഡ്രാക്കുള യെയോ രക്തത്തില്‍ കുളിച്ചു കാണേണ്ടി വന്നേനെ.

ആരെങ്കിലും ഒരേ സ്വപ്നം രണ്ടു തവണ കാണാറുണ്ടോ എന്നറിയില്ല. അങ്ങനെയും കണ്ടു ഞാന്‍ ഒന്നു.കഥാ പത്രങ്ങള്‍ ഒക്കെ പഴയത് തന്നെ. ഒളിച്ചു കളിക്കുന്ന ഞാനും ഏട്ടനും. ഒളിച്ചിരിക്കുന്ന ഏട്ടനെ കണ്ടുപിടിക്കാന്‍ ഓടുന്ന ഞാന്‍. പല ഉ‌ടുവഴി കളിലുടെയും ഓടി ഞാന്‍ ഒരു പഴയ വീട്ടിലെത്തുന്നു. കുറച്ചു ഉയരത്തിലാണ് വീട്. പടികള്‍ കയറി കഴിയുമ്പോള്‍ ഒരു മുറ്റം.മുറ്റത്തിന്റെ അറ്റത്ത്‌ ഒരു കിണര്‍.

മുറ്റം കടന്നു ഞാന്‍ വീട്ടിനടുത്ത് എത്തുമ്പോള്‍ പിന്നില്‍ ഒരു പൊട്ടിച്ചിരി.ഞെട്ടി തിരിഞ്ഞു നോക്കുമ്പോള്‍ താടി നീട്ടിയ മന്ത്രവാദി. മുന്നില്‍ തീകുണ്ഡം.കൈയില്‍ എല്ല്.മൊത്തത്തില്‍ ഒരു 'കുട്ടിച്ചാത്തന്‍ ' സെറ്റ് അപ്പ്.

'ഏട്ടനെ അന്വേഷിച്ചാണല്ലേ?അങ്ങോട്ട് നോകു" മന്ത്ര വാദിയുടെ അലര്‍ച്ച.
കുറച്ചകലെ ഏട്ടനെ തുണില്‍ കെട്ടി ഇട്ടിരിക്കുന്നു.
'ഹ ഹ ഹ 'മന്ത്രവാദി അട്ടഹാസിക്കുകയാണ്.
'ഇനി ആ കിണറ്റിന്‍ കരയിലേക്ക് നോക്ക്'
മന്ത്ര വാദി ചൂ ണ്ടിയ സ്ഥലത്തെക്ക് നോക്കിയ ഞാന്‍ ഞെട്ടി പ്പോയി.കിണറ്റിന്‍ കരയില്‍ ശാന്തരായി നിരനിരയായി ക്യു നില്ക്കുന്ന ഒന്നല്ല ,രണ്ടല്ല ഒരു പത്തിരുപതു ഡ്രാക്കുളമാര്‍ .എല്ലാവരും എന്റെ ഏട്ടനെ തിന്നാന്‍ കൈ കഴുകാന്‍ ക്യു നില്‍ക്കുക ആണ്.ആ ഷോട്ടോടെ ഞാന്‍ ഞെട്ടി ഉണരുന്നു. ഏത് വരെ ഡ്രാക്കുള രക്ടം കുടിച്ച കഥ അല്ലാതെ കൈ കഴുകി കുളിച്ചു കുട്ടപ്പനായി ഇരുന്നു മനുഷ്യനെ തിന്നുന്ന കഥ കേട്ടിട്ടില്ല എന്ന് എന്റെ സ്വപ്ന കഥ കേട്ട നാട്ടുക്കാര്‍.

ഈ മാതിരി ഡ്രാക്കുള ശല്യം മു‌ത്ത് മു‌ത്ത് ഉറങ്ങുന്നതിനു മുന്പുള്ള പ്രാര്‍ത്ഥന അഞ്ചു മിനിട്ടില്‍ നിന്നും അര മണിക്കുരാകി കൂട്ടി നോക്കി.ഒരു രക്ഷയുമില്ല.ഡ്രാക്കുള എന്റെ സ്വപ്ന കഥകളില്‍ ഹീറോ ആയി തുടര്‍ന്നു.

ആ ഇടയ്ക്ക് ആണ് ഏട്ടന്‍ എനിക്ക് ലൈബ്രറി യില്‍ നിന്നും നന്തനാരുടെ 'ഉണ്ണികുട്ടന്റെ ലോകം' കൊണ്ടു തന്നത്. ആ പുസ്തകം എനിക്ക് വിലയേറിയ രണ്ടു അറിവുകളാണ് തന്നത്.
ആദ്യത്തേത് 'അര്‍ജുനന്റെ പത്ത് പേരുകള്‍ പറഞ്ഞിട്ട് കിടന്നാല്‍ പേടിസ്വപ്നം കാണില്ല'
രണ്ടാമത്തത് 'വെണ്ണയും പഞ്ചസാരയും കുട്ടി കുഴച്ച് തിന്നാന്‍ നല്ല സ്വാദാണ് '.
രണ്ടും ഞാന്‍ അന്ന് തന്നെ പരിക്ഷിച്ചു നൂക്കി. ഗംഭീര വിജയം.അങ്ങനെ യാണ് ഞാന്‍ എന്റെ സ്വപ്നങ്ങളില്‍ നിന്നും ഡ്രാക്കുളയെ ഇറക്കി വിട്ടത്. അര്‍ജുനന്‍ കി ജയ്.....

പക്ഷെ സ്വപ്നങ്ങളില്‍ നിന്നൊരു മോചനം ? അത് ഉണ്ടാവില്ല എന്നാണ് തോന്നുന്നത്.ഈ അടുത്ത കാലത്തു എടുത്താല്‍ പൊങ്ങാത്ത ഒരു ഭാരം തലയില്‍ വന്നു വീണപ്പോള്‍ ഞാന്‍ ഒരു സ്വപ്നം കണ്ടു.ബാക്ക് ഗ്രൌണ്ട് ഓഫീസ്.ഒരു വലിയ കാത്സ്യം ഗുളിക്കയും പിടിച്ചിരിക്കുന്ന ഞാന്‍.ചുറ്റും ഡയറക്ടരും സഹപ്രവര്‍ത്തകരും.കാത്സ്യം ഗുളികയുടെ വലുപ്പം കണ്ടു പേടിച്ചു വിഴുങ്ങാന്‍ ബുദ്ധി മുട്ടുകയാണ് ഞാന്‍.
'സാധാരണ അശ്വതി ഗുളികയൊക്കെ വിഴുങ്ങരുണ്ട്.ഇതിപ്പോ വലിപ്പം കു‌ടുതല്‍ ആയതു കൊണ്ടാവും'എന്നൊക്കെ എന്നോട് സഹതപിക്കുന്നു ഉണ്ട് കൂടെയുള്ളവര്‍.
'ഗുളിക ഇടിച്ചു പൊടിച്ചു കഴിച്ചാലും പോരെ" എന്നായി ഞാന്‍.
"നോ, വിഴുങ്ങണം"ഡയരക്ടര്‍ .മുഖത്ത് പരിഹാസച്ചിരി.

കലാകൌമുദിയിലോക്കെ കാന്നുന്ന നമ്പൂതിരി ചിത്രത്തിലെ കേണല്‍ ഇന്റെ ഒരു മട്ടുണ്ടല്ലോ ഈ ഡയരക്ടര്‍ക്ക് എന്നപ്പോള്‍ ഞാന്‍ മനസ്സില്‍ ഓര്‍ക്കുന്നു.സ്വപനം കട്ട്.

ഇടയ്ക്ക് കാണുന്ന സ്വപ്നങ്ങളില്‍ ഞാന്‍ മറ്റാരോ ആണ്.കണ്ടിട്ടില്ലാത്ത നാടു, കണ്ടിട്ടില്ലാത്ത ആള്‍ക്കാര്‍.രാവിലെ ഞാന്‍ ഉഷാറാകും.ഒരു ജന്മത്തില്‍ തന്നെ പലരാവാനുള്ള മനുഷ്യന്റെ ആഗ്രഹമാണ് അവര്‍ മുടി നീട്ടി വളര്‍ത്തിയും മുടിയുടെ നീളം കുറച്ചും,പലമാതിരി കുപ്പായങ്ങള്‍ ഇട്ടും തീര്‍ക്കുന്നത് എന്ന് പ്രിയ .എ.എസ് എഴുതിയത് ഈ അവസരത്തില്‍ സ്മരിക്കാവുന്നതാണ്.

എങ്കിലും ഇപ്പോള്‍ എന്നെ കുഴയ്ക്കുന്ന പ്രശ്നം മറ്റൊന്നാണ്‌.ഈ ഗുളിക ഞാന്‍ വിഴുങ്ങണോ വേണ്ടയോ?

Friday, June 13, 2008

വിളിപ്പേരുകളുടെ നാട്

"ഈ പാവലിന്റെ ഫോട്ടോആരാ മുന്നില്‍ തന്നെ വെച്ചിരിക്കുന്നത്‌?"

ഞങ്ങളുടെ കല്യാണത്തിന്റെ ഫോട്ടോ ആല്‍ബം നോക്കി അച്ഛന്‍ കലി തുള്ളി. എനിക്കൊന്നും മനസ്സിലായില്ല.അമ്മ എന്തൊക്കെയോ തട്ടുമുട്ടു ന്യായങ്ങള്‍ നിരത്തുന്നുണ്ട്.ഞാനും എത്തി വലിഞ്ഞു ആല്‍ബം ത്തിലേക്ക് നോക്കി.ഞങ്ങളുടെ അടുത്ത് കുറെ പേര്‍ നില്ക്കുന്ന ഫോട്ടോ.ഇരുവശത്തും കസേരയില്‍ ചിലര്‍ .പിന്നില്‍ പുഞ്ചിരിച്ചു കൊണ്ടു മറ്റു ചിലര്‍.ആരെയും എനിക്ക് പരിചയമില്ല.എങ്കിലും എനിക്ക് എന്റെ പത്താം ക്ലാസ്സിലെ സ്കൂള്‍ ഫോട്ടോ ഓര്‍മ വന്നു.

എങ്കിലും പാവല്‍ ?

ഞാന്‍ സംശയ നിവാരണത്തിനായി അനിയത്തിയെ സമീപിച്ചു.

"ഓ, ഇത് പാവല്‍ ശശി ചേട്ടന്‍ അല്ലെ?"

അര്‍ത്ഥം?

"സ്ഥലത്തെ പ്രധാന വെള്ളം .വെള്ളമടിച്ചാല്‍ പാവല്‍ പടര്‍ന്നു കയറുന്നത് പോലെ പടര്‍ന്നു പടര്‍ന്നു പോകുന്നത് കൊണ്ടു എല്ലാവരും അങ്ങേരെ അങ്ങനെയാണ് വിളിക്കുന്നത്" കണവന്റെ വക വിശദീകരണം .

എന്തൊരു കലാബോധം ഉള്ള പേരു. എനിക്ക് ഇഷ്ടപ്പെട്ടു. ഇടുകയാണെങ്കില്‍ എങ്ങനെ ഇടണം ഇരട്ടപേര്. പിന്നെ പിന്നെ എനിക്ക് മനസിലായി ഈ നാട്ടില്‍ 75% പേര്‍ക്കും ഇരട്ട പേരുണ്ട് . ആ പേരുകള്‍ അവരും നാട്ടുകാരും എന്തോ കുടുബപേര് പോലെ അംഗീകരിച്ചതും ആണ്.ആര്ക്കും പരാതി ഇല്ല. സ്ത്രീ ജന ബഹുമാനം നിറഞ്ഞു കവിയുന്ന നാടയത് കൊണ്ടാവും സ്ത്രീ ജനങ്ങള്‍ക്കാര്‍ക്കും ഇരട്ട പേരില്ല.എല്ലാം ആണ് വര്‍ഗത്തിനു.

പണ്ടേ ആകാശവാണി യിലെ കൌതുകവാര്‍ത്തകളുടെ ഒരു ആരാധിക ആയിരുന്നത് കൊണ്ടു ഞാന്‍ ഈ പേരുകളുടെ പുറത്തു ഗവേഷണം നടത്താന്‍ തീരുമാനിച്ചു. എന്റെ ഗവേഷണങ്ങളില്‍ ഉരുത്തിരിഞ്ഞ ചില പേരുകള്‍ ഇതാ...

വിഷം അനി - പറയുന്ന എല്ലാ കാര്യങ്ങളിലും എന്തെങ്കിലും പാര ആര്‍കെങ്കിലും വയ്ക്കുന്ന അനി.

കാളകുടം മനോജ് -ഗ്രേഡ് കുടിയ വിഷം

മരണം സുനില്‍ - മരണ വേഗത്തില്‍ ബൈക്കില്‍ പായുന്ന സുനില്‍

വയിറ്റിപപ്പടം-കല്യാണത്തിന്നു പപ്പടം കാചിയെന്നും കാച്ചിയ പപ്പടം അടിച്ച് മാറ്റുന്ന തത്രപാടില്‍ വയറു പൊള്ളി എന്നും കഥ .

തന്തല വെട്ടി-'താന്‍ തല വെട്ടി' എന്നതിന്റെ മറ്റൊരു രൂപം. ആരെയും വാചകമടിച്ചു (കത്തിയടിച്ചു) കൊല്ലും എന്നും സ്വന്തം തല വരെ വെട്ടും എന്നും ആക്ഷേപം.

ട്യുപ്പ് ശശി -പറയുന്നതെന്തും ട്യുപ്പ് (അഥവാ നുണ) എന്ന് നാട്ടുകാര്‍.

നടകാവല്‍ ദാമോദരന്‍ -സിമ്പിള്‍ ,അമ്പലത്തിലെ സെക്യൂരിറ്റി .

ടൌണ്‍ ശിവന്‍ -പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തതു കൊണ്ടും ടൌണില്‍ തെക്കു വടക്കു നടക്കുന്നത് കൊണ്ടും ചാര്‍ത്തി കിട്ടിയ പേരു.

മാവേലി ഗോപന്‍ - എവിടെയും എത്താമെന്നു വാക്കു കൊടുക്കുകയും പിന്നെ സൗകര്യം പോലെ മറക്കുകയും ചെയ്യുമെന്ന് വിശദീകരണം. (അതും മാവേലിയുമായി എന്ത് ബന്ധം എന്ന ചോദ്യത്തിന് എന്റെ കൈയില്‍ ഉത്തരമില്ല. )

മൂടന്‍ ശിവശങ്കരന്‍- പ്ലാമൂട് എന്ന വീട്ടു പേരാണ് ഈ ഹതഭാഗ്യനു വിനയായത്.

ബംഗാളി തങ്കപ്പന്‍- എന്തിനും ഏതിനും 'ബംഗാളില്‍ ആണെങ്കില്‍ ..' എന്നൊരു വകുപ്പുണ്ട്‌ ഉണ്ട് കക്ഷിക്ക്.

കുരുവി പാച്ചന്‍ -പഞ്ചായത്ത് ഇലക്ഷന് കുരുവി ചിഹ്നത്തില്‍ മത്സരിച്ചതാണ് ചെയ്ത തെറ്റു.

കൃഷ്ണ ക്ഷേത്രത്തിനു അടുത്ത് ആയതു കൊണ്ടാവും ഉണ്ണികൃഷ്ണന്‍ മാരെ മുട്ടാതെ നടക്കാന്‍ വയ്യ എന്ന സ്ഥിതി യാണ്. തിരിച്ചറിയാന്‍ പിന്നെയും ഇരട്ട പേരുകളുടെ വക്കാലത്തു.മേടയില്‍ ഉണ്ണി,ലായത്തില്‍ ഉണ്ണി, മഠത്തില്‍ ഉണ്ണി,പോലീസ് ഉണ്ണി...നിരവധി അനവധി ഉണ്ണിമാര്‍.ആദ്യത്തെ മു‌ന്നും വീട്ടു പേരാണ് .ആറടി പൊക്കമുള്ള പോലീസ് ഉണ്ണിയെ ഞാന്‍ ഇതു വരെ യു‌ണിഫോമില്‍ കണ്ടിട്ടില്ല.

കാരണം?

പോലീസ് ഉണ്ണി പോലീസ് അല്ല എന്നത് കൊണ്ടു തന്നെ.

പിന്നെ പേരു?

പോലീസ് ഉണ്ണിയുടെ അച്ഛന്‍ പോലീസ് ,ഭാവിയില്‍ ഉണ്ണി ഒരു പോലീസ് ആയേക്കാം എന്ന നാട്ടുകാരുടെ പ്രതീക്ഷ.,ഇതൊക്കെ ആണ് ആ പേരിനു പിന്നില്‍.ഭീമന്‍ ചന്ദ്രന്‍ ഇന്റെ അനുജന്‍ നകുലന്‍ വേണു ആകുന്നതു സ്വാഭാവികം .

എന്ത് കൊണ്ടു അര്‍ജുനന്‍ വേണു ആയില്ല?
അങ്ങനെ കേമാനാവാനല്ലലോ ആരും ഇരട്ട പേരിടുന്നത്‌.

ഇനിയും കാരണമരിയാത്ത പേരുകള്‍ അനേകം .
ശിഖാമണി,പാച്ചന്‍ പണിക്കര്‍,ചുക്ക,മുക്കാന്‍ മാമ്മന്‍ ...ലിസ്റ്റ് വളരെ നീണ്ടതാണ്.

"അമ്പലത്തിലെ സമുഹ സദ്യ യ്ക്ക് എന്നും പറഞ്ഞു ആന വന്നു നമ്മുടെ ഉരുളി കൊണ്ടു പോയി' എന്ന് അമ്മ അച്ഛനോട് പരയുംപ്പോള്‍ ഇപ്പോള്‍ ഞാന്‍ ഞെട്ടാറില്ല .എനിക്കിപ്പോള്‍ അറിയാം ഭിമാകാരനായ ക്ഷേത്ര കമ്മിറ്റി ജീവനക്കാരനാണ് ആന ബാബു വെന്ന്.

"ചു‌ക്ക ഉള്ളത് കൊണ്ടു പെട്ടെന്ന് സാധനം കിട്ടി" എന്നൊക്കെ ഞാനും പറഞ്ഞു തുടങ്ങി.

ഇങ്ങനെ ഒക്കെ തന്നെ അല്ലെ ഞാനും ഈ നാടിന്റെ ഭാഗ്മാകുന്നത്?

Monday, May 26, 2008

വീണ്ടും ഒരു പട്ടിക്കഥ

അഞ്ചു സെന്റിന്റെ ഞെരുങ്ങലില്‍ നിന്നും കുറച്ചധികം സെന്റുകളുടെ വിശാലതയിലേക്ക്‌ ആണ് ഞാന്‍ ഒരു കല്യാണം കഴിച്ചതിന്റെ പേരില്‍ എത്തി ചേര്‍ന്നത്‌ .വിശാലമായ പറമ്പ്,തൊഴുത്തില്‍ പശു പിന്നെ കോഴി ,ആടു, അടുത്തു അമ്പലം ,ആറ്...നല്ല സെറ്റപ്പ്.

'ബെസ്റ്റ്..അശ്വതി ..ബെസ്റ്റ് ' ഞാന്‍ മനസ്സില്‍ പറഞ്ഞു .

രംഗവീക്ഷണം നടത്തി എല്ലാ പെണ്ണ് കുട്ടികളെയും പോലെ പുര പുറത്തു കയറാന്‍ ഏണിയും തു‌ക്കാന്‍ ചു‌ലും അന്വേഷിച്ചു നടക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് പിന്നിലൊരു അപായ മണി.
'ഭൌ..ഭൌ '
തിരിഞ്ഞു നോക്കിയ ഞാന്‍ ഞെട്ടി .എന്റെ പകുതിയോളം വരുന്ന ഒരു കൂറ്റന്‍ പട്ടി.ഞാന്‍ അന്ന് വരെ കണ്ടു പരിച്ചയപെട്ടിട്ടുള്ള പട്ടി വര്‍ഗ്ഗം അല്‍സെഷന്‍ ,പോമരേരിയന്‍ , സദാ നാടന്‍ .ഈ മു‌ന്നിലും ഇവന്‍ പെടില്ല.ഇതു സാക്ഷാല്‍ ഗ്രേറ്റ്‌ ടേന്‍.

'നീന്താന്‍ കൊണ്ടുപോയതാ ' അനിയന്‍.

ഞാന്‍ ചിരിച്ചു എന്ന് വരുത്തി .എന്റെ മുഖത്തു ആദ്യം മഞ്ഞ ,പിന്നെ പച്ച,ഒടുവില്‍ ഓറഞ്ച് കലര്‍ന്ന ചുവപ്പ് ഇങ്ങനെ വിവിധ നിറങ്ങള്‍ മിന്നി മറഞ്ഞപ്പോള്‍ വന്നു‌ നാത്തുന്‍ ചോദ്യം .
'പേടിയാ അല്ലെ?'
'ഓ ഇല്ലാ ,പിന്നെ ഒരു ..' ഞാന്‍ വിക്കി .
'പേടിക്കണ്ട ,ടോമി കടിക്കില്ല '

എന്തിന് കടിക്കണം .കണ്ടാല്‍ തന്നെ ഒരു മാതിരി പെട്ടവരുടെ ജീവന്‍ പോകും.ആര്‍ക്കറിയാം ഏതെങ്കിലും ജ്യോത്സ്യന്‍ അശ്വതി നാളുകാരെ കടിച്ചു തുടങ്ങുന്നതാണ് നല്ലത് എന്ന് പറഞ്ഞിട്ടു , ഒരു അശ്വതി നാളുകാരിയെ കാത്തിരിക്കുകയായിരുന്നോ ഈ ടോമി എന്ന്.തമാശയല്ല.അങ്ങനെ ഒരു അനുഭവം എനിക്കുണ്ട്.

സംഭവം ഇങ്ങനെ.അടുത്ത വീട്ടിലെ മധുചെട്ടന്‍ ഒരു കട തുടങ്ങാന്‍ തീരുമാനിക്കുന്നു.കട വളര്‍ന്നു സൂപ്പര്‍ മാര്‍ക്കറ്റ്‌ ആയി സൂപ്പര്‍ മാര്‍ക്കറ്റ്‌ ബ്രാഞ്ചുകളായി വളര്‍ന്നു മധു ചേട്ടന്‍ വലിയൊരു ബിസിനസ്സ് മാഗനെട്ട് ആവാന്‍ എന്ത് വേണം എന്നറിയാന്‍ ഒരു ജ്യോത്സ്യനെ കാണുന്നു .ഉത്ഘാടനത്തിനു പറ്റിയ ദിവസത്തിനോടൊപ്പം ജ്യോത്സ്യന്‍ 'ഉത്‌ഘാടനം ഒരു അശ്വതി നക്ഷത്രക്കാരി ചെയ്യണം ' എന്ന് പറഞ്ഞതാണ്‌ കഥയുടെ ട്വിസ്റ്റ് .പേരും നാളും ഒന്നായത് കൊണ്ടു എന്റെ നാളിനെ കുറിച്ചു നാട്ടുക്കാര്‍ക്ക് ആര്‍ക്കും ഒരു സംശയവും ഇല്ല.അങ്ങനെ ഞാന്‍ ഉത്ഘാടകയായി.ചെറിയ ഒരു ആള്‍ക്കുട്ടം .ഉത്ഘാടക ഹാപ്പി യായി .

'ദൈവമേ ..എന്നെ നാണം കെടുത്തല്ലേ' എന്ന് പ്രാര്‍ത്ഥിച്ചു ഞാന്‍ വിളക്ക് കൊളുത്തി.തുടര്‍ന്നു ചായ,ലഡ്ഡു ...ആദ്യത്തെ ഒരു മാസം പടം ഹിറ്റ് ആയിരുന്നു.പിന്നെ..പിന്നെ..ഞാന്‍ പ്രത്യേകിച്ച് പറയണ്ടല്ലോ .മധുച്ചേട്ടന്‍ എന്നോട് അലോഗ്യം ഒന്നും കാണിചില്ലെങ്കിലും മധുചെട്ടനെ കാന്നുംപ്പോള്‍ എന്റെ ഉള്ളു ഒന്നു കാളി.'എന്തൊരു ഐശ്വര്യം ' എന്നായിരുക്കുമല്ലോ മധു ചേട്ടന്റെ മനസ്സില്‍ എന്ന് എനിക്ക് ഊഹിക്കാവുന്നതെ ഉള്ളു.അധികം താമസിക്കാതെ കട പു‌ട്ടി മധു ചേട്ടന്‍ ഗള്‍ഫില്‍ പോയി.പിന്നെ ഞാന്‍ ആ വഴി പോകുംപ്പോള്‍ എന്റെ 'ഐശ്വര്യത്തെ ' തിരിഞ്ഞു നോക്കാന്‍ ധൈര്യപെടാറില്ല.

എന്റെ ചിന്ത കാട് കയറി .ടോമി യെ കണ്ണുമടച്ചു വിശ്വസിക്കണ്ട .'ജാഗ്രതെ..'ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു.എന്റെ മനസ്സില്‍ യിരിപ്പ് അത്ര ശരിയല്ല എന്ന് ടോമി ക്കും മനസ്സിലായി എന്ന് തോന്നുന്നു. എന്റെ നിഴല്‍ കണ്ടാല്‍ പോലും ഒരേ കുര. കേള്‍ക്കുന്നവര്‍ക്ക് ഞാന്‍ അവിടെ നിന്നു കിണ്ടിയോ തൊട്ടിയോ ഏതാണ്ട് അടിച്ചുമാറ്റി കൊണ്ടു പോകുകയാണോ എന്ന് തോന്നുന്ന അവസ്ഥ .

ഞാന്‍ ഓഫീസ് യിലേക്ക് പോകാന്‍ വീട്ടില്‍ നിന്നും ഇറങ്ങുപ്പോള്‍ ഗേറ്റ് വരെ ടോമി യില്‍ നിന്നു സംരക്ഷിച്ചു എന്നെ കൊണ്ടു പോകാന്‍ ഒരു ബ്ലാക്ക് കാറ്റ് പ്രൊട്ടക്ഷന്‍ ഏര്പ്പെടുത്തി .തിരിച്ചു വരുംപ്പോള്‍ ഞാന്‍ ഗേറ്റിനു പുറത്തു തന്നെ നില്ക്കും ആരുടെയെന്കിലും തല വീടിനു പുറത്തു കാണുന്നത് വരെ. പിന്നെ ടോമി പരിസരത്തു ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തി വീട്ടിലേക്ക് ഒറ്റ ഓട്ടം.ഒരു വൈകിട്ട് ഗേറ്റിനു പുറത്തു നില്ക്കുന്ന എന്നെ ഗേറ്റിനു അകത്തു നില്ക്കുന്ന ടോമി പത്തു മിനിറ്റോളം കുരച്ചു വഴക്കു പറഞ്ഞ സംഭവം അച്ഛന്‍ അറിഞ്ഞപ്പോള്‍ പുതിയ നിയമം പാസ്സായി .
'അശ്വതി സ്ഥലത്തു ഇല്ലാത്തപ്പോള്‍ മാത്രം ടോമി യെ തുറന്നു വിട്ടാല്‍ മതി' ഉഗ്ര ശാസന.
ഞാന്‍ ലഡ്ഡു വിതരണം ചെയ്തു നിയമത്തെ അനുകൂലിച്ചു .ടോമി മുരണ്ടു.

പിന്നീട് അങ്ങോട്ട് എന്റെ തേര്‍വാഴ്ച ആയിരുന്നു.ചങ്ങലയില്‍ കിടക്കുന്നവനെ ആര്‍ക്കു പേടി?രാവിലെ ചെടികള്‍ക്ക് വെള്ളം ഒഴിക്കുന്നു, വൈകിട്ട് മുറ്റത്തിരുന്നു ചുമ്മാ കാറ്റു കൊള്ളുന്നു,വെറുതെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നു.ചുരുക്കത്തില്‍ ഞാന്‍ എന്റെ ഒഴിവ് സമയം മുഴുവന്‍ ടോമി യെ വെല്ലുവിളിച്ചു മുറ്റത്തു തന്നെയാക്കി .ടോമി ക്ക് കുറച്ചും മുരണ്ടും മടുത്തു.കുര നിറുത്തി എന്നെ കാണാത്തഭാവത്തില്‍ കിടന്നു തുടങ്ങി ടോമി.
'മുട്ടു മടക്കി...മുട്ടു മടക്കി...' ഞാന്‍ കു‌വി വിളിച്ചു.

ടോമി യുടെ കുര നിന്നതോടെ ഞാന്‍ വീണ്ടും ഉഷാറായി.ടോമി യെ തീരെ മൈന്‍ഡ് ചെയ്യാതിരിക്കുക എന്നതായി എന്റെ അടുത്ത പ്രയോഗം.രാവിലെ 'ഞാന്‍...ഒരു നരന്‍..(നീ വെറും പട്ടി എന്ന് വ്യംഗ്യം ) എന്ന് മു‌ളി പാട്ട് പാടി ഞാന്‍ ഓഫീസ് ഇലേക്കു പോയി.എന്റെ ബ്ലാക്ക് കാറ്റ് ആയി അപ്പോയിന്റ്‌ ചെയ്തിരുന്ന നാത്തുനു VRS കൊടുത്തു.

സിനിമ പണ്ടേ ഒരു ദൌര്‍ബല്യം .'മീശമാധവന്‍' സിനിമ കാണാന്‍ തീരുമാനിച്ച ദിവസം .ഓഫിസില്‍ നിന്നും അത്യാസന്ന നിലയില്‍ കിടക്കുന്ന ആര്‍ക്കോ രക്തം കൊടുക്കാന്‍ എന്നപോലെ ഞാന്‍ ഓടികിതച്ചു വീട്ടില്‍ എത്തി .ഗേറ്റ് കടന്നു വീട്ടിലേക്ക് പറക്കുപ്പോള്‍ പതിവു 'പോടാ പട്ടി..' നോട്ടം ടോമി യെ നോക്കാന്‍ കുടി മറന്നു ഞാന്‍ .മനസ്സില്‍ ദിലീപ്,കാവ്യാ മാധവന്‍,മീശ ഇതൊക്കെ നിറഞ്ഞു കവിഞ്ഞു കിടക്കുന്നു. പിന്നെയാ ടോമി. പെട്ടെന്ന് എന്നെ ഞെട്ടിച്ചു കൊണ്ടു ടോമി എന്റെ നേരെ കുറച്ചു ചാടി.ചങ്ങല അഴിഞ്ഞു കിടക്കുന്നത് ഞാന്‍ അപ്പോഴാണ് കണ്ടത്.വീട്ടില്‍ കയറാന്‍ ഇനിയും നാല് അഞ്ചു അടി കുടി .

ടോമി വില്ലന്‍ ചിരി ചിരിച്ചു. എന്റെ ജീവന്‍ പകുതി പോയി. സിനിമയിലെ ക്ലൈമാക്സ് സീന്‍ പോലെ ടോമി മുന്നോട്ടു ഞാന്‍ പിന്നോട്ട്.ഞാന്‍ ഒടുവില്‍ മതിലില്‍ ഇടിച്ചു നിന്നു.ടോമി ഒറ്റ ചട്ടം.കടിച്ചു എന്ന് തന്നെ ഞാന്‍ ഉറപ്പിച്ചു.പക്ഷെ അവന്‍ മുന്‍വശത്തെ രണ്ടു കാലും (അതോ കൈയോ?) എന്റെ അപ്പുറത്തും ഇപ്പുറത്തും ആയി വെച്ചു. തുറന്ന വായ് എന്റെ നേരെ.ഉഗ്രന്‍ കുര.നിലവിളിക്കാന്‍ എന്നെ വെല്ലാന്‍ ആരുമില്ല.മാന്‍...അഭിമാന്‍... ഒക്കെ മറന്നു ഞാന്‍ കാറി.ടോമി ഇപ്പൊ കടിക്കാം, അല്ലെന്കില്‍ വേണ്ട രാഹു കാലം കഴിഞ്ഞു കടിക്കാം എന്നൊരു മട്ടില്‍.

ഞാന്‍ 'അമ്മേ ...അച്ഛാ..ചേച്ചി..' എന്നൊക്കെ കു‌വി വിളിച്ചു നോക്കി .അവരെല്ലാം പിന്നിലെ പറമ്പില്‍ നിന്നു കടുത്ത രാഷ്ട്രിയ സംവാദത്തില്‍ ഏര്‍പ്പെട്ടിരിക്കുക ആയിരിന്നു എന്ന് ഞാന്‍ എങ്ങനെ അറിയാന്‍.അപ്പോഴാണ് ഒരു കുട്ടച്ചിരി .മതിലിനപ്പുറത്ത് കുറെ കുട്ടിച്ചാത്തന്‍ തലകള്‍ .അപ്പുറത്തു ക്രിക്കറ്റ് കളിയ്ക്കാന്‍ വന്ന കുറെ പാവം ക്രുരന്‍മാര്‍ .അഞ്ചു മുതല്‍ പതിനഞ്ച് വയസ്സ് വരെ പ്രായമുള്ള ഒരു ടീം.അവരുടെ സന്തോഷം കുടി കണ്ടപ്പോള്‍ എനിക്ക് തുങിചാവാന്‍ തോന്നി.കുട്ടത്തില്‍ ഉള്ളൊരു പാവം ചാത്തന്‍ പോയി അമ്മയെ വിളിച്ചു കൊണ്ടു വന്നു.ടോമി ബന്ദിയാക്കി വെച്ചിരുന്ന എന്നെ അമ്മ വന്നു മോചിപ്പിച്ചു.മാനം കപ്പല് കയറിയത് ഓര്‍ത്തു എനിക്ക് കരച്ചില്‍ നിര്‍ത്താന്‍ പറ്റിയില്ല. എല്ലാവര്‍ക്കും ചിരി. സംഭവ സ്ഥലത്തു അച്ഛന്‍ വന്നപ്പോഴാണ് ഞാന്‍ ഒന്നു ആശ്വസിച്ചത്.അച്ഛന്‍ ചിരിക്കാരെ എല്ലാം നോക്കി കണ്ണുരുട്ടി.

'ഇനി ടോമി യെ പിന്നിലെ പറമ്പില്‍ കെട്ടിയാല്‍ മതി.രാത്രി മാത്രം തുറന്നു വിട്ടാല്‍ മതി.' അച്ഛന്‍ എന്നെ ആശ്വസിപ്പിച്ചു.

തുടര്‍ന്നു ടോമി ക്ക് ഒരു പട്ടികുടുണ്ടാക്കി.പിന്നിലെ പറമ്പില്‍ മാത്രം ടോമി ചുറ്റി തിരിയാനും തുടങ്ങി. ഞങ്ങള്‍ നേരില്‍ കാണുന്ന സന്ദര്‍ഭങ്ങള്‍ വിരളമായി.ഞാന്‍ ടോമി യെയും ടോമി എന്നെയും (?) മറന്നു.

എന്റെ കല്യാണം തീരുമാനിച്ചപ്പോള്‍ അമ്മ പറഞ്ഞ കാക്ക തൊള്ളായിരം ഉപദേശങ്ങളില്‍ ഒന്നു മാത്രം തലയില്‍ കയറി.
'ഭര്‍തൃ ഗ്രഹത്തില്‍ നല്ല കുട്ടി ആയിരിക്കണം.'

അക്ഷരം പ്രതി അതങ്ങു അനുസരിച്ച് ഞാന്‍ ഇന്നും നല്ല 'കുട്ടി'.
തെളിവ്‌ ?
ഓണക്കാലത്ത് അച്ഛന്റെ ഡയലോഗ് .'കുട്ടികള്‍ക്ക്‌ ഒക്കെ ഓണകോടി എടുക്കണം .പാര്‍വതി,ഉണ്ണികുട്ടന്‍,ഗൌരി,അശ്വതി...'പാര്‍വതി യ്ക്ക് വയസു ആറ്,ഉണ്ണി കുട്ടന് വയസ്സ് അഞ്ച്, ഗൌരി ക്ക് മുന്ന് ,കുറെ ഓണം കുടുതല്‍ ഉണ്ട ഈ അശ്വതി ക്ക്?

ഇതു കേട്ടു ഞാന്‍ ചിരിക്കണോ കരയണോ?

Monday, May 12, 2008

നഗരവാസികളെ...ഇതിലെ...ഇതിലെ...

എല്ലാ എഞ്ചിനീയറിംഗ് കോളേജിലും പ്രചരിക്കുന്ന ഒരു സ്ഥിരം തമാശ ഉണ്ട്. എന്ട്രന്സ് എക്സാം ഒക്കെ എഴുതി ഇവിടെ ചേരുന്ന എല്ലാവര്‍ക്കും ഒരു executive engineer ഇന്റെ ഗമയാണെന്നും നാല് കൊല്ലം കഴിഞ്ഞു കോളേജ് ഇന്റെ പടി ഇറങ്ങുമ്പോള്‍ ഒരു ട്രഫ് സ് മാന്റെ മട്ടും മാതിരിയും ആണെന്നും . ഏതാണ്ട് ആ മട്ടിലൊക്കെ തന്നെ ഞാനും നാല് കൊല്ലത്തെ കോലാഹലങ്ങള്‍ക്ക് ശേഷം വീട്ടിലെത്തി .


'ഇനിയെന്തു? ' വലിയൊരു ഉത്തരമില്ലാ ചോദ്യം മുന്നില്‍ .


എല്ലാ അച്ഛനമ്മ മാരെയും പോലെ 'ദേ ആ ടീച്ചറിന്റെ മോളുടെ കല്യാണം കഴിഞ്ഞു ' .'അവിടെ കല്യാണം ഉറച്ചു' എന്ന ചില സംസാരം സ്ഥിരമായി കേട്ടു തുടങ്ങിയപ്പോള്‍ ഇവിടെ ചുറ്റി തിരിയുന്നത്‌ അത്ര പന്തിയല്ല എന്ന് എനിക്ക് മനസിലായി.


'ഞാന്‍ പഠിക്കാന്‍ പോകുവാ' ഞാന്‍ കയറി അങ്ങ് പ്രഖ്യാപിച്ചു .


'ടി വിയുടെ മുന്നില്‍ ഉണ്ട് ഉറങ്ങുന്നതിനെക്കാള്‍ എന്ത് കൊണ്ടും ഭേദം ' അമ്മയുടെ വക കമന്റ് .


MTech എന്നൊരു ലക്ഷ്യം മുന്നില്‍ കണ്ടു കൊണ്ടു പഠിക്കാന്‍ ഞാന്‍ ഉറച്ചു. റാങ്ക് നേടാതെ ഇനി വിശ്രമമില്ല . കാര്യത്തോട്‌ അടുതപ്പോഴാണ് പൊല്ലാപ്പ് കുറെ ഉണ്ട് എന്ന് മനസ്സിലായത്.ഈ ഗേറ്റ് എന്ന് പറയുന്നവന്‍ അത്ര പാവമൊന്നുമല്ല.തീവ്രവാദിയാ . പണ്ടു പഠിച്ചതൊക്കെ പൊടി തട്ടി എടുക്കണം .ചോദ്യങ്ങളൊക്കെ ചുറ്റി വളഞ്ഞു മൂക്കില്‍ പിടിക്കുന്ന പോലത്തവ .മൊത്തത്തില്‍ മെനക്കേട്.കൈ നനയാതെ മീന്‍ പിടിക്കാന്‍ തയ്യാറായി ഇരിക്കുന്ന എനിക്ക് പറ്റിയ പണിയല്ലതു .


'എങ്കില്‍ ഞാന്‍ അമേരിക്ക യില്‍ പോകുവാ പഠിക്കാന്‍'


'എന്തെളുപ്പം ' അച്ഛന്‍.


അതിനും വേണം GRE സ്കോര്‍ . എങ്കിലും താരതമ്യം ചെയുമ്പോള്‍ ഗേറ്റ് ഒരു ആനയും GRE ഒരു ആടും ആണെന്ന് ഞാന്‍ ബുദ്ധിപൂര്‍വ്വം മനസിലാക്കി.


'ഇപ്പോള്‍ പഠിച്ചു തുടങ്ങി കളയും' എന്ന മട്ടില്‍ ഞാന്‍ ഇരിക്കുംപ്പോള്‍ വലിയൊരു പാരയും പിടിച്ചു ഏട്ടന്‍ രംഗത്തെത്തി.


'സാമ്പത്തികം ?'


ഞാന്‍ ആകാശത്തേക്ക് നോക്കി .


'അല്ലെങ്കില്‍ തന്നെ അറിയാന്‍ വയ്യാത്ത ഒരു ഭുഖണ്ട് ഡത്തിലോട്ടണോ ഒറ്റയ്ക്ക് പോകാം എന്ന് നീ വിചാരിക്കുന്നത്‌? ' ആ ഒറ്റ ചോദ്യത്തോടെ സ്വതന്ത്ര പ്രതിമയുടെ താഴെയിരുന്നു ചായ കുടിക്കാം എന്ന എന്റെ മോഹം ചിറകറ്റു വീണു.



പക്ഷെ അങ്ങനെ തോറ്റു കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചിട്ടില്ല.അമേരിക്ക യോട് പോകാന്‍ പറ. അറിയുന്ന ഒരു ഭുഖണ്ടം വിശാലമായി കിടപ്പുണ്ടല്ലോ .അങ്ങനെയാണ് ഞാന്‍ മദിരാശിക്ക് വണ്ടി കയറിയത്.ചെന്നൈ യുടെ അങ്ങ് അറ്റത്തു എവിടെയോ കിടക്കുന്ന 'പല്ലവാരാ' ത്തയിരുന്നു എന്റെ ഹോസ്റ്റല്‍.ആദ്യമായിട്ടായിരുന്നു ഞാന്‍ ഒരു കോന്‍വേന്റ്റ് ഹോസ്റ്റല്‍ ഇല്‍ നില്ക്കുന്നത് . അച്ഛന്‍ എന്നെ ഹോസ്റ്റലില്‍ ആക്കി 'മകളെ, പഠിച്ചു ജോലി സമ്പാദിച്ചു വിജയിയായി മടങ്ങി വാ' എന്ന് അനുഗ്രഹിച്ചു വീട്ടിലേക്ക് മടങ്ങി പോയി .പോകുന്ന വഴിക്കു ഒരു ട്രെയിന്‍ സീസണ്‍ ടിക്കറ്റ് ഉം എടുത്തു തന്നു. ഇലക്ട്രിക് ട്രെയിന്‍ തന്നെ സൗകര്യം പ്രത്യേകിച്ചും ചെന്നൈ യെ കുറിച്ചു വാളും തുമ്പും ഇല്ലാത്ത എന്നെ പോലെത്തവര്‍ക്ക് .


ഒട്ടു മിക്ക convent ഹോസ്റ്റല്‍ ലെയും പോലെ ഒരു ഭാഗത്ത് നിന്നും വരുന്ന ചിക്കന്‍ ന്റെയും ബിരിയാണി യുടെയും മണം പിടിച്ചു ഞങ്ങള്‍ തൈരു സാദം ശാപ്പിട്ടു സംതൃപ്തി അടഞ്ഞു .വെള്ളത്തിന്റെ കാര്യത്തില്‍ മദര്‍ വളരെ കര്‍ക്കശക്കാരി ആണ്. രാവിലെ 7 മണി മുതല്‍ 9 മണി വരെ,വൈകിട്ട് 3 മണി മുതല്‍ 6 മണി വരെ മോട്ടോര്‍ ഓണ്‍ ആയിരിക്കും. ആ സമയത്തു എത്ര വെള്ളം വേന്നമെങ്കിലും ഉപയോഗിക്കാം.5 മണി വരെ മിക്കവാറും അന്തേവാസികള്‍ ഓഫീസ് ഇലോ കോളേജ് ഇലോ ആയിരിക്കും. അതുകൊണ്ട് 5 മണി മുതല്‍ 6 മണി വരെ വെള്ളം നിറയ്ക്കല്‍ മഹോത്സവത്തില്‍ ആയിരിക്കും. രാവിലെ കുളി കഴിഞ്ഞു വെള്ളം നിറച്ചു വെയ്ക്കുന്നവരും ഉണ്ട്. ഞാന്‍ രാവിലെ തന്നെ നീരാടി എന്റെ പേരു എഴുതി ലാബില്‍ ചെയ്ത ബക്കറ്റില്‍ വെള്ളവും എടുത്തു വെച്ചാണ് പോകുന്നത്.


പത്തു മണിക്ക് ലൈറ്റ് ഓഫ് ചെയ്യും .പിന്നെ ഫാന്‍ മാത്രമെ പ്രവര്ത്തിക്കു‌.എന്തൊരു ആശ്വാസം ...ലൈറ്റ് ഉണ്ടായിരുന്നെങ്കില്‍ ഒരു രണ്ടു മണി വരെ ഇരുന്നു പഠിക്കാമായിരുന്നു എന്നൊരു ഭാവത്തില്‍ സന്തോഷത്തോടെ കിടന്നു ഉറങ്ങാം . കുറ്റം എന്റെതല്ലല്ലോ.


L ഷേപ്പ് ഇല്‍ ഒരു മുറിയും മു‌ന്നു സഹാമുറിയത്തികളും.രണ്ടു പേര്‍ നാഗര്‍കോവില്‍ ഇല്‍ നിന്നുള്ള തമിഴ് കലര്‍ന്ന മലയാളം സംസാരിക്കുന്ന ഒരു ചേച്ചിയും അനിയത്തിയും. അടുത്തുള്ള സ്കൂളിലെ ടീച്ചര്‍ മാരാണ്‌.പിന്നെ പ്രൊജക്റ്റ് ചെയ്യാന്‍ വന്ന ഒരു മാവേലികരക്കാരി.


convent ഒരു പള്ളിയുടെ ഭാഗമാണ്. അങ്ങ്ലോ ഇന്ത്യന്‍സ് ഇന്റെതാണ് പള്ളി. അത് ഞാനങ്ങു ഊഹിചതാനു. റെയില്‍വേ സ്റ്റേഷന്‍ നിലേക്ക് പള്ളിയില്‍ നിന്നു അഞ്ചു മിനിട്ട് നടക്കുന്ന ദൂരമേ ഉള്ളു. അഞ്ചു മിനിട്ട് യെ ഉള്ളു വെന്കില്‍ എന്ത്. ശ്രദ്ധയോടെ വേണം നടക്കാന്‍. ലക്കും ലഗാനും ഇല്ലാത്ത രിക്ഷക്കാരും ' എല്ലാം നമ്മ നാടു താനെ..' എന്ന്‍ മട്ടില്‍ നീട്ടി തുപ്പുന്ന തമിഴത്തികളും .എല്ലാത്തിനും പുറമെ ഗം ഭീര ട്രാഫിക് ജാമും. ട്രാഫിക് ജാമിന് കാരണക്കരോ? പശു, എരുമ , കഴുത തുടങ്ങിയ നാല്കാലികള്‍. അവരുടെ നാടാണ്‌ പല്ലവാരം . പിന്നെ പാവങ്ങള്‍ അല്ലെ? വേണമെങ്കില്‍ രണ്ടോ മു‌ന്നോ ഇരുകാലികളും കു‌ടെ താമസിച്ചോട്ടെ എന്ന് നാല്കാലികള്‍ക്ക് തോന്നിയ ദയവാണ് മനുഷ്യരെ കു‌ടെ എവിടെ താമസിപ്പിക്കാന്‍ ഇടയാക്കിയത്. ഒട്ടകത്തിനു സ്ഥലം കൊടുത്തത് പോലെയായി സങ്ങതികള്‍ എന്ന് പ്രത്യേകിച്ചു പറയണ്ടല്ലോ.മനുഷ്യാധിപത്യം ആണെന്കിലും 'ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടുമോ?' എന്ന് ചോദിച്ചു ഈ നാല്കാലികള്‍ അവരുടെ നഷ്ട പ്രതാപം കാനിച്ചിരുന്നത് നടു റോഡില്‍ ആണ്. പത്തു മുപ്പതു ലക്ഷം രൂപയുടെ ബെന്‍സ് കാറ് പോലും ശാന്തനായി നിശബ്ധനായി ഭവ്യതയോടെ റോഡിലുടെ കന്നുകാളികള്‍ക്ക് പുറകെ മന്ദം മന്ദം പോകുന്നത് ഒരു സ്ഥിരം കാഴ്ച .



ട്രെയിനിലോ ? നല്ല തിരക്ക്. രണ്ടു കംപാര്ട്ടുമെന്റ് സ്ത്രീകള്‍ക്ക് വേണ്ടി തന്നെയുണ്ട്‌.മുല്ലപൂ, ജമന്തി ,കനകാംബരം തുടങ്ങിയ പലവിധ പൂക്കളുടെ തല കറക്കുന്ന മണമാണ് രാവിലെ എങ്കില്‍ വൈകിട്ട് ഈ പൂവെല്ലാം വാടി കരിഞ്ഞ മണം ആയിരിക്കും . രണ്ടും സഹിക്കാന്‍ വലിയ ബുദ്ധിമുട്ട്. ഹോസ്റ്റല്‍ ഇല്‍ എത്തി ഒന്നു മേല് കഴുകിയാല്‍ സമാധാനം.



പതിവു പോലെ ഞാന്‍ ലോകത്തെ എല്ലാ മുല്ലപൂ കച്ചവടക്കാരെയും മനസില്‍ ശപിച്ചു ഹോസ്റ്റലില്‍ എത്തി.മുരിയിലെത്തിയപ്പോഴേ സംഗതി അത്ര പന്തി അല്ല എന്ന് മനസില്ലായി. എല്ലാവരുടെയും മുഖത്തു ഒരു അലര്‍ജി ലുക്ക്. ഇല്ലാത്ത പൊടി തുടയ്ക്കുന്ന ഒരാള്‍. Phd ചെയ്യാന്‍ എന്ന മട്ടില്‍ ഗഹനമായി സ്റ്റാര്‍ ഡാസ്സ്റ്റ് വായിക്കുന്ന മറ്റൊരാള്‍ . മു‌ന്നാമത്തെ ആള്‍ ആവട്ടെ , ഒരേ അടുക്കലും പറുക്കലും.. ഞാന്‍ വന്നത് കണ്ട മട്ട് ആര്‍ക്കുമില്ല.


'എന്തൊരു ചൂടു.' ഞാന്‍ ഒരു ഓപ്പണിംഗ് കൊടുത്തു .


നോ രക്ഷ. അനിയത്തി മാത്രം ഒന്നു ചിരിച്ചു എന്ന് വരുത്തി. ശെടാ , ഇതെന്തു പറ്റി? അപ്പോഴാണ് ബാത്രൂം വാതില്‍ തുറന്നു പുതിയൊരു കഥാപാത്രം രംഗത്തു എത്തിയത് .


'ങാ... ഇതാ അല്ലെ നാലാമത്തെ ആള്. ഞാന്‍ അനിത. അങ്ങ് ആലപ്പുഴയിന്നാ. ഇവിടെ MSW വിനു ചേര്‍ന്നു.'


ബാക്കി മു‌ന്നു പേര്‍ക്കും വലിയ ഭാവവ്യത്യാസമൊന്നുമില്ല. അനിത കുളി കഴിഞ്ഞു മുറിയുടെ വരാന്തയിലേക്ക്. ' എന്നാ ചൂടു അല്ലെ?'ഏതായല്ലും മുറിയുക്ക് അകത്തു സമ്പൂര്‍ണ നിശബ്ദത . എങ്കില്‍ പിന്നെ അനിതയെ വിശദമായി പരിചയപ്പെട്ടെയ്ക്കാം. ഞാനും വരാന്തയിലേക്ക് ഇറങ്ങി .


'കോട്ടയതാ ഞങ്ങടെ സ്വന്തം സ്ഥലം .പണ്ടു മുതല്‍ക്കേ ആലപ്പുഴയിലാ.ഇതെന്നാ സ്ഥലമാ.എന്നാ ആവിയാ.ഞങ്ങടെ വീടിന്റെ മുന്നി കായലാ .എന്നാ കാറ്റാ എന്നറിയാമോ ?'


'അറിയില്ല മാഡം' ഞാന്‍ വിനയിച്ചു .


'വീട്ടില്‍ വെച്ചേ ഞാന്‍ രണ്ടു മു‌ന്നു നേരം കുളിക്കും. ഞങ്ങടെ കൊളത്തില്‍ നീന്തും . ഇവിടെ വന്നപ്പം സിസ്റ്റര്‍ ഒരു ബക്കറ്റ് വെള്ളം തന്നേച്ചു പറയുവാ വേണമെങ്കില്‍ കുളിചോളാന്‍.'


'സിസ്റ്റര്‍ ഓ ? എങ്കില്‍ ഇന്നിവിടെ ഇടിവെട്ടി മഴ പെയ്യും.' എനിക്ക് അത്ഭുതം .


'ഞാന്‍ റൂമില്‍ വന്നപ്പോ നമ്മടെ ബാത്രൂം ഇല്‍ രണ്ടു മു‌ന്നു ബക്കറ്റ് വെള്ളം ഇരിപ്പോണ്ട്.ഞാനങ്ങു കുളിച്ചു.എന്നാലും ഇത്ര കൊറച്ചു വെള്ളത്തില്‍ എങ്ങനാ ?ഞാന്‍ വരുന്നതേ വെള്ളത്തിന്റെ നാട്ടിന്നാ .'


കഥ കേട്ടു എന്റെ നാക്കിറങ്ങി പോയി.മുറിക്കു അകത്തു ആര്‍ട്ട് പടം നടക്കുന്നതിന്റെ ഗൂടന്‍സ് ക്ലിയര്‍.രാവിലെ ഇല്ലാ സമയം ഉണ്ടാക്കി എല്ലാവരും നിറച്ചു വെച്ചിരുന്ന വെള്ളം എടുത്തായിരുന്നു അനിത നീരാടിയത്.ഏതായാലും ആര്‍ട്ട് പടം അങ്ങനെ തന്നെ മുന്നോട്ട് പോയാല്‍ ഞാന്‍ സംസാരിക്കാന്‍ പറ്റാതെ ആത്മഹത്യ ചെയേണ്ടി വരും.ബാക്കിയുള്ളവര്‍ അനിതയോട് ദേഷ്യത്തിലാണ് എന്ന് മനസ്സില്ലാക്കാതെ അനിത മാത്രം എന്തൊക്കെയോ കഥകള്‍ പറയുന്നുണ്ട്.ഞാന്‍ എന്റെ വെള്ള ഗൌണ്‍ അണിഞ്ഞു .ചിറകു വിരിച്ചു .നക്ഷത്ര വടി (?) എടുത്തു. halo ഫിറ്റ്‌ ചെയ്തു.സമാധാന മാലാഖ യായി.


'വന്നേ, നമ്മുക്ക് സിസ്റ്റര്‍ ഓടു മോട്ടോര്‍ ഒന്നു ഓണ്‍ ചെയ്തു തരുമോ എന്ന് ചോദിക്കാം '


'നിനകെന്നാ പൈത്യമാ?' നാഗര്‍കോവില്‍ സഹോദരിമാര്‍ എന്നെ പുച്ഛിച്ചു.


എന്റെ halo കണ്ടില്ലേ? ഞാന്‍ ഒന്നു കൂടി നിവര്‍ന്നു നിന്നു.


'ഇതു വെറും പടം' എന്ന് അവര്‍.


പ്രൊജക്റ്റ് കാരിക്ക്‌ ചെറിയൊരു പ്രത്യാശ ഉണ്ട്.എങ്കിലും സിസ്റ്റര്‍ ഓടു ചോദിക്കാന്‍ കൂട്ട് വരാന്‍ വയ്യ.വെള്ളം കിട്ടിയാല്‍ കുളിക്കാമായിരുന്നു...


'ഞാന്‍ വരാം' അനിത.ഇപ്പൊ വന്നു കയറിയതല്ലേ ഉള്ളു. പാവം. കാണാന്‍ പോക്കുന്ന പൂരം കേട്ടറിയണ്ട എന്ന് കരുതി ഞാന്‍ മിണ്ടാതെ കു‌ടെ കു‌ട്ടി .



convent ഇന്റെ വാതിലില്‍ ഒരു മണി കെട്ടി തുക്കിയിട്ടുണ്ട്. അത് കുലുക്കി കുലുക്കി ഞാന്‍ നിന്നു. മണി ശബ്ദം അകത്തു കേള്‍ക്കാമോ ഇല്ലയോ എന്നൊക്കെ സംശയിച്ചു ഞാന്‍ മണി അടിച്ച് കൊണ്ടിരുന്നു. ' 'അത് കിലുക്കി പൊട്ടിക്കുമല്ലോ ?" എന്ന് പറഞ്ഞു കൊണ്ടാണ് സിസ്റ്റര്‍ വാതില്‍ തുറന്നത്‌ തന്നെ. തുടക്കമേ പിഴച്ചു. ഞാന്‍ കദന കഥെ വിവരിച്ചു.


'rule is rule.മാറ്റാന്‍ പറ്റില്ല. ഇന്നു കുളിക്കണ്ട''എങ്കിലും അഞ്ചു മിനിട്ട് നേരത്തേക്ക് എങ്കിലും...'ഞാന്‍ മഹാഭാരതത്തിലെ ശ്രീ കൃഷ്ണ ദുത് പോലെ താഴ്ന്നു താഴ്ന്നു വന്നു. മോട്ടോര്‍ ഓണ്‍ ചെയ്യുക എന്നാ ആവശ്യം വിട്ടു രണ്ടു ബക്കറ്റ്... ഒന്നു എങ്കിലും ...'സിസ്റ്റര്‍ കനിയുന്ന ലക്ഷണമില്ല.


'കുറച്ചു വെള്ളം കിണറ്റില്‍ നിന്നും കോരിക്കോട്ടേ?' അവസാന ചോദ്യം.


' അത് എന്ത് വേണമെങ്കിലും കാണിക്കു, വെള്ളം കോരന്നോക്കെ അറിയാമല്ലോ?' സിസ്റ്റര്‍ സ്വര്‍ഗ്ഗ വാതില്‍ അടച്ചു പ്രാര്‍ത്ധിക്കാനായ് ചാപ്പലിലേക്ക് പോയി .


ഞാന്‍ അപ്പോള്‍ ഏട്ടന്‍ ഒരു മിടുമിടുക്കന്‍ ആണെന്ന് തെറ്റിദ്ധരിച്ചു 'ബാലവിജ്ഞാന കോശം ' സമ്മാനിച്ച സിസ്റ്റര്‍ സെലിന്‍ യെ ഓര്‍ത്തു . എന്നെ സര്‍ക്കസ് കാണാന്‍ കൊണ്ടു പോയ സിസ്റ്റര്‍ സേബിയയെ ഓര്‍ത്തു . കര്‍ത്താ വിനറിയാം... കന്യാ സ്ത്രീകള്‍ പലവിധം.



ബക്കറ്റ് ഉം കയറുമായി ഞങ്ങള്‍ കിണറ്റിന്‍ കരയിലേക്ക്. Corporation കനിഞ്ഞു തരുന്ന ക്ലോരിന്‍ വെള്ളം കുടിച്ചേ എനിക്ക് ശീലമുള്ള്. എങ്കിലും ഷീല പാട്ടു പാടി കൊണ്ടു ഈസി ആയി വെള്ളം കോരുന്ന ഒരു ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് സിനിമ ഞാന്‍ കണ്ടിട്ടുണ്ട്. സംഗതി എളുപ്പം. ബക്കറ്റ് കയറില്‍ തു‌ക്കി കിണറ്റിലേക്ക് ഇടുക. പാട്ട് പാടുക. ചിരിച്ചും കളിച്ചും വേലിക്കരികില്‍ നില്ക്കുന്ന നസീറിനെ കണ്ടിട്ടും കാണാത്ത ഭാവത്തില്‍ വെള്ളം കോരുക. അടുത്തിരിക്കുന്ന ബക്കറ്റില്‍ നിറയ്ക്കുക. മൂഡ് കളയണ്ട. ഞാന്‍ ഒരു മൂളി പാട്ട് പാടി. കിണറ്റിലേക്ക് ഒന്നു നോക്കിയതെ ഉള്ളു. എന്റെ ഉള്ളു കാളി. അത് ഒരു അന്തോം കുന്തോം ഇല്ലാത്ത കിണര്‍. ബക്കറ്റ് കിണറ്റിലേക്ക് ഇടുന്നത് സിമ്പിള്‍. പാട്ടുപാടി വെള്ളം വലിക്കാന്‍ നോക്കിയപ്പോഴാണ് സംഗതി പിശകാനെന്നു മനസ്സിലായത്. രണ്ടു മിനിട്ട് നകം ഞാന്‍ കിതയ്ക്കാന്‍ തുടങ്ങി. രണ്ടു ബക്കറ്റ് ഒരു വിധം നിറച്ചു.


എന്റെ അവശ നില കണ്ടു അനിത ' ഇങ്ങു തന്നേരെ' എന്ന് പറഞ്ഞതു മാത്രമെ ഓര്‍മ യുള്ളൂ. പിന്നെ കല്ലിന്റെ പുറത്തു ഇരിക്കുന്ന ഞാന്‍ കാണുന്നത് വിജയ ശ്രീ ലാളിതയായി നില്ക്കുന്ന അനിതയെ. എല്ലാ ബക്കറ്റ് ഇലും വെള്ളം.


'നിക്ക് ,ഇതു ഞാന്‍ മേലെ വെചേച്ചു വരാം'


'ശരി' എന്ന് പറയാനുള്ള ത്രാണി ഇല്ലാത്തത് കൊണ്ടു ഞാന്‍ മിണ്ടാതെ ഇരുന്നു.


വെള്ളം കണ്ടപ്പോള്‍ ആര്‍ട്ട് പടം ജഗതി സിനിമ പോലെ കോമഡി ആയി.ബാക്ക് ഗ്രൌണ്ടില്‍ കോമഡി അടിച്ച് കസറുപ്പോള് ഞാന്‍ എന്റെ മാലാഖ കുപ്പായം ഇട്ടു നക്ഷത്ര വടി മുറുക്കി പിടിച്ചു കിടന്നു ഉറങ്ങി പോയി.


നഗരവാസികള്‍ക്ക്‌ (വരുത്തന്മാര്‍ക്കല്ല) ഒരു ഉപദേശം. ഇടയ്ക്ക് എങ്കിലും ഒരു കിണര്‍ വറ്റിക്കാന്‍ പഠിക്കു . നമുക്കും ഹാപ്പി ആയി ജീവിക്കണ്ടേ?

Friday, April 25, 2008

ശ്വാനപുരാണം

കേരളത്തിന്റെ ഇങ്ങേ അറ്റത്ത് കിടക്കുന്ന ഞാന്‍ അങ്ങേ അറ്റത്ത് കിടക്കുന്ന കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജ് ഇല്‍ ചേരാന്‍ തീരുമാനിച്ചത് എന്റെ സുഹൃത്തുക്കളെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്‌. ആ സമയത്ത് സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളും തുടങ്ങിയിട്ടില്ല. 'തിരുവനന്തപുരത്ത് .... branch കൊണ്ടു നിനക്കു സംതൃപ്തി അടഞ്ഞൂടെ എന്ന അവരുടെ ചോദ്യത്തിനു 'ഹേ , എന്റെ സിരകളില്‍ ഓടുന്നത് ഇലക്ട്രോണിക്സ് രക്തം , എന്റെ ജീവിതാഭിലാഷം തന്നെ ഇലക്ട്രോണിക്സ് എഞ്ചിനീയര്‍ ആവുക എന്നത്, communication ഇല്ല എങ്കില്‍ പിന്നെ എന്ത് ലൈഫ്?..'തുടങ്ങി കുറെ ലോട്ട് ലോടുക്ക് ന്യായങ്ങള്‍ നിരത്തി ഞാന്‍ പെട്ടിയും കിടക്കയും എടുത്തു. എന്റെ പ്രീ ഡിഗ്രി കാലയളവിലെ combine study മാമാങ്കംത്തിന്റെ മധുര സ്മരണകള്‍ കെട്ടടങ്ങാത്തത്കൊണ്ടാവും അമ്മ ' നീ തന്നെ അങ്ങ് തീരുമാനിച്ചാല്‍ മതി' എന്ന നിലപാട് എടുത്തത് . പ്രീ ഡിഗ്രി സമയത്ത് എന്റെ വീട് സദാ ഒരു കല്യാണ വീട് പോലെ തിരക്കില്‍ ആയിരുന്നു. combine study യുടെ പേരില്‍ നടക്കുന്ന തീറ്റ , സിനിമ-ടി വി പരിപാടികളെ കുറിച്ചുള്ള ഗൌരവമേറിയ ബൌദ്ധിക ചര്‍ച്ചകള്‍ .ആകെ ഒരു മേളം .തന്റെ മകളെ പോലെ തന്നെ അവളുടെ കു‌ട്ടുകാരികളെയും സ്നേഹിക്കുക എന്ന് കരുതി ഞങ്ങള്ക്ക് ചോറും കറിയും വിവിധ പലഹാരങ്ങള്‍ ഉണ്ടാക്കി അമ്മയ്ക്ക് ജീവിതം തന്നെ മടുത്ത കാലം. ' നാല് കൊല്ലം എങ്കില്‍ നാല് കൊല്ലം ...മനസമാധാനം കാണുമല്ലോ ' എന്ന് വിച്ചരിചാവും അച്ഛനും അമ്മയും എന്നെ സന്തോഷത്തോടെ ഹോസ്റ്റലില്‍ കൊണ്ടു വിട്ടു.
പ്രീ ഡിഗ്രി കാലത്തിനെകാളും മുന്തിയ ആഘോഷ ങ്ങളുമായി ഹോസ്റ്റല്‍ ഇല്‍ ജീവിതം പൂത്തുലഞ്ഞു . ഹോം സിക്ക്നെസ് ഇന്റെ പേരില്‍ എല്ലാ ശനിയാഴ്ചയും ഞാന്‍ വീട്ടിലേയ്ക്ക്‌ വണ്ടി കയറി.'അമ്മയെ കാണാന്‍ തോന്നി''അച്ഛനെ സ്വപ്നം കണ്ടു' തുടങ്ങിയ എന്റെ പലവിധ നമ്പരുകളില്‍ അച്ഛനും അമ്മയും തലയും കുട്ടി വീണു. എങ്കിലും ഇന്ത്യന്‍ റെയില്‍ വെ യെ ഇങ്ങനെ പരിപോഷിപിക്കണോ? എന്നൊരു സംശയം അവര്‍ക്ക് ബാക്കി നിന്നു.
പരീക്ഷ പോലും ആഘോഷിച്ചു തുടങ്ങിയ കാലത്താണ് ജുലി ഞങ്ങളുടെ ഹോസ്റ്റല്‍ ഇല്‍ ഇടിച്ചു കയറി ആധിപത്യം സ്ഥാപിച്ചത് .ആ നാടന്‍ പട്ടിയുക്ക് ആരാണ് ജുലി എന്ന് പേരിട്ടത് എന്ന് അറിയില്ല.എല്ലാവരും അതിനെ അങ്ങനെ തന്നെ യാണ് വിളിച്ചിരുന്നത്‌ . 'ഇതു എന്റെ ഹോസ്റ്റല്‍ 'എന്ന മട്ടില്‍ ജുലി പെരുമാറാന്‍ തുടങ്ങിയപ്പോള്‍ ആണ് കളി കാര്യമായത്. ഹോസ്റ്റലില്‍ ഒരു ഗ്രൂപ്പ് കളി തന്നെ ആരംഭിച്ചു. അതുവരെ ഇരുമേയി ആണെന്കിലും കരള്‍ ഒന്നായി കഴിഞ്ഞിരുന്ന ഞങ്ങള്‍ മു‌ന്നു ഗ്രൂപ്പ് ആയി തിരിഞ്ഞു. ഒന്നു -'നിന്നെകളും ഒക്കെ എത്ര ഭേദം ഈ പട്ടികള്‍' എന്ന മട്ടിലെ കുറെ ശ്വാന സ്നേഹികള്‍ .രണ്ടു -'ച്ഛെ,പട്ടി ...'എന്ന കുറെ ശ്വാന വിരോധികള്‍. മു‌ന്നു- പട്ടിയെ ദൂരെ നിന്നു സ്നേഹിചോളാം.അടുത്ത് കൂടെ പോകാന്‍ പാടില്ല എന്ന മട്ടില്‍ രണ്ടു ഗ്രൂപിലും തൊട്ടും പിടിച്ചും നില്‍ക്കുന്നവര്‍. ഞാന്‍ മുന്നാം ഗ്രൂപ്പില്‍ അംഗത്വം എടുത്തു.
ജുലി യെ ഹോസ്റ്റലിന്റെ പരിസരത്ത്‌ നിന്നു പുറത്താക്കണം എന്ന് രണ്ടാം ഗ്രൂപുകാരും ഹോസ്റ്റലിന്റെ സ്വന്തം പട്ടി യായി എല്ലാവരും അംഗീകരിക്കണം എന്ന് ഒന്നാം ഗ്രൂപ്പ് കാരും ശക്തമായി വാദിച്ചു കൊണ്ടേ ഇരുന്നു. മു‌ന്നം ഗ്രൂപ്പിലെ മടിചികള്‍ 'ഓ അങ്ങനെ എങ്കില്‍ അങ്ങനെ ഇങ്ങനെ എങ്കില്‍ ഇങ്ങനെ എന്ന നിലപാടെടുത്തു. പക്ഷെ സംഗതികള്‍ വഷളായി കൊണ്ടേ ഇരുന്നു . കോളേജിലേക്ക് എസ്കോര്‍ട്ട് വരാന്‍ ജുലി തീരുമാനിച്ചതാണ് അതിലൊന്ന് . ഞങ്ങള്‍ നാല് പേര് ക്ലാസ്സില്ലെയ്ക്ക് പോകുപ്പോള്‍ ജുലി കൂടെ കൂടി. 'ങാ ..അഞ്ചു പേരും കൂടെ എങ്ങോട്ടാ?' എന്ന വഴിവക്ക് ചോദ്യങ്ങള്‍ കേട്ടില്ല എന്ന് നടിക്കാം. പക്ഷെ ക്ലാസ്സില്‍ ഞങ്ങളുടെ ബെന്ചിന്റെ അടിയിലെ ജുലി കിടക്കു‌ എന്ന് തീരുമാനിച്ചാല്‍ എന്ത് ചെയ്യും? ഞങ്ങള്‍ നാല് പേരില്‍ ഒരാള്‍ ഒന്നാം ഗ്രൂപിലും ഒരാള്‍ രണ്ടാം ഗ്രൂപിലും ഞാന്‍ ഉള്‍പെടുന്ന ബാക്കി രണ്ടു പേര്‍ മുന്നാം ഗ്രൂപിലുംആയിരുന്നു. ജുലി ഈ ഗ്രൂപ്പ് കളി മണത്തു അറിഞ്ഞിട്ടാവും സ്ഥിരം ശ്വാന സ്നേഹി യുടെ കാലിനു അടുത്ത് തന്നെയാവും കിടപ്പ്‌. ടീച്ചര്‍ മാരും സാര്‍ മാരും ജൂലിയെ കണ്ടില്ല എന്ന് നടിച്ചു . ക്ലാസ്സ് പകുതി യാവുമ്പോള്‍ ജുലി ' എന്നെ കണ്ടില്ലേ?' എന്ന് ശ്വാന ഭാഷയില്‍ ഒന്നു ചോദിച്ചു മൂരി നിവര്‍ക്കും. നിവൃത്തിയില്ലാതെ 'ആ പട്ടിയെ ക്ലാസ്സില്‍ കൊണ്ടു വന്നതാരാ ?' യെന്ന ടീച്ചര്‍ ചോദ്യം ഉടനെ വരും. 'ആരായാലും അതിനെ ഇറക്കി വിട്' എന്ന് പിന്നാലെ വരും അടുത്ത നിര്‍ദേശം. രണ്ടാം ഗ്രൂപ്പും മുന്നാം ഗ്രൂപ്പും 'ഞങ്ങള്‍ ഗ്രൂപ്പ് വേറെ' യെന്ന ഭാവത്തില്‍ ഇരിക്കുമ്പോള്‍ ശ്വാന സ്നേഹി എഴുന്നേല്‍ക്കും . 'ശ്..ശ്..ജുലി പോ..' എന്നൊക്കെ പറഞ്ഞു കയ്യും കലാശവും കാട്ടിയാലും ജുലി കണ്ട മട്ടു കാണിക്കില്ല . 'പോ ടീ.. പെണ്ണേ..' എന്നൊരു കുര കുരച്ചു കണ്ണടയ്ക്കും ജുലി. കുറെ അഭ്യാസങ്ങള്‍ക്കും കു‌ട്ട ചിരികള്‍ക്കും ശേഷം സ്ഥിരമായി ഞങ്ങള്‍ ക്ലാസ്സില്‍ നിന്നും ലാബില്‍ നിന്നും ലൈബ്രറിയില്‍ നിന്നും പുറത്താക്കപെട്ടു.
ഏതായാലും എന്നും കോളേജില്‍ പോകുന്നു ഇനി കുറച്ചു പഠിച്ചു കളയാം എന്ന് ജുലി തീരുമാനിച്ചതോടെ മൊത്തമായി ജീവിതം നായ (ജുലി) നക്കി. 'നിങ്ങള്‍ ക്ലാസ്സിലെയുക്ക് പോകു. ഞാനിപ്പോള്‍ വരാം ' എന്നോ മറ്റോ സാര്‍ പറഞാല്‍ ജുലി ഞങ്ങളെ കാള്‍ മുന്പേ ക്ലാസ്സിലെയുക്ക് ഓടുന്നതുവരെയായി കാര്യങ്ങളുടെ കിടപ്പ്‌. സഹി കെട്ടിട്ടാവും ശ്വാനസ്നേഹി ' ഇതേതോ കഴിഞ്ഞ ജന്മം engineering entrance exam പാസ്സാവാതെ ആത്മഹത്യ ചെയ്ത ജന്മമാണ് 'എന്ന് വാത്സല്യത്തോടെ പറഞ്ഞതു.
ഹോസ്റ്റല്‍ -കോളേജ് കറക്കം മടുത്തത്തോടെ ജുലി തന്റെ കറക്കം കുറച്ചു കൂടി വിപുലമാക്കി. ഹോസ്റ്റല്‍ ഇല്‍ നിന്നും ആര് പുറത്ത് പോയാലും കുടെ കൂടും. അവിടെ ഗ്രൂപ്പ് ഭേദമില്ല . രണ്ടു ശ്വാനസ്നേഹികള്‍ക്ക് ഒപ്പം ഞായറാഴ്ച കുര്‍ബനയുക്ക് പോയത്ത്തോടെ അവര്‍ ഗ്രൂപ്പ് മാറി. 'മറ്റു ആരാധകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പട്ടിയുമായി വന്നവര്‍ പള്ളിയുടെ പുറത്ത് പോകണം' എന്ന് അച്ചന്‍ കുര്‍ബനയുക്ക് ഇടയ്ക്കു അനൌണ്‍സ് ചെയ്തപ്പോഴാണ് ഇവര്‍ കാലുമാറിയത്. അങ്ങനെ ഒരു പ്രത്യേക മതസ്നേഹം ഒന്നും ജൂലിയ്ക്ക് ഇല്ല. പലപ്പോഴും അമ്പലത്തിന്റെ വാതിലില്‍ വരെ എത്തി പലരും മടങ്ങി. പട്ടി ലോകത്തെ ഐശ്വര്യ റായ് ആണ് ജുലി എന്ന് ഞങ്ങള്ക്ക് മനസ്സിലായത് ലേശം വൈകി ആണ്. ജുലി പുറത്ത് ഇറങ്ങുംപ്പോള്‍ ഒരു പട ആണ്‍പട്ടികള്‍ പിന്നാലെ കൂടും. ജുലി ആരെയും മൈന്‍ഡ് ചെയ്യാതെ ഗമയില്‍ മുന്നിലും. ഫലം ,എവിടെ പോയാലും ബാഗ്‌, കുട തുടങ്ങിയവയുടെ കുടെ ഞങ്ങള്ക്ക് ഒരു ഡസന്‍ കല്ലുകള്‍ കു‌ടെ കൈയില്‍ കരുതേണ്ടി വന്നു. ബസ്സ് സ്റ്റോപ്പ് വരെ കല്ല് എറിഞ്ഞു എറിഞ്ഞു മുന്നോട്ട്.ബസിലെ കിളിയും ജുലി യും തമ്മില്‍ ഒരു യുദ്ധം നടക്കുമ്പോള്‍ ഞങ്ങള്‍ ഒരു വിധം ബസ്സിനകത്ത് കയറി പറ്റും.പിന്നെ രക്ഷപെട്ടു ...
ജുലിയ്ക്ക് ഒരു ചങ്ങല വാങ്ങി അവളുടെ കറക്കം കുറയ്ക്കണം എന്നൊരു അഭിപ്രായം ആയിടയ്ക്കാണ് ഉണ്ടായത് . ഗ്രൂപ്പ് പ്രതിനിധികള്‍ വീണ്ടും യോഗം കൂടി. എല്ലാവരും അവരവരുടെ നിലപാടില്‍ ഉറച്ചു നിന്നു. ജുലി ഒരു 'ഹോസ്റ്റല്‍ പട്ടി ' അല്ല എന്നും ചങ്ങല വാങ്ങി ഹോസ്റ്റല്‍ ഇന്റെ സ്വന്തം പട്ടി ആക്കാന്‍ ആണ് ഒന്നാം ഗ്രൂപ്പ് ഇന്റെ ശ്രമം എന്നും രണ്ടാം ഗ്രൂപ്പ് ശക്തമായി വാദിച്ചു. 'ഇതിപ്പോള്‍ മോന്‍ ചത്താലും മരുമോളുടെ താലി മുറിഞ്ഞാല്‍ മതി എന്ന്‍ പോലെ ആണ് ' എന്നായി ഒന്നാം ഗ്രൂപ്പ്. കടുത്ത അപമാനങ്ങള്‍ സഹിച്ചു മടുത്ത മുന്നാം ഗ്രൂപ്പ് ഒന്നാം ഗ്രൂപ്പ് ഇന്റെ കൂടെ ചേര്‍ന്നു . 'ഭൂരിഭക്ഷം സിന്ദാബാദ്' എന്ന് മുദ്രാവാക്യം മുഴക്കാന്‍ തുടങ്ങിയപ്പോഴാണ് രണ്ടാം ഗ്രൂപ്പ് തുറുപ്പു ഗുലാന്‍ എടുത്തു വീശിയത്. 'മുസ്ലിം വിഭാഗത്തിനു പട്ടി ഹറാം ആണെന്നും ന്യുനഭക്ഷത്തിനു എതിരായി ഒന്നും ചെയ്യാന്‍ പറ്റില്ല 'എന്നും ഉള്ള അവരുടെ വാദത്തെ മറി കടക്കാനുള്ള ധൈര്യം മറ്റൊരു ഗ്രൂപിനും ഇല്ലായിരുന്നു. അങ്ങനെ ജുലി വീണ്ടും സ്വതന്ത്രയായി മേഞ്ഞു നടന്നു.
final years day യെന്ന കലാശകൊട്ടില്‍ ഞങ്ങള്‍ സ്കിറ്റ് ചെയ്തു തകര്‍ക്കുന്ന സമയം. 'ഇതു വരെ സ്റ്റേജില്‍ ഉണ്ടായിരുന്നത്...' യെന്ന അവസാന ഭാഗത്താണ് ജുലി സ്റ്റേജില്‍ ചാടി കയറിയത്. 'guest appearance ജുലി' എന്ന് പറയാനുള്ള ഔചിത്യം സുഹൃത്ത് കാണിച്ചു എങ്കിലും ഗംഭിര കുവലിനിടയില്‍ അത് മുങ്ങി പോയി..ജുലി സ്റ്റേജ് നു നടുവില്‍ 'ഗസ്റ്റ് ഓ ഞാനോ ' എന്നൊരു കുര കുരച്ചു വാലാട്ടി നിന്നു.
ഓരോത്തരായി പെട്ടിയും കിടക്കയും എടുത്ത് പോയി തുടങ്ങിയപ്പോഴാണ് എന്റെ ജീവിതത്തിലെ കണ്ണൂര്‍ episode തീര്‍ന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞത് . നെഞ്ചത്ത്തടിയും നിലവിളിയും കൊണ്ടു ആകെ ബഹളമയം . ബസ്സ് സ്റൊപ്പിലും റെയില്‍വേ സ്റ്റേഷനിലും കണ്ണീര്‍ പുഴകള്‍ ഒഴുകി. ജുലി ഇതൊന്നും അറിയാതെ ഞങ്ങളുടെ കൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടി. ഹോസ്റ്റല്‍ വിടാരായപ്പോഴെക്കും രണ്ടാം ഗ്രൂപ്പ് മുന്നാം ഗ്രൂപ്പ് ഇല്‍ ലയിച്ചു. ശ്വാനസ്നേഹികള്‍ ജുലി യെ കെട്ടി പിടിച്ചു പൊട്ടി കരഞ്ഞു. ' എന്നെ മറക്കുമോ ജുലി?' എന്ന് തേങ്ങി.

ഇന്നു ജുലി ഈ ലോകത്ത് തന്നെ ഉണ്ടാവാന്‍ സാധ്യതയില്ല. എങ്കിലും കണ്ണൂര്‍ എന്ന് പറയുമ്പോള്‍ കോളേജ് നെയും ഹോസ്റ്റല്‍ നെയും മുത്തപ്പനെയും ഹോസ്റ്റല്‍ ഇലെ അക്കയെയും കടയിലെ അപ്പാപനെയും പോസ്റ്റുമാന്‍ ഭാസ്കരെട്ടനെയും സ്റ്റോര്‍ ഇലെ മുകുന്ദേട്ടന്‍ നെയും ഒക്കെ ഓര്‍ക്കുംപ്പോള്‍ ജുലി യെ മറക്കാന്‍ വയ്യ.' അല്ലെങ്കിലും ഗ്രൂപില്ലാതെ ഞങ്ങളെ ഒക്കെ വല്ലാതെ അങ്ങ് സ്നേഹിച്ച ജുലി യെ ഞങ്ങള്ക്ക് ആര്‍ക്കെങ്കിലും മറക്കാന്‍ പറ്റുമോ?'

Sunday, April 6, 2008

രണ്ടാമത്തെ കുട്ടികളെ ...സംഘടിക്കുവിന്‍

‍'എന്റെ ചേട്ടന്‍ ക്ലാരിനെറ്റ്‌ വായിക്കുന്നു' എണ്ണ പുസ്തകത്തില്‍ ഒരു അനിയത്തി ഉണ്ട് . ചേട്ടന്‍ ലോക പ്രസിദ്ധ ക്ലാരിനെറ്റ്‌ വിദ്വാന്‍ ആകും എന്ന് സ്വപ്നം കാണുന്ന ഒരു അനിയത്തി. ചേട്ടന്‍ മഹാന്‍ആവുമ്പോള്‍ ചേട്ടന്റെ ജീവചരിത്രം എഴുതപെടുമെന്നും അതില്‍ ചേട്ടന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച അനിയത്തി യെന്ന നിലയില്‍ തന്നെ വാനോളം പുകഴ്ത്തും യെന്ന്കരുതി അനിയത്തി എഴുതുന്ന ഡയറി ആണ് കഥയുടെ കാതല്‍ . ചേട്ടന് പാര ആയി തീരുന്ന അനിയത്തി കഥ അവസാനിപ്പിക്കുന്നത് ഇങ്ങനെ.'ഇത്രയും ആയ സ്ഥിതിയ്ക്ക് ചേട്ടന്റെ ജീവചരിത്രം എഴുതുന്നവര്‍ എന്റെ പേരു തീര്‍ച്ചയായും അതില്‍ ഉള്പെടുത്തില്ല എന്നാണ് തോന്നുന്നത് . അതുകൊണ്ട് തന്നെ ഈ ഡയറി സുക്ഷികുന്നതില്‍ ഒരു അര്‍ത്ഥവുംമില്ല എന്ന് ഞാന്‍ കരുതുന്നു' എന്നാണ്.
ആ അനിയത്തിയെ പോലെ എന്റെ കുട്ടിക്കാലത്തെ ഓര്‍മ കളെല്ലാം തന്നെ ഏട്ടനുമായി ബന്ധപെട്ട താണ്. ഞാന്‍ ആദ്യം സ്കൂളില്‍ പോയത് തന്നെ എട്ടനോടോപ്പമാണ്. '...ഇന്റെ അനിയത്തിയല്ലേ?' എന്ന് ചോദിച്ചാണ് ടീച്ചര്‍ എന്നെ സ്വാഗതം ചെയ്തത്. അലറി വിളികുന്നതിനിടയില്‍ ഞാന്‍ അത് അത്ര ശ്രദ്ധിച്ചില്ല എങ്കിലും പിന്നെയാണ് എനിക്കതിനു പിന്നിലെ പാര മനസ്സിലായത്. '...ഇന്റെ അനിയത്തി എന്തിനാ കരയുന്നതു? ഏട്ടനെ പോലെ മിടുക്കനാവണ്ടേ?'''...ഇന്റെ അനിയത്തി പാല് കുടിച്ചോ?''...ഇന്റെ അനിയത്തി പാട്ട് പാടിക്കെ...'ആദ്യമൊന്നും അത്ര കാര്യമാക്കിയില്ല എങ്കിലും ഞാന്‍ എനിക്കൊരു പേരു ഉണ്ടെന്നു തന്നെ മറന്ന കാലമായിരുന്നു അത്.

ഏട്ടന്‍ ആണെങ്ങില്‍ ഒന്നാം ക്ലാസ്സില്‍ വെച്ചേ വലിയ വലിയ കാര്യങ്ങള്‍ പറഞ്ഞും ,കൈയില്‍ കിട്ടുന്ന എന്തും വായിച്ചും ,പ്രസംഗിച്ചുംമഹാനായി വിലസുന്ന സമയം.
. '...ഇന്റെ അനിയത്തി എന്താ ഇങ്ങനെ?' എന്നൊരു പരിഹാസ ചോദ്യം എല്ലാ ടീച്ചര്‍ മാരുടെയും മുഖത്ത്.

'ഞാന്‍ ഒന്നു ജീവിച്ചു പോയ്കോട്ടേ.' എന്ന് ഞാനും.

ഞാന്‍ ഏട്ടനെ പോലെ മഹാത്ഭുതങ്ങള്‍ ഒന്നും കാണിക്കാതെ 'അമ്മയെ കാണണം ' എന്ന് മോങ്ങിയും 'ബി' യും 'ഡി' യും തെറ്റിച്ചു എഴുതിയും നഴ്സറി ആഖോഷിച്ചു കൊണ്ടേ ഇരുന്നു. എങ്കിലും ഈ വകുപ്പില്‍ ഞാന്‍ കുറെ സൌജന്യങ്ങളും പറ്റിയിട്ടുണ്ട്. നാലാം ക്ലാസ്സഉകാരെ മാത്രം സര്‍ക്കസ് കാണാന്‍ കൊണ്ടുപോയപ്പോള്‍ '...ഇന്റെ അനിയത്തി ' യെ കൂടെ കൊണ്ടു പോകാം എന്ന് ടീച്ചര്‍ തീരുമാനിച്ചതാണ് അതിലൊന്ന് . എന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും സര്‍ക്കസ് കാണലും അതാണ്.നാലാം ക്ലാസ്സ് കഴിഞ്ഞു ഏട്ടന്‍ മറ്റൊരു സ്കൂളില്‍ പോയിട്ടും ഞാന്‍ '...ഇന്റെ അനിയത്തി ' യായി തന്നെ തുടര്‍ന്നു.

രണ്ടാമന്മാര്‍ക്ക് പൊതുവായി കിട്ടുന്നത് എന്തൊക്കെ യെന്നു ഞാന്‍ ആലോചിച്ചു തുടങ്ങിയതും അപ്പോഴാണ്.

1. പുത്തന്‍ പോലെ തന്നെ ഇരിക്കുന്നു എന്ന് അവകാശപ്പെട്ടു വെച്ചിരിക്കുന്ന ഏട്ടന്‍ ഷര്‍ട്ട് കുള്‍.

2. 'ഹാ! എന്റെ മോന്റെ ഒരു വൃത്തി കണ്ടില്ലേ, അവന്റെ സുഷ്മത ...' എങ്ങനെയുള്ള കോമ്പ്ലിമെന്റ്സ് ഇന്റെ അകമ്പടിയോടെ കിട്ടുന്ന ചട്ട കീറിയ പാഠപുസ്തകങ്ങള്‍ .

3. പഴയ ബാഗ്‌, പഴയ കുട..... തുടങ്ങി പല വിധ സെക്കന്റ് ഹാന്‍ഡ് സാധനങ്ങള്‍ .

ഇതൊക്കെ ഞാന്‍ ഉറക്കെ ചിന്തിച്ചും പിറു പിറുത്തും നടക്കുമ്പോള്‍ ഏട്ടന്‍ ഒന്നു കൂടി ചിരിച്ചു.'ഒന്നു നീ വിട്ടു പോയി അശ്വതി... പാന്റ്സ് നു ഷര്‍ട്ട് എടുക്കുന്ന പോലത്തെ നിന്റെ പേരു. '

ശരിയാണ് . കഥ ഇങ്ങനെ . ഏട്ടന്റെ പേരിനു വേണ്ടി അച്ഛനും അമ്മയും ഒരുപാടു ആലോചിച്ചു കഷ്ടപെട്ടു എന്നത് ചരിത്രം . മാറ്റിയും മറിച്ചും ചിന്തിച്ചു തല പുകച്ചു തര്‍ക്കങ്ങള്‍ ഒക്കെ കഴിഞ്ഞു അവര്‍ ഒന്നു കണ്ടുപിടിച്ചു. സന്തോഷിച്ചു .

'നിന്റെ നൂലുകെട്ടിന്റെ അന്നാണ് പേരിനെ കുറിച്ചു ആലോചിച്ചത്‌ തന്നെ . അപ്പോള്‍ അച്ഛന്‍ 'ഓ നമ്മുടെ പൊന്നു മോന്റെ പേരിന്റെ ഏത് എങ്കിലും ഒരു അക്ഷരം മാറ്റി ഇതിന് ഇട്ടേ രേ' എന്ന് പറഞ്ഞു' ഏട്ടന്‍ വില്ലന്‍ ചിരിയുമായി വീണ്ടും.

എന്തൊരു അപമാനം.ഏതായാലും ഞാന്‍ തോറ്റു പിന്മാറില്ല എന്ന് തീരുമാനിച്ചു. ഞാന്‍ ഉണ്ണി ആര്‍ച്ച ആയി.സത്യാവസ്ഥ അറിഞിട്ടു തന്നെ ബാക്കി കാര്യം. CBI ഡയറി കുറുപിലെ മമ്മുട്ടി യെ പോലെ ഞാന്‍ കുകുമ്മ കുറി ഇട്ടു, കൈ പുറകെ കെട്ടി അമ്മയുടെ അടുത്ത് എത്തി .

ഞാന്‍ ഒരു ബുദ്ധി രാക്ഷസിയാണല്ലോ.അതുകൊണ്ട് നേരിട്ടുള്ള ചോദ്യം ഒഴിവാക്കി. ഒരു ആമുഖ ചോദ്യം ആവട്ടെ.'അമ്മേ ,കുഞ്ഞിലേ ഞാന്‍ എങ്ങനെ ആയിരുന്നു?'ഞാന്‍ ഒരു നിഷ്കളങ്ക ചോദ്യം ചോദിച്ചു.

'ഓ നീ ജനിച്ചത് തന്നെ ഞാന്‍ അറിഞ്ഞിട്ടില്ല.മോന്‍ അപ്പോഴും വാശിയും ബഹളവും കരച്ചിലും ഒക്കെ തന്നെ.നീ മിണ്ടാതെ എവിടെയെങ്കിലും കിടന്നോളും .വിശക്കുമ്പോള്‍ മാത്രം കരയും. എന്തെങ്കിലും കഴിച്ചാല്‍ പിന്നെ മിണ്ടാതെ കിടന്നോളും.'

മതിയായി..തൃപ്തിയായി ...ഇനി ഒരു ചോദ്യങ്ങളുടെയും ആവശ്യമില്ല. എല്ലാം മനസിലായി. ഞാന്‍ തൊട്ടിലില്‍ കിടന്നു അലറി കരഞ്ഞാലെ ഇവരൊക്കെ എന്നെ മൈന്‍ഡ് ചെയ്തിരുന്നുള്ള് എന്ന് ചുരുക്കം.

' എനിക്ക് ഓര്‍മയുണ്ട്‌.നിന്റെ lactogen വെറുതെ തിന്നാന്‍ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അമ്മ ഞാന്‍ lactogen കഴിക്കാതിരിക്കാന്‍ പരസ്യ ത്തിലെ കുട്ടിയെ പോലെ മുടി ഒക്കെ കൊഴിഞ്ഞു പോകും എന്നൊക്കെ പറഞ്ഞിട്ടും ഞാന്‍ അതെടുത്ത് കഴിക്കുമായിരുന്നു.' എന്തൊരു മിടുക്കന്‍ ആണ് ഞാന്‍ എന്നൊരു ഭാവം ഏട്ടന്റെ മുഖത്ത്.

ഈശ്വരാ ഞാന്‍ എങ്ങനെ ഒക്കെയോ കഷ്ടി മുഷ്ടി ഇത്രയും വലുതായ താന്നെന്നു എനിക്കപ്പോ മനസിലായി .

ഇനി പറയു‌....

'രണ്ടാമത്തെ കുട്ടിയുടെ അവസ്ഥ ഇതാണ് എങ്കില്‍ മു‌ന്നാമത്തെ കുട്ടിയുടെ അവസ്ഥ എന്തായിരിക്കും????'



Tuesday, April 1, 2008

കാരണവര്‍

എല്ലാ കുട്ടികളെയും പോലെ വലിയ ഒരു കരച്ചിലിന്റെ അകന്പടിയോടെ ആണ് ഉണ്ണി ക്കുട്ടന്‍ ഞങ്ങള്ക്ക് ഇടയില്‍ വന്നത് .വര്‍ഷങ്ങള്‍ക്ക് ശേഷം പരിപാലിക്കാന്‍ കിട്ടുന്ന കുട്ടി എന്നത് കൊണ്ടു തന്നെ അന്തം വിട്ടു നില്‍കുന്ന എന്റെ അച്ഛനും അമ്മയും. ജനിച്ചു വീഴുന്ന കുട്ടിയുടെ അത്രയും നിസഹായനായ മറ്റൊരു വ്യക്തി ഇല്ല എന്ന് അന്നാണ് എനിക്ക് മനസില്ലായത്.
'എന്തിനായിരിക്കും കുട്ടി ഇത്രയും കരയുന്നത് ?' എന്നൊരു സഭ കൂടി ആലോചിച്ചു.
'വിശപ്പ്‌ തന്നെ ...' അമ്മ ഉറപ്പിച്ചു.
'മാര്‍ച്ച് മാസം അല്ലെ,ചൂടായിരിക്കും ' അച്ഛന്റെ വക.
'വയറുവേദന ആകാം' കുട്ടിയുടെ ഡോക്ടര്‍ അച്ഛന്റെ അഭിപ്രായം.
'എനിക്കൊന്നും അറിയില്ല ' എന്നൊരു വളളത്തീലും തൊടാതെ നിന്നു ഞാന്‍.
പാല്‍ പ്പൊടി വാങ്ങാന്‍ അമ്മ അച്ഛനെ ഏല്‍പ്പിച്ചു . പാല്‍ പൊടി വാങ്ങി വരുന്ന വഴി ഒരു ടേബിള്‍ ഫാന്‍ കൂടി വാങ്ങി അച്ഛന്‍.ഉണ്ണി കുട്ടന്റെ അച്ഛന്‍ ഉണ്ണികൃഷ്ണന്‍ സ്കാന്‍ ചെയ്യാന്‍ ഒരു ഡേറ്റ് ബുക്ക് ചെയ്തു.

'എല്ലാം എന്റെ പുറത്ത് തന്നെ വേണോ?' നിസഹായനായി ഉണ്ണി കുട്ടന്‍ എന്നെ നോക്കി.
പാല്‍ പൊടി പാല്‍ തുപ്പി കളഞ്ഞും ടേബിള്‍ ഫാന്‍ നിനെ നോക്കി വിറച്ചു കാണിച്ചും ഉണ്ണി കുട്ടന്‍ അപ്പുപ്പനെയും അമ്മുംമയെയും കളത്തിനു പുറത്താക്കി. തന്റെ ഒരേ ഒരു ആയുധം ആയ അലറി കരച്ചില്‍ പുറത്തെടുത്തു സ്കാന്‍ ചെയാന്‍ വന്ന ഡോക്ടര്‍ രെ വിരട്ടി. ചുരുക്കത്തില്‍ എല്ലാവരും ആയുധം വെച്ചു കീഴടങ്ങി. വിജയ ശ്രീ ലാളിതനായി ഉണ്ണി കുട്ടന്‍ തന്റെ കരച്ചില്‍ തുടര്‍ന്നു കൊണ്ടേ ഇരുന്നു.
കരഞ്ഞു കരഞ്ഞു മുന്ന് മാസം പ്രായം ആയപ്പോഴേക്കും എല്ലാവരും തളര്‍ന്നു എന്ന് ബോധ്യം വന്നപ്പോള്‍ 'ഇനി ഒന്നു ചിരിക്കാം ' എന്ന് ഒരു തീരു മാനം എടുത്തു ഉണ്ണി കുട്ടന്‍.
പിന്നെ എല്ലാം പെട്ടെന്നായി. 'കമരാം' 'നില്‍ക്കാം' 'നടക്കാം' 'സാം സാരിക്കാം ' എന്നൊക്കെ പെട്ടന്ന് പെട്ടന്നു തീരുമാനിച്ചു ഉണ്ണി കുട്ടന്‍ വീട്ടിലെ കാരണവരായത് അങ്ങനെ ആണ്.
അമ്മുമ്മ യുടെ പത്രം വായനയ്ക്ക് ഒപ്പം കുടി സുനാമി യെ കുറിച്ചു ഓര്‍ത്തു നെടുവീര്‍പിട്ടു ,കല്പന ചൌള യുടെ ഫോട്ടോ വെട്ടി പുസ്തകത്തില്‍ ഒട്ടിച്ചു, ഓ എന്‍ വി കവിത ചൊല്ലി, കല്യാണ സൌ ഗന്റികം പാടി അഭിനയിച്ചു ,.....
'പെട്രോള്‍ ഇന് വില കുടിയിട്ടും എന്നും കാര്‍ എടുക്കുന്നോ?' eന്ന ചോദ്യത്തില്‍ നിന്നും രക്ഷപെടാന്‍ ഞാന്‍ എന്നും ബസില്‍ ആകി യാത്ര.
'എന്നും സന്ധ്യ യ്ക്ക് വരുന്ന അമ്മ സന്ധ്യാ ദേവി ആണോ?' എന്ന് സംശയം ഉണ്ണി കുട്ടന് .
കാരണവറായി വിലസുന്ന ഈ ഉണ്ണി കുട്ടന്‍ തന്നെ ആണോ നിസഹായനായി അലറി കരഞ്ഞ കുഞ്ഞു ഉണ്ണി കുട്ടന്‍?
പക്ഷെ എപ്പോള്‍ ഞാന്‍ ചിന്തി ക്കുന്നത് മറ്റൊന്നാണ്‌ 'എന്നാണ് ഞാനും ഉണ്ണി കുട്ടന്റെ അത്രയും
വലുതാവുക? '